Thursday, May 1, 2008

എന്റെ ഗുരുദക്ഷിണ!!











“ ‘മ്മ’ എന്നെഴുതണതെങ്ങനാടാ?” അംഗന്‍‌വാടിയിലെ അഭ്യാസം കഴിഞ്ഞ് വീട്ടിലെത്തിയപാടെ അമ്മേടെ ചോദ്യം!

അന്നങ്ങോട്ട് ആ വാക്ക് പഠിച്ചതേ ഉള്ളൂ.അതുകൊണ്ട് എനിക്കതിനെക്കുറിച്ച് ഉറപ്പുള്ള ഉത്തരമുണ്ടായിരുന്നു“അതേ..'അ'യിട്ട് 'മ'യിട്ട് 'മ'യിടണം!”

"എഴുതിക്കാണിക്ക്..”

“ദേ നോക്കിക്കോ..അ..മ..മ...”അമ്മ ചിരിച്ചു!

“വേറൊന്തോ അറിയാം?”

“ങാ...ആനേന്നെഴുതാന്‍ പടിച്ചു!”

“നോക്കട്ടേ..എഴുത്”

“ അ..ാ..ന” അമ്മേടെ രണ്ട് വിരലുകള്‍ അന്ന് സ്നേഹാത്തോടെ എന്റെ നാലുവര്‍ഷം മൂപ്പെത്തിയ ചെവീടെ അളവെടുത്തു.ഒരു പൊന്നീച്ച എവിടുന്നോവന്ന് ചെവീടെ മേലെയിരുന്നിട്ട് പോവുമ്പോലെ കണ്ണിനുതോന്നി!

അമ്മയുടെ ഈ ചെവിക്കുപിടിത്തം എനിക്കുമാത്രമേ പുതുമയാവൂ.അതിനും പത്തുവര്‍ഷം മുന്‍പ് തന്നെ തൊട്ടടുത്ത സര്‍ക്കാര്‍ എല്‍.പി.സ്കൂളിലെ പിള്ളാരുടെ ചെവിയില്‍ ലീലടീച്ചര്‍ ഈ അഭ്യാസം തുടങ്ങിയിരുന്നു.കുറേപ്പേര്‍ നന്നായിക്കാണും.കുറേപ്പേര്‍ വേദനിച്ച് പ്രാകി വീട്ടില്‍പ്പോയി “ഇനി എനിക്ക് കണക്ക് പഠിക്കണ്ടായേ”ന്ന് അപ്പനമ്മമാരോട് പരാതിപറഞ്ഞുകാണും!

അങ്ങനെ പരാതിപറയാന്‍ മുട്ടിയിട്ടും പറ്റാതെ,പറഞ്ഞാല്‍ ഇനിയും കിട്ടുമെന്നുറപ്പുള്ള രണ്ടുപിഞ്ചുഹൃദയങ്ങള്‍ നാല്,രണ്ട് ക്ലാസുകളില്‍ നിന്ന് എന്നും വൈകിട്ട് എന്റെ വീട്ടില്‍തന്നെ വന്നുകയറി ഉരുകിജീവിക്കുന്നുണ്ടായിരുന്നു!

വീട്ടില്‍ വന്ന് ചേച്ചിമാര്‍ രണ്ടാളും സ്കൂള്‍ വിശേഷങ്ങള്‍ പറയുമ്പോ ഞാന്‍ “യ്യോ..എനിച്ചും സൂളീവരണം”എന്ന് കരഞ്ഞുപറയും. “അയ്യോ..അതിനൊക്കെ നാലഞ്ചുവയസാവണം കുട്ടാ”എന്ന് പറഞ്ഞ് അവര്‍ വല്യപുള്ളികളാവും.

“ചേച്ചീ..ഈ ‘ഹോ ഹോ ഹോ’ എന്നുപറഞ്ഞാ ഇം‌ഗ്ലീഷിലെ നാലുമണിയായെന്നാണോ?”കൂട്ടത്തില്‍ വെറും രണ്ടാം ക്ലാസുകാരിയായ രണ്ടാം നമ്പരിന്റെ ജിജ്ഞാസ അണപൊട്ടി.

“അതെന്താടീ അങ്ങനെചോദിച്ചത്?”സര്‍വജ്ഞപീഠത്തിലോട്ട് ലാസ്റ്റ് എക്സാമെഴുതീട്ട് റിസള്‍ട്ട് കാത്തിരുന്ന മൂത്തവള്‍ക്ക് ആ ചോദ്യത്തിന്റെ ഉള്ളിലിരുപ്പ് പിടികിട്ടിയില്ല!

“അല്ല,ഇന്ന് നാലുമണിക്ക് ഉണ്ണിത്താന്‍ സാറ് നിങ്ങളെ മരത്തിന്റെ താഴെയിരുത്തി ‘ഹോ ഹോ ഹോ’എന്നുറക്കെപ്പറയിപ്പിക്കണതുകേട്ടല്ലൊ?! അപ്പോ ഞങ്ങടെ സാറുപറഞ്ഞു..നാലുമണിയായെന്നുപറയുവാണെന്ന്!”

ഉണ്ണിത്താന്‍ സാറ് അവിടുത്തെ ‘വ്യത്യസ്തനാമൊരു’ സാറായിരുന്നു.വാകമരത്തിന്റെ മൂട്ടിലിരുത്തി ക്ലാസെടുക്കും,സ്കൂളിലെ കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.ഐ.ജി.വരെയുള്ള ചുമതലകള്‍ നോക്കും,അസംബ്ലിക്കിടയില്‍ താമസിച്ചുവരുന്നവന്റെ ആസനത്തില്‍ ചൂരക്കഷായം വക്കും...അങ്ങനെ ഒട്ടേറെ ചുമതലകള്‍ക്കിടയില്‍ ലതും സംഭവിച്ചു... “ഹോ..ഹോ...ഹോ..”

ഉണ്ണിത്താന്‍ സാറിനോട് പിള്ളാര്‍ക്ക് വേറെയും ചില വ്യക്തിവൈരാഗ്യങ്ങളുണ്ട്!

വിശന്നിരിക്കുന്നവന്റെ മുന്നില്‍ ഉച്ചക്കഞ്ഞി(അതിങ്ങനെ അമേരിക്കന്‍ സാമ്രാജ്യത്വശക്തികളുടെ ഇടപെടല്‍ മൂലം മഞ്ഞപ്പൊടിയായോ,സര്‍ക്കാരിന്റെ വരുമാനത്തിനനുസരിച്ച് ഗോതമ്പുപുഴുക്കായോ വിശേഷാവസരങ്ങളില്‍ കഞ്ഞിയും കൂട്ടുകറിയുമായോ കാലികമായ മാറ്റങ്ങള്‍ക്ക് വിധേയമാകാറുണ്ട്;എങ്കിലും പൊതുവേ ഉച്ചക്കഞ്ഞി!) വിളമ്പിവച്ചിട്ട് “ആരും കഴിക്കരുത്”എന്ന് ചൂരലുകാട്ടി ആജ്ഞാപിക്കും.സ്കൂള്‍ വരാന്തയിലങ്ങോളമിങ്ങോളം കരിഞ്ഞവയറുകള്‍ വിതുമ്പും!ഇടക്ക് ഏവനെങ്കിലുമൊരുത്തന്‍ ചുമ്മാ ഒരാശ്വാസത്തിന് ഒരുമണിചോറ് സ്വന്തം പാത്രത്തീന്ന് അടിച്ചുമാറ്റി(നോക്കണേ ഗതികേട്) സാററിയാതെ വായിലോട്ടെറിയും.ഇതുകണ്ട് ഏതെങ്കിലുമൊരു കരിങ്കാലി വിശപ്പുമൂത്ത് അസൂയമൂത്ത് വിളിച്ചുപറയും.. “സാറേ..ലോ ലവന്‍ തിന്നണ്!”

പിന്നെ അവന് സാറിന്റെ വക ഫ്രീ ഉപദേശം കിട്ടും!

എല്ലാപാത്രങ്ങളിലും കഞ്ഞിവീണ് കിലുക്കങ്ങള്‍ നിന്നെന്ന് ഉറപ്പുവരുത്തിയിട്ട് വരാന്തയുടെ ഒരറ്റത്തുചെന്ന് ഉണ്ണിത്താന്‍ സാര്‍ നിവര്‍ന്നുനില്‍ക്കും.ഉടഞ്ഞുലഞ്ഞ വെള്ളയുടുപ്പിന്റെ കൈകള്‍ രണ്ടും മുട്ടിനുമേലേക്ക് ചുരുട്ടിവച്ചിട്ടുണ്ടാവും.ചുരുട്ടുന്നതിനിടക്ക് അറിയാതെ കൂടെചുരുണ്ടുകയറിയതുപോലെ ഒരു മുഷിഞ്ഞ തൂവാ‍ല ഞാന്നുകിടക്കും.ചിലപ്പോള്‍ ഈ തൂവാലയുടെ ലൊക്കേഷന്‍ കഴുത്തിനുപിന്നിലെ അതിസ്വേദമേഖലയിലേക്ക് മാറി കോളര്‍വിരുദ്ധപ്രക്ഷോഭം നടത്തി കറുത്തുകിടക്കുകയായിരിക്കും. ബാര്‍ബര്‍മാരോടെന്തോ ദേഷ്യമുള്ളതുപോലെ ആഴ്ചയിലൊരിക്കല്‍ വടിക്കുന്നതാടിയിലെ കുറ്റിരോമങ്ങള്‍!കണ്ടാല്‍ പെന്‍ഷനായിക്കഴിഞ്ഞ് ജോലിക്കുകയറിയതാണോ എന്ന് സംശയം തോന്നാം!മറ്റേ അറ്റത്ത് കഞ്ഞിപ്പാത്രത്തിന്റെ അകത്ത് മനസ്സെറിഞ്ഞ് ആക്രാന്തം മൂത്തുനിക്കുന്നവന്‍ അപ്പോ സാറിന്റെ തോളില്‍ക്കൂടി ഒളിഞ്ഞുനോക്കുന്ന ചൂരലിലേക്ക് നിരാശയോടെ നോക്കും!സാറാ ഡയലോഗിപ്പോ പറയും...എല്ലാ കണ്ണുകളും വയറുകളും ഉദ്വേഗപൂര്‍വം സാറിനെനോക്കും.സാറേ...പറയ് സാറേന്ന് ഓരോ പിഞ്ചുമനസ്സും കേഴും!മിഥുനത്തിലെ ജഗതിയണ്ണന്‍ ഗതിമുട്ടി മന്ത്രവാദീടെ കയ്യീന്ന് തേങ്ങാ പിടിച്ചുവാങ്ങി ഉടച്ചപോലൊരു ലാ ലത് ഫീലുചെയ്യും!

“എല്ലാര്‍ക്കും കിട്ടിയാ....?!”ഉറക്കെ സാറിന്റെ ഡയലോഗ്.

“കിട്ടീ....!!!” വിശപ്പിന്റെ കോറസ്!!

“എന്നാലിനി കഴിച്ചോളിന്‍..”പിന്നെ ആ കഞ്ഞിതീരാന്‍ ഈ വിളമ്പിയ സമയമ്പോലും വേണ്ട.

അപ്പോ പറഞ്ഞുവന്നത് നാലുമണിക്ക് എന്റെ രണ്ടാമത്തെ ചേച്ചി, മൂത്തചേച്ചീടെ ക്ലാസീന്ന് ഓസിനുപഠിച്ച ഇം‌ഗ്ലീഷ്!

‘ഹോ..ഹോ..ഹോ..”

“അതെന്തിനാടീ നാലുമണിയാവുമ്പോ നിങ്ങളെല്ലാം ഹോ..ഹോ..ഹോ..ന്നു കൂവുന്നത്?”വഴിയേ പോയ അമ്മക്കും അത് മനസ്സിലായില്ല!
നാലാം ക്ലാസുകാരി ഇല്ലാത്ത കോളര്‍ വലിച്ചിട്ട് ഗമയില്‍ പറഞ്ഞു; “അയ്യോ..അത് ഞങ്ങളെല്ലാംകൂടി ‘ഫോ..ര്‍...ഓ..ക്ലോക്ക്!!” എന്നുപറഞ്ഞതായിരിക്കും ഇവള്‍ ഹോ ഹോ ഹോന്നുകേട്ടത്!”

“ഓഹോ”അമ്മ പോയി!

കാലം എന്നെപ്പിടിച്ച് ഉണ്ണിത്താന്‍ സാറിന്റേയും ഭാര്യ ജാനമ്മടീച്ചറിന്റേയും സ്വയം‌പ്രഭടീച്ചറിന്റേയും സരസമ്മടീച്ചറിന്റേയും പ്രസന്ന ടീച്ചറിന്റേയും നെള്‍സന്‍ സാറിന്റേയും ഭാസിസാറിന്റേയും വര്‍മ്മസാറിന്റേയും സുകുമാരപിള്ളസാറിന്റേയും എന്റെ അമ്മടീച്ചറിന്റേയും ക്ലാസുകളില്‍ മാറ്റിമാറ്റി ഇരുത്തി പീഢിപ്പിച്ചു!

എങ്കിലും ഉണ്ണിത്താന്‍ സാര്‍ നേരത്തേപറഞ്ഞപോലെ ‘വ്യത്യസ്തനാമൊരു’സാറായി തുടര്‍ന്നു.

ഞാന്‍ മൂന്നാം ക്ലാസുവരെ എത്തുമ്പോഴേക്ക് ഇപ്പോ പ്ലസ് ടൂക്കാരനും പണ്ട് പത്താം ക്ലാസുകാരനും കോളേജുജീവിതം സ്വപ്നം കാണുമ്പോലെ ഞങ്ങള്‍ ഹൈസ്കൂള്‍ ജീവിതം സ്വപ്നം കണ്ടുതുടങ്ങിയിരുന്നു.അതാവുമ്പോ ഒന്നര കിലോമീറ്റര്‍ അപ്പുറത്തുള്ള ഹൈസ്കൂള്‍ വരെ വലിയ റോഡുവഴിനടക്കാം.മൂന്നുവര്‍ഷമായി സ്ഥിരം നടന്നുനടന്ന് ഇപ്പോഴത്തെവഴിയരുകിലെ കൈതമുള്ളുകള്‍ക്കും മാവുകള്‍ക്ക് ചോട്ടിലെ വീട്ടുകാര്‍ക്കും(അല്ല,അവര്‍ക്കാണല്ലോ കല്ലേറുകൊണ്ട് കിടക്കപ്പൊറുതിയില്ലാത്തത്!) നായ്,പൂച്ച തുടങ്ങി പക്ഷിമൃഗാദികള്‍ക്കും മഷിത്തണ്ട്, വട്ടത്താമര,സ്ലേറ്റുത്താമര തുടങ്ങി സസ്യജാലങ്ങള്‍ക്കും വരെ ഞങ്ങളെക്കണ്ട് ബോറഡിച്ചുതുടങ്ങിയിരുന്നു.ഒരുകൊല്ലം കഴിഞ്ഞാല്‍ എറിയാന്‍ പുതിയ പട്ടികള്‍,പുത്തന്‍ മാവുകള്‍(കലിപ്പള്ളികളേ ഷെമി...ഞാനും ഒരു മാവേലെറിഞ്ഞുപോയി!)...പേരുകൊത്താന്‍ പുതിയ കൈതമുള്ളുകള്‍...

സ്വപ്നങ്ങളങ്ങനെ പൂവും കായുമിട്ടുനില്‍ക്കുമ്പോഴാണാ ഹൃദയഭേദകമായ കാര്യം നടപ്പിലാവുന്നത്!

സാക്ഷാല്‍ ശ്രീമാന്‍ ഉണ്ണിത്താന്‍ സാര്‍ പുതിയൊരാശയവുമായി പടക്കിറങ്ങി വിജയിച്ചുവന്നിരിക്കുന്നു!! സ്ഥലത്തെ പ്രധാന ജന്മികളേയും,അമ്പലക്കമ്മറ്റികളില്‍ മാത്രം വികസനം നടത്തിയിരുന്ന കോണ്‍ഗ്രസുകാരെയും എവിടെ കയറ്റിറക്കുണ്ടോ അവിടെ ഞങ്ങളുമുണ്ടെന്നുപറഞ്ഞിരുന്ന സഖാക്കളേയും, ഒരുകയ്യിലെ വിരലുകള്‍ കൊണ്ട് എണ്ണാവുന്നത്രേം ബി.ജെ.പി.ക്കാരെയും സംഘടിപ്പിച്ച്... എമ്മെല്ലേ,എമ്പീ എന്നുവേണ്ട അങ്ങേയറ്റം എയീഓയെവരെ സ്വാധീനിച്ച്...അതേ സ്കൂളിലെ ഉച്ചക്കഞ്ഞികുടിച്ചുവളര്‍ന്ന് വിദേശത്തുപോയി ബിരിയാണികഴിക്കാന്‍ പ്രാപ്തിയായവരെയൊക്കെ പിരിച്ച്... സാര്‍ വിജയിച്ചുവന്നിരിക്കുന്നു! ഒറ്റവരിഷെഡുള്ള സ്കൂളിന് മൂന്ന് ക്ലാസുകളും കൂടി കൂട്ടിനല്‍കി യു.പി.എസ് (ഐ.പി.എസ്.,ഐ.എ.എസ്. എന്നൊക്കെപ്പറയുമ്പോലെ!)പദവി നല്‍കി സര്‍ക്കാര്‍ അനുഗ്രഹിച്ചിരിക്കുന്നു.സാറിന് നാട്ടുകാരുടെ വക അഭിനന്ദനങ്ങള്‍!!

പണ്ട്..1962-ല്‍ ആലിന്തറ സ്കൂളിന് ഒരു ദുരന്തം സംഭവിച്ചിരുന്നു.അപ്രതീക്ഷിതമായി വീശിയടിച്ച ഒരു കൊടുങ്കാറ്റില്‍ തെക്കുവടക്കായി നീണ്ടുകിടന്ന സ്കൂള്‍ കെട്ടിടം പിഞ്ചുകുഞ്ഞുങ്ങളുടെ മുകളിലേക്ക് തകര്‍ന്നുവീണു.രണ്ടു കുട്ടികള്‍ മരിക്കുകയും ഒട്ടേറെ കുഞ്ഞുങ്ങള്‍ക്ക് സാരമോ നിസാരമോ ആയ പരിക്കുപറ്റുകയും ചെയ്തു.അന്ന് ഉണ്ണിത്താന്‍ സാറെന്ന ഉത്തമപൌരന്റെ സേവനം അവിടെ ലഭിച്ചുതുടങ്ങിയിരുന്നില്ല.എല്ലാ കാറ്റുകളും കെട്ടടങ്ങിയിട്ടും ഗ്രാമത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന് ദുരിതബാധിതമായ സ്കൂള്‍ മന്ദിരം മണ്‍കട്ടകളായി നിരന്നുകിടന്നു.അപ്പോള്‍ സ്ഥലത്തെ പ്രധാനപ്രമാണികളിലൊരാള്‍, സ്കൂളിന്റെ തൊട്ടടുത്ത തറവാടായ ‘മുളമൂട്ടില്‍’ വീടിന്റെ കാരണവര്‍ അദ്ദേഹത്തിന്റെ സന്മനസ്സ് തുറന്നുവച്ചു.പുതിയകെട്ടിടം വരും വരെ ആ തറവാടിന്റെ വരാന്തയിലായിരുന്നു ‘സര്‍ക്കാര്‍ സ്കൂളിന്റെ’ പ്രവര്‍ത്തനം! പുതിയ കെട്ടിടം വന്നപ്പോള്‍ ‘മുളമൂട്ടില്‍ സ്കൂള്‍’എന്ന അലിഖിതനാമം നല്‍കി ജനം ആ തറവാടിനെ സ്മരിച്ചു!!

ടി തറവാട്ടിലെ സുന്ദരിയും സുശീലയും സര്‍വോപരി അദ്ധ്യാപികയുമായ ജാനമ്മയെക്കെട്ടി സകുടുംബം സ്കൂള്‍ ഏറ്റെടുത്തയാളാണ് ഇപ്പോ അപ്ഗ്രേഡേഷനുവേണ്ടി ചോരനീരാക്കുന്നത്!സാറിന് വീടും സ്കൂളും പാലിലെ വെള്ളം പോലെയോ ബ്ലോഗിനു ബ്ലോഗര്‍ പോലെയോ അഭേദ്യപൂരകങ്ങളായിക്കഴിഞ്ഞിരുന്നു!!

സ്കൂള്‍ മുറ്റത്തെ വാകമരം ഒരുവട്ടംകൂടി പൂകൊഴിച്ച് ഉണങ്ങി.
അതിന്റെ തൊട്ടടുത്തുണ്ടായിരുന്ന കശുവണ്ടിത്തോപ്പും അതുകടന്നാലെത്തുന്ന രണ്ടുപാടങ്ങളും സ്കൂളിനുവേണ്ടി വാങ്ങി.വയല്‍ നികത്തി കളിസ്ഥലമാക്കി(നികത്താം...സ്കൂളിനുവേണ്ടിയൊക്കെയാവുമ്പോ ആരും ക്ഷമിക്കും!).
വാകയുടെ അരികത്തുനിന്ന കുറച്ചുമരങ്ങള്‍ മുറിച്ച് വെടിപ്പാക്കി അവിടെ പുതിയ കെട്ടിടം വന്നു.
ഞങ്ങള്‍ക്ക് അതൊരു ഇരുട്ടടിയായിരുന്നു.പലരും സ്കൂളിന്റെയും അദ്ധ്യാപകരുടേയും കുറ്റങ്ങള്‍ പെരുപ്പിച്ച് പറഞ്ഞ് മാതാപിതാക്കളെ വശീകരിച്ച് സ്കൂള്‍ മാറാനുള്ള ശ്രമം തുടങ്ങി.എനിക്കാണെങ്കില്‍ അതിനൊരു സ്കോപ്പുമില്ല!!

പുതിയകെട്ടിടത്തോടെ മൂന്നുക്ലാസുകളും ഉല്‍ഘാടനം ചെയ്യാന്‍ രാഷ്ട്രീയക്കാരനെത്തുമ്പോഴേക്ക് അരാഷ്ട്രീയവാദിയായ ഉണ്ണിത്താന്‍ സാര്‍ സ്ഥാനക്കയറ്റത്തോടെ വേറൊരു സ്കൂളിലേക്ക് മാറ്റപ്പെട്ടിരുന്നു.സാറതില്‍ വിഷമിച്ചിരുന്നോ എന്ന് ചോദിച്ചറിയേണ്ടകാര്യമില്ലല്ലോ!

അങ്ങനെ സ്കൂള്‍ വലുതായിക്കൊണ്ടിരിക്കുന്തോറും ഞാന്‍ ഉടനേ വേറൊരു സ്കൂളെന്ന മോഹം വച്ചുകെട്ടി.പിന്നെ ആ‍കെയുണ്ടായിരുന്ന ഒരു സമാധാനം കൂട്ടത്തിലുണ്ടായിരുന്ന എല്ലാവന്റേം അപ്പന്മാര്‍ ശുദ്ധപിന്തിരിപ്പന്മാരും മക്കള്‍ ഉയര്‍ന്നതരത്തില്‍ പോകണമെന്ന് ചിന്തിക്കാത്തവരും ആയിരുന്നു എന്നതാണ്!അതുകൊണ്ട് ഒട്ടുമിക്കതിനേം അഞ്ചാംതരത്തില്‍ മിസ് ആയില്ല!

സ്കൂള്‍ സര്‍ക്കാര്‍ കണക്കില്‍ തന്റേതല്ലെങ്കിലും അതിനെ അവികസിതമായി കൈവിട്ടുകളയാന്‍ സാര്‍ ഒരുക്കമല്ലായിരുന്നു.കാരണം,സാറിന് പുരോഗമനാശയത്തില്‍ ആരാണ്ട് കൈവിഷം കൊടുത്തിരുന്നു.

സ്വന്തം വയലിന്റെ വരമ്പ് അകത്തേക്കിറക്കി സ്കൂളിനുമുന്നിലൂടെ റോഡുവരാനുള്ള നീക്കത്തിന് ആക്കം കൂട്ടിക്കൊണ്ട് സാര്‍ പദ്ധതികള്‍ തുടര്‍ന്നു!ഒടുവില്‍ റോഡുമായി.

സാറിന്റെ സേവനങ്ങള്‍ കാണാനും ഇതെല്ലാം വെളിച്ചത്തുകൊണ്ടുവന്ന് വേണ്ടും വിധം ആദരിപ്പിക്കാനും അന്ന് ഏഷ്യാനെറ്റും കൈരളിയുമൊന്നുമില്ലായിരുന്നു എന്ന് സ്മരിച്ചുകൊള്ളട്ടെ!എങ്കിലും ചുരുങ്ങിയത് ഒരദ്ധ്യാപക അവാര്‍ഡെങ്കിലും പുള്ളിയെ മിസ് ചെയ്തു!!

വാകമരത്തിനുകീഴെ പുതിയ ഷെഡുകള്‍ വരികയും പുതിയകെട്ടിടങ്ങള്‍ കൊടുങ്കാറ്റൊന്നുമില്ലാതെ പഴയതിനേക്കാള്‍ മുന്നേ പൊളിയുകയും ചെയ്തു.പഴയക്ലാസ് മുറികള്‍ കുളമാകുകയും പൊട്ടിയ ആസ്‌ബസ്റ്റോസ് കഷണങ്ങള്‍ക്കിടയിലൂടെ പെയ്തമഴയില്‍ ആ കുളങ്ങള്‍ നിറഞ്ഞ് കൊതുകുകള്‍ മുട്ടയിട്ട് അര്‍മാദിക്കുകയും ചെയ്യുമ്പോള്‍ പുതിയൊരു സേവനത്തിന് മുന്‍‌കൈയെടുക്കാനാകാത്തവിധം ഉണ്ണിത്താന്‍ സാറെന്ന വന്മരം ഇലകൊഴിച്ച് ഉണങ്ങാന്‍ തുടങ്ങിയിരുന്നു.

“അടിച്ചവഴിയേ പോയില്ലെങ്കില്‍ പോണവഴിയേ അടിക്കുക” എന്ന പോളിസിയില്‍ വീട്ടുകാര്‍ പഠിപ്പിച്ച് ഒരു വഴിയാക്കിക്കഴിഞ്ഞിരുന്ന ഞാന്‍, ജീവിതത്തിന്റെ നിര്‍ത്താതെയുള്ള ഓട്ടത്തിനിടക്കെപ്പോഴോ അമ്മയെക്കാണാന്‍ വീട്ടില്‍ തിരികെച്ചെന്ന ഒരു ദിവസം...അമ്മ പറഞ്ഞാണറിഞ്ഞത്...സാറിന് സുഖമില്ലാ!

അദ്ദേഹത്തിന്റെ കര്‍മ്മസാക്ഷാത്കാരമായ ചെമ്മണ്‍‌പാതയിലൂടെ ചെമ്പരത്തിപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന ആ വീട്ടിലേക്ക് ഞാന്‍ ചെന്നു. കണ്ണുകളില്‍ വിരിയാന്‍ വിഷമിക്കുന്ന ചിരിയുമായി ജാനമ്മടീച്ചര്‍ എന്നെ സ്വീകരിച്ചു. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ ഗുരുകുലത്തിലേക്ക് ഞാന്‍ തലകുമ്പിട്ട് കയറിച്ചെന്നു...

അകത്തെമുറിയില്‍ ആയുര്‍വേദതൈലങ്ങളുടെ അസഹ്യഗന്ധങ്ങളില്‍ മയങ്ങി ആ വന്‍‌വൃക്ഷം തളര്‍ന്നുപോയിരിക്കുന്നു. കര്‍മ്മനൈരന്തര്യത്തിന്റെ തിരുശേഷിപ്പുകളായി ഒരു ഹൃദയവും കുറേ അവയവങ്ങളും തടിക്കട്ടിലില്‍ നിരന്നുകിടപ്പുണ്ട്...

“ദാണ്ടേ..ഹരി..!” ടീച്ചര്‍ പതിയെ വിളിച്ചു. ആ പഴയകട്ടിക്കണ്ണടയൊന്നനക്കി അദ്ദേഹം എന്നെ നോക്കി. സ്നേഹപൂര്‍ണ്ണമായ ചില അനക്കങ്ങള്‍ ഞാന്‍ കണ്ടു. എന്റെ കണ്ണുകള്‍ അപ്പോഴേക്കും നിറയാന്‍ തുടങ്ങിയിരുന്നു..(ഇപ്പോള്‍ ഇതെഴുതുമ്പോഴും..!)

നട്ടെല്ലിലൂടെ കാര്‍ന്നുകയറിപ്പോകുന്ന കര്‍ക്കിടകക്കാലുകള്‍ തെളിഞ്ഞ നിഴല്‍ചിത്രങ്ങളുടെ ഒരുകെട്ട് ടീച്ചര്‍ എടുത്തുകൊണ്ടുവന്നു.അതില്‍ എനിക്കൊന്നും കാണാനില്ലെങ്കിലും വെറുതേ മറിച്ചുനോക്കി.

സേവനം കൊണ്ട് ആതുരമായ ഹൃദയത്തിന്റെ വിങ്ങലുകള്‍ക്ക് മതിലിനപ്പുറത്തുനിന്നും വരുന്ന സ്കൂള്‍ ബഹളങ്ങള്‍ മാത്രമായിരിക്കുന്നൂ ആശ്വാസം!

അധികം നില്‍ക്കാതെ,ആ പാദങ്ങളെസ്പര്‍ശിച്ച് ഞാന്‍ പടിയിറങ്ങി.കാലമേറെച്ചെല്ലും മുന്‍പേ “ഹോ..ഹോ..ഹോ..”വിളികളില്ലാതെ അദ്ദേഹവും!

ഇപ്പോള്‍ ഓര്‍മ്മകളുടെ നീണ്ട വരാന്തയുടെ അങ്ങേയറ്റത്ത് അഴുക്കുപുരണ്ട ഷര്‍ട്ടുമിട്ട് അദ്ദേഹം നിവര്‍ന്നുനില്‍ക്കുന്നു.സ്നേഹം ആവോളം വിളമ്പിയ ആ ശബ്ദം ചെറിയമുഴക്കമായി എനിക്കിപ്പോഴും കേള്‍ക്കാം...

“എല്ലാവര്‍ക്കും കിട്ടിയാ..?!!”

“കിട്ടി സാര്‍!പക്ഷേ ഞങ്ങള്‍ ഒന്നും തിരിച്ചുതന്നില്ലല്ലോ?!”


ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണോ
ഗുരുര്‍ ദേവോ മഹേശ്വരാ
ഗുരുര്‍ സാക്ഷാത് പരബ്രഹ്മാ
തസ്മൈ ശ്രീ ഗുരവേ നമ:


********************************************************************************
സുഹൃത്തുക്കളേ...
ഈ സ്മരണ “ഇന്ദുലേഖ”യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അവിടെയും വായിക്കാം.
ഇന്ദുലേഖക്കും വായനക്കാര്‍ക്കും നന്ദി!!
സസ്നേഹം
ഹരിയണ്ണന്‍

73 comments:

G.MANU said...

ശിഷ്യാ... :)

തുടക്കം ഗംഭീരം..
ഇതിനാണോ എന്നോട് ബ്ലോഗ് മന്ത്ര ചോദിച്ചത്? (ചുമ്മാ)

ആദ്യ പോസ്റ്റ് ഗംഭീരം. നാടന്‍ ഇമേജുകള്‍..
മനസില്‍ നിറഞ്ഞു.
അടുത്തത് പോരട്ടേ..............

ശ്രീ said...

ഹരിയണ്ണാ...
വായിച്ച് മനസ്സു നിറഞ്ഞു, ഒപ്പം അറിയാതെ കണ്ണും.
ആ അവസാനം വല്ലാതെ മനസ്സില്‍ കൊണ്ടു.

അനില്‍ശ്രീ... said...

ഹരി.. അപ്പോള്‍ എന്തൊക്കെയോ പഠിച്ചിട്ടുണ്ട് അല്ലേ? ചുമ്മാ,,

നന്നായിരിക്കുന്നു,,, ഓര്‍മ .. നന്നായി.. നന്നായി വരട്ടെ

വേണു venu said...

ഹരീ,
ന്നല്ല ഗുരു ദക്ഷിണയായി. ഓര്‍മ്മകള്ക്കപ്പുറം ജീവിതം ഒളീച്ചു കളിക്കുന്നതു് വ്യക്തമായി വരച്ചു കാട്ടിയിട്ടുണ്ടൂ്.തുടരുക. :)

തോന്ന്യാസി said...

ഇല്ല, ഹരിയണ്ണാ...വാക്കുകളില്ല....

ശ്രീ പറഞ്ഞ പോലെ മനസ്സും, കണ്ണും നിറഞ്ഞു.........

അശോക് കർത്താ said...

ഒരല്പം ദീര്‍ഘമായിപ്പോയി. ഇല്ലെ?

മൂര്‍ത്തി said...

ശരിക്കും നന്നായിട്ടുണ്ട്...തുടരുക..നന്ദി...

Sajukrishnan said...

ഹരി ചേട്ടാ... താങ്കളുടെ ഹൃദയസ്പര്‍ശിയായ വിവരണം വായിച്ചു രണ്ടു നിമിഷത്തോളം ഞാന്‍ സ്തബ്ധനായി ഇരുന്നു... എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല... വല്ലാത്ത ഒരു ഗൃഹാതുരത്വം....... ഏഴ് വര്‍ഷത്തോളം ഞാനും അവിടെയല്ലേ പഠിച്ചത് ... ശരിക്കും കണ്ണ് നിറഞ്ഞു... എന്ത് നന്മയുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം... എന്നെ പഠിപ്പിച്ചിട്ടില്ലെന്‍്കിലും കാണുമ്പോഴെല്ലാം ക്ഷേമം ആരാഞ്ഞിരുന്നു അദ്ദേഹം... സ്നേഹസമ്പന്നനായ അദ്ദേഹത്തിന്‍റെ കീഴില്‍ വിദ്യ അഭ്യസിക്കാന്‍ കഴിയാതെ പോയത് ശരിക്കും ഒരു നഷ്ടമായി തോന്നുന്നു... വളരെ നല്ല വിവരണം. ഹരിയണ്ണന്ടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി... എല്ലാ ആശംസകളും നേരുന്നു...
സ്നേഹത്തോടെ.. സജുകൃഷ്ണന്‍..

മൂര്‍ത്തി said...

ഈ ബ്ലോഗ് റീഡര്‍ വഴി ഷെയര്‍ ചെയ്യാന്‍ പറ്റുന്നില്ല. സെറ്റിങ്ങ്സില്‍ അത് ഒന്നു ശരിയാക്കുമോ? അതിനുള്ള ഓഷന്‍ സെറ്റിങ്ങ്സിലുണ്ട്. അത് Yes ആക്കുക വിരോധമില്ലെങ്കില്‍...
qw_er_ty

Sapna Anu B.George said...

അതിഗംഭീരം തുടക്കം
എനിക്ക് ക്ഷ പിടിച്ചു

siva // ശിവ said...

ഓര്‍മ്മകള്‍ ഒരിക്കലും മായാതിരിക്കട്ടെ....ഈ കുറിപ്പുകള്‍ക്ക് നന്ദി...

Anonymous said...

ഹരി...

പലരും പറഞ്ഞപോലെ മനസു നിറഞ്ഞു. കണ്ണും.. അല്ലാതൊന്നും പറയാനില്ലാ.. എനിക്കും ഇങ്ങനെ കാത്തു സൂക്ഷിക്കുന്ന ഒരുപാട് ഗുരുശിഷ്യാബന്ധങ്ങള്‍ ഉള്ളതിനാലാവും ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു..

ഒരല്‍‌പം ചെറുതാക്കാമായിരുന്നോ എന്ന് ഒരു സംശയം.. തീര്‍ത്തും വ്യക്തിപരമാണേ..

- ആശംസകള്‍ , സന്ധ്യ :)

Unknown said...

very nice and best wishes

yousufpa said...

ഹരിയണ്ണന്‍ സംഗതി കലക്കീട്ടോ...





ഒന്ന് വിളിക്കുമോ..?
അന്ന് നമ്പര് വങ്ങാന്‍ വിട്ടുപോയി.
എന്റെ നമ്പര്‍.0505318363

ഹരിയണ്ണന്‍@Hariyannan said...

എന്റെ ബ്ലോഗിലെ ആദ്യകമന്റിട്ട് അനുഗ്രഹിച്ചതിന് മനുഗു(കു)രുവിന് നന്ദി!

ശ്രീ,അനില്‍ശ്രീ, ശ്രീ.വേണൂ, തോന്ന്യാസശ്രീ..
നന്ദി!!!

അക്കോസേട്ടാ..സോറി.ബോറഡിപ്പിച്ചോ? :)
അടുത്തതില്‍ ചുരുക്കുന്നതാണ്.ഇത് ആവേശം കേറിപ്പോയതുകൊണ്ട് പറ്റിപ്പോയതാണേ..
നിര്‍ദ്ദേശത്തിന് നന്ദി!!

ഹരിയണ്ണന്‍@Hariyannan said...

മൂര്‍ത്തീ..നന്ദി.

എനിക്ക് ആ സെറ്റിങ്ങം പുടികിട്ടീല്ല കേട്ടോ.
ഞാനതിനകത്തൊക്കെ അരിച്ചുപെറുക്കിയിട്ടും രക്ഷകിട്ടീല്ല.
ഐഡിയാ ഒന്ന് മെയിലയക്കാമോ?

സജൂ..
സാറിന്റെ ഓര്‍മ്മകള്‍ക്ക് ആ സ്കൂളിനേക്കാള്‍ ആയുസ്സുണ്ടാവും.
(ബൂലോകരേ..ഈ സജു ഇതേ സ്കൂളില്‍ എനിക്കും കുറച്ചുതാഴെയായി 7 വര്‍ഷം പഠിച്ചവനാണ്.ഇന്‍ഫോ കൈരളി,ഇന്ത്യന്‍ എക്സ്പ്രെസ്,ഡക്കാണ്‍ ഹെറാള്‍ഡ് ഒക്കെ കറങ്ങി ഇപ്പോ ഐ.ബി.എമ്മിലെത്തിയിരിക്കുന്ന എന്റെ ഗ്രാമത്തിലെ ഒരു കൊച്ചുമിടുക്കന്‍!!)
വന്നതിനും വായിച്ചതിനും നന്ദി!!

ബഹുവ്രീഹി said...

“കിട്ടി സാര്‍!പക്ഷേ ഞങ്ങള്‍ ഒന്നും തിരിച്ചുതന്നില്ലല്ലോ?!”


നല്ല പോസ്റ്റ്,ഹരി.

മാണിക്യം said...

ഹരീ എല്ലാവരേയും കരയിക്കാന്‍
ഈയിടെ മിടുക്ക് കൂടുന്നു...
ഹരി, കഥ കവിതയെക്കാള്‍ ശക്തം!
ഇതു വായിച്ചപ്പൊള്‍‌ ഞാനും പഴയ കാലത്തിലൊന്നു മുങ്ങി തപ്പി...
‘ഹോ ഹോ ഹോ’
“എല്ലാവര്‍ക്കും കിട്ടിയാ..?”

ഞാന്‍ വിദ്യാഭ്യാസം ചെറ്റച്ചല്‍ ഗവണ്‍മെന്റ് എല്‍ പി സ്കൂളില്‍ ആണു തുടക്കം,അത്രയും നന്മയുള്ള്‍ സ്കൂള്‍ പിന്നെ മാഞ്ചസ്റ്ററ് വരെ പോയി ഡിഗ്രി എടുത്തിട്ടും ഞാന്‍ കണ്ടില്ലാ,എനിക്ക് അന്ന് ഉച്ചയ്ക്കലത്തെ ഉപ്പു മാവ് കാ‍ണുമ്പോ കൊതി വരും ഒരിക്കല്‍ കൊതി സഹിക്കാഞ്ഞ് വിളമ്പിന്റെ മേല്‍നോട്ടക്കാരന്‍ ശ്രീധരന്‍ സാറിനോട് ഇത്തിരി മഞ്ഞ ഉപ്പ് മാവ് ചോദിച്ചു
“കുട്ടി വീട്ടില്‍ പോകൂ.”എന്നു പറഞ്ഞു ഓടിച്ചു..
ഞാന്‍ ഉച്ചക്കഞ്ഞി ലിസ്റ്റില്‍ ഇല്ലാരുന്നു

സത്യം പറയാം ഇന്നും എനിക്ക് ഉപ്പുമാവ് ഭയങ്കര ഇഷ്ടം ആണ്‍..

നാലാമത്തെ പീരീഡ് ആവുമ്പോ ഒരു മണം വരും..ഹൊ! അതു ഒരു മണം തന്നെ!!
ഇന്ന് ആശാരി സാറും, ശ്രീധരന്‍ സാറും,
ഒക്കെ എന്റെ മുന്നിലും വന്നു....

ഒത്തിരി ആസ്വദിച്ചു നാലുകൂട്ടം പായസം കൂട്ടി ഇലയില്‍ ഉണ്ട സദ്യപോലെ.. വിശദമായ ആ ഓര്‍മ്മകുറിപ്പില്‍ കൂടി പോയപ്പൊള്‍ അതാ അനുഭവപ്പെട്ടത്..അല്ലാതെ ഫാസ്റ്റ് ഫുഡിന്റെ റ്റേസ്റ്റ് അല്ലാ ,അതിന്‍ പ്രത്യേകം നന്ദീ!!

അര്‍ത്ഥമറിയാതെ
അക്ഷര സ്പുടതയില്ലാതെ അന്ന്
ഗ്രാമശുദ്ധിയുടെ വിളനിലമായ
ആ കൊച്ചു ഓലപള്ളിക്കുടത്തിന്റെ
മുറ്റത്ത് നിന്ന് പാടി

അഖിലാണ്ട മണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളില്‍‌ ആനന്ദ ദീപം കൊളുത്തി
പരമാണു പൊരുളിലും സ്പുരണമായ് മിന്നും
പരമപ്രകാ‍ശമേ ശരണം നീയെന്നും!!


ഹരി നന്മകള്‍ നേരുന്നു, സ്വന്തം അക്ക

മൂര്‍ത്തി said...

settingsല്‍ site feed എന്ന ഒരു ഐറ്റം ഉണ്ട്. അത് never ആയിരിക്കും ഇപ്പോള്‍. അത് മാറ്റി full ആക്കുക.

ഹരിയണ്ണന്‍@Hariyannan said...

മൂര്‍ത്തീ..
അത് ഫുള്‍ എന്നുതന്നെയാണല്ലോ ഇപ്പോഴും!
എന്നെയൊന്നു സഹായിക്കണേ :(

മൂര്‍ത്തി said...

അങ്ങിനെയെങ്കില്‍ ഞാന്‍ തല്‍ക്കാലം ആയുധം വെച്ച് കീഴടങ്ങുന്നു..പുലികള്‍ വല്ലവരും വന്നു സഹായിക്കുമെന്നു കരുതാം...:)

വേണു venu said...

മൂര്‍ത്തി, ഹരിയണ്ണന്‍റെ ബ്ലോഗു ഷെയര്‍ ചെയ്യാന്‍ പറ്റുന്നല്ലോ. ഞാന്‍ ഷെയര്‍ ചെയ്തു.:)

Unknown said...

nice one

തമനു said...

“കിട്ടി സാര്‍!പക്ഷേ ഞങ്ങള്‍ ഒന്നും തിരിച്ചുതന്നില്ലല്ലോ?!”


എവിടെയോ തൊട്ടു....

ഹരിയണ്ണന്‍@Hariyannan said...

സപ്നാ,ശിവാ...
നന്ദി!!

സന്ധ്യേ..നന്ദി!നോക്കട്ടേ..അടുത്തതില്‍ ചുരുക്കാം! :)

സിന്ധൂ,അത്ക്കന്‍..നന്ദി.
വിളിക്കാം.കേട്ടോ അത്ക്കനണ്ണാ!! :)

കുറുമാന്‍ said...

ഹരിയണ്ണോ, ഈ ഗുരുദക്ഷിണ വളരെ ഗംഭീരമായി.

പഠിപ്പിച്ച ഗുരുക്കന്മാരെ സ്മരിക്കുന്നത് പുണ്യം തന്നെ.

അമ്മയും, അച്ഛനും, ഗുരുക്കന്മാരും ദൈവത്തിനു തുല്യം എന്നാണല്ലോ.

മാണിക്യത്തിന്റെ കമന്റും (ഉപ്പുമാവ്) നോസ്റ്റാള്‍ജിയ ഉണര്‍ത്തി.

എം കെ ഭാസി said...

ഞാനിന്നലെ ഒരു കമെന്‍റിട്ടിരുന്നു. അതെവിടെപ്പോയിമുങ്ങിയോ എന്തൊ!

ഇഷ്ടപ്പെട്ടു വളരെ. തുടര്‍ന്ന് എഴുതുക.
അഭിനന്ദനങ്ങള്‍!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണോ
ഗുരുര്‍ ദേവോ മഹേശ്വരാ
ഗുരുര്‍ സാക്ഷാത് പരബ്രഹ്മാ
തസ്മൈ ശ്രീ ഗുരവേ നമ:

Malayali Peringode said...

ഇനിയെങ്കിലും ആവേശം കയറാതിരിക്കട്ടെ....

Sharu (Ansha Muneer) said...

വളരെ നന്നായിട്ടുണ്ട്. തുടരുക

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

‘ഓര്‍മ്മകളെ ഉണര്‍ത്തുന്ന പച്ചമരുന്നു കഴിച്ച്..
ഓര്‍മ്മകളുടെ ഊടുവഴികളിലൂടെ...

..എല്ലാം ഒരു മരുന്നു മയം, അണ്ണാ, അണ്ണനൊരു ഒന്നൊന്നര അണ്ണന്‍ തന്നെ !



‘ഇപ്പോള്‍ ഓര്‍മ്മകളുടെ നീണ്ട വരാന്തയുടെ അങ്ങേയറ്റത്ത് അഴുക്കുപുരണ്ട ഷര്‍ട്ടുമിട്ട് അദ്ദേഹം നിവര്‍ന്നുനില്‍ക്കുന്നു.‘

ഇനിയൊരിക്കലും നേരില്‍ കണാന്‍ കഴിയില്ല എന്ന ദു:ഖ സത്യം കടിച്ചിറക്കി,ഞാനും ഓര്‍മ്മകളുടെ നീണ്ട വരാന്തയില്‍ അവരെ വീണ്ടും കാ‍ണുന്നു.

ഹരിയണ്ണാ, ഇത് ഒരു നിറഞ്ഞ ഗുരുപൂജ തന്നെ.

..പിന്നെ ഒരു കാര്യം, ഇനി മേലാല്‍ കവിത എഴുതരുത് . :)

ഹരിയണ്ണന്‍@Hariyannan said...

നന്ദി ബഹൂ..

മാണിക്യം...ചേച്ചിയുടെയൊക്കെ സ്കൂള്‍ കാലം എന്റേതിലുമൊക്കെ എത്രയോ സമ്പുഷ്ടമായിരുന്നിരിക്കണം.
അന്നത്തെ ആ മഞ്ഞപ്പൊടി എന്താണെന്ന് ഇക്കാലത്തെ കുട്ടികള്‍ക്ക് കേട്ടറിവുപോലുമുണ്ടാവില്ല.
ഇപ്പോ എല്ലാം മാഗീ ‘ടൂ മിനിറ്റ്സ്’ അല്ലേ?

മൂര്‍ത്തീ സംഭവം ശരിയായോ?

വേണുവണ്ണാ..നന്രി.
ആ വലിയലോകത്തില്‍ ഇതിനും അരസെന്റു കൊടുത്തതിന്..

സീയെം,തമനൂ നന്ദി...
തൊട്ടതെവിടെയാണെന്നുപറഞ്ഞില്ല!! :)

ചന്ദ്രകാന്തം said...

ഗുരുദക്ഷിണ...കേമമായി.
സ്കൂള്‍ജീവിതത്തിന്റെ എല്ലാ മുഖങ്ങളും, തെളിവെള്ളത്തിന്റെ നൈര്‍‌മ്മല്യത്തോടെ കണ്മുന്നില്‍ മിന്നിമറഞ്ഞു.
വായിച്ചപ്പോള്‍.. വല്ലാത്തൊരു സന്തോഷവും, അതോടൊപ്പം കുറച്ച്‌ നഷ്ടബോധവും.

ജിതൻ said...

ഹരിയണ്ണാ....
ഗംഭീരമെന്ന് പറയുന്നില്ല.....വാക്കുകളുമില്ല....ശ്രീ പറഞ്ഞതുപോലെ കണ്ണുനനയിച്ചു....ഗദ്യവും അണ്ണനു നന്നായിണങ്ങുന്നു....

Unknown said...

ഹരിയണ്ണാ വായിച്ചു,


വളരെ നന്നായിട്ടുണ്ട് ഈ ഗുരുപൂജ

ഒരു പാട് ഓര്‍മ്മകളിലേക്ക് കൈ പിടിച്ച് നടത്തി താങ്കളുടെ ഈ രചന.

ഉപാസന || Upasana said...

അണ്ണാ

നന്നായിട്ടുണ്ട് ട്ടോ.
ലാസ്റ്റ് പാര്‍ട്ട് റിയലി ഫൈന്‍.
ഗദ്യവും വഴങ്ങുന്നു..!!!
:-)
ഉപാസന

ഹരിയണ്ണന്‍@Hariyannan said...

ഗുരുമാന്‍..!
സാള്‍ട്ട് മാംഗോ ട്രീ യുടെ ഓര്‍മ്മകള്‍!!
നന്ദി!!

ഭാസി സാര്‍,സജീ..നന്ദി!

മലായാളികള്‍ക്ക് പേരുദോഷം വരുത്താന്‍ ഇറങ്ങിയ മലയാളീ.. :) ആവേശം കുറച്ചു!!

ഷാരൂ..വഴിപോക്കാ...
അല്ല!!
ഷാരൂ..നന്ദി!
വഴിപോക്കാ..നന്ദി!
അപ്പോ മരമാക്രിക്കുപഠിക്കാന്‍ തുടങ്ങിയോ?
അപ്പോ പറഞ്ഞപോലെ ഞാന്‍ കവിതയെഴുത്തുനിര്‍ത്തി.ഇനി അണ്ണനെഴുത്!! :)

Sapna Anu B.George said...

നന്നായിട്ടുണ്ട് കേട്ടോ

ഹരിയണ്ണന്‍@Hariyannan said...

ചന്ദ്രകാന്തം..
സ്കൂളിലൊന്നും പഠിച്ചിട്ടില്ലെന്നോര്‍ത്ത് വിഷമിക്കണ്ട!
അതിന്റെയല്ലേ നഷ്ടബോധം എന്നു പറഞ്ഞത്?! :)

ജിതന്‍,പൊതുവാള്‍....നന്ദി!

എന്റെ പൊന്നുപാസനേ..നന്ദി!
അപ്പോ ഇനി ഗദ്യവും എഴുതാം അല്ലേ? :)

അപ്പു ആദ്യാക്ഷരി said...

ഹരിയണ്ണാ, വിദ്യാരംഭം സിനിമയിലെ പല ഷോട്ടുകളേയും ഓര്‍മ്മിപ്പീച്ചു ഈ ഓര്‍മ്മക്കുറിപ്പ്. നന്നായി.

ഒരു കാര്യം പറയട്ടെ, മാഷിന് ഗദ്യം നന്നായി വഴങ്ങും. അല്‍പ്പം കൂറ്റി ഒരു ആറ്റിക്കുറുക്കല്‍ ആവാം എന്നു തോന്നുന്നു. നല്ല ഫ്ലോ കിട്ടാന്‍ അതു സഹായിച്ചേക്കും. പറഞ്ഞെന്നേയുള്ളൂ, എഴുത്തില്‍ നല്ല പരിചയമുള്ളവരുടെ അഭിപ്രായങ്ങള്‍ ചോദിക്കൂ.

അപ്പു ആദ്യാക്ഷരി said...

മുകളിലെഴുതിയ കമന്റിലെ “ആറ്റിക്കുറുക്കല്‍” കാച്ചിക്കുറുക്കല്‍ എന്നു വായിക്കാന്‍ അപേക്ഷ!

മനസ്സിലായല്ലോ, ഗദ്യമേഖലയില്‍ എനിക്കുള്ള പ്രാവീണ്യം!!!

ഉഗാണ്ട രണ്ടാമന്‍ said...

നല്ല ഗുരു ദക്ഷിണ...

ഹരിയണ്ണന്‍@Hariyannan said...

സപ്നാ...ഒരിക്കല്‍ കൂടിയിട്ട കമന്റിന് വീണ്ടും നന്ദി!! :)

അപ്പൂ..നന്ദി!
[കള്ളാ..ഇനി മേലാല്‍ നിങ്ങള്‍ കവിതയെഴുതരുത് എന്ന് വഴിപോക്കന്‍ പറഞ്ഞപോലെ മരമാക്രി സ്റ്റൈലില്‍ പറഞ്ഞാ മതിയാരുന്നു :) ]
അടുത്തത് ആറ്റിക്കാച്ചിക്കുറുക്കാം :)

ഉണ്ടാഗ രമാണ്ടന്‍...നന്ദി!
അണ്ണാ..തിരക്ക്‍കള് കഴിഞ്ഞില്ലേ? :)

ഹരിയണ്ണന്‍@Hariyannan said...

ഇന്നലെ നാട്ടില്‍ വിളിച്ചപ്പോള്‍ അറിഞ്ഞത്:

ജാനമ്മടീച്ചര്‍ ഇന്നലെ എന്റെ വീട്ടില്‍ വന്നിരുന്നു.അവിടെ വച്ച് ‘ഇക്കഥ’യറിഞ്ഞ് ടീച്ചര്‍ ഇത് വായിച്ചു.
ടീച്ചറെക്കുറിച്ച് എഴുതിയിരിക്കുന്നത് വായിച്ച് ചിരിച്ചു.ഒടുവില്‍ കരഞ്ഞു...

ഇതിനുകിട്ടിയ ഏറ്റവും വിലപ്പെട്ട കമന്റായിത്തോന്നുന്നു...ടീച്ചറിന്റെ കണ്ണുനീര്‍!!

ഗീത said...

ഈ ഗുരുവന്ദനം അതിഗംഭീരമായി, ഹരിയണ്ണാ....
തീര്‍ച്ചയായും ഹരിയണ്ണന് ആ ഗുരുവിന്റെ അനുഗ്രഹാശ്ശിസുകള്‍ എന്നുമുണ്ടാകും...

അമ്മടീച്ചറെക്കുറിച്ചുപറഞ്ഞ ആ വാക്കുകളും ഹൃദയാവര്‍ജ്ജകം.

ഓ.ടൊ: എന്റെ അമ്മയും, ഹരിയണ്ണന്റെ അമ്മയെപ്പോലെ കണക്കും എംഗ്ലീഷും പഠിപ്പിക്കുന്ന ടീച്ചര്‍ ആയിരുന്നു. എനിക്ക് കണക്കില്‍ ഒരിക്കലും ഒരു സംശയവും ഉണ്ടാകാറില്ല. കാരണം അറിയാമല്ലോ, സംശയങ്ങളും കൊണ്ട് അമ്മയുടെ അടുത്ത് ചെന്നുകഴിഞ്ഞാല്‍ നല്ല ചൂടുള്ള നുള്ളുകള്‍ ധാരാളം കിട്ടും. അത്രക്ക് ബുദ്ധിമതിയായിരുന്നേ. അങ്ങനെ, കണക്കു ടീച്ചറിന്റെ മകളായിരുന്ന, കണക്കില്‍ ഒരു സംശയങ്ങളുമില്ലാതിരുന്ന എനിക്ക്, പരീക്ഷക്ക് മാര്‍ക്കു വരുമ്പോള്‍ കണക്കിനായിരിക്കും ഏറ്റവും കുറവ്.

ഗീത said...

മാണിക്യം പറഞ്ഞപോലെ ആ മഞ്ഞ ഉപ്പുമാവ് എന്നെയും കൊതിപ്പിച്ചിട്ടുണ്ട്......

അലുമിനിയപ്പാത്രം നിറയെ മഞ്ഞ ഉപ്പുമാവും,ഗ്ലാസ്സുനിറയെ ചൂട് പാലും....
നിരനിരയായിരുന്ന് കഴിക്കുന്നവരെ നോക്കി വെള്ളമിറക്കി നിന്നിട്ടുണ്ട്...

ആഗ്നേയ said...

അവസാനം മനസ്സിനെ സ്പര്‍ശിച്ചു.

ഹരിയണ്ണന്‍@Hariyannan said...

നന്ദി ഗീതേച്ചീ..

എവിടെയെങ്കിലും ക്യൂവില്‍ പെട്ട് വലഞ്ഞുനില്‍ക്കുമ്പോഴാവും സ്നേഹപൂര്‍വം ഒരാള്‍ വന്നു വിളിക്കുന്നത്..
“ടീച്ചറുടെ മോനല്ലേ? എന്താ ഇവിടെ? വാ ഞാന്‍ ശരിയാക്കിത്തരാം..! ടീച്ചര്‍ക്ക് സുഖമല്ലേ?!”
ഇതുപോലെ പഴയ ശിഷ്യര്‍ അമ്മക്കു തരുന്ന ഗുരുദക്ഷിണ പലവട്ടം ഏറ്റുവാങ്ങിയിട്ടുണ്ട്!
ടീച്ചറുടെ മകനായി ജീവിക്കുന്നതിന്റെ പ്രിവിലേജുകള്‍!

ആഗ്നേയ..നന്ദി!
അപ്പോ..ആദ്യമൊന്നും മനസ്സിനെ സ്പര്‍ശിച്ചില്ലെന്ന് !!
:) :)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയാണ്.. കണ്ണുനീരിന്റെ മറവില്‍ അക്ഷരങ്ങള്‍ക്കു വല്ലാത്തമങ്ങല്‍. ഒരിക്കല്‍ കൂടെ വായിക്കട്ടേ.. ഞാന്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഒന്നും തിരികെ പ്രതീക്ഷിക്കാതെ ആദ്യാക്ഷരങ്ങള്‍ മുതല്‍ അറിവിന്റെ അത്യുന്നതങ്ങല്‍ വരെ നമ്മെ കൊണ്ടെത്തിക്കുന്ന ,ശാസിച്ചും ,ശിക്ഷിച്ചും,ഒരുപാടു സ്നേഹവും വാത്സല്യവും വാരിക്കോരി തന്നും നാന്നായി വരണം കേട്ടോ എന്നു പറഞ്ഞു രണ്ടുകൈകളും തലയില്‍ വച്ചു അനുഗ്രഹിച്ചു നിറഞ്ഞ കണ്ണുകളോടെ നമ്മളെ നല്ല ജീവിതത്തിലേക്കു പറഞ്ഞു വിടുന്ന ആ ഗുരുക്കന്മാരെയെല്ലാം എല്ലാവരും മറന്നു പോകുന്നതു എന്താണ്?

ഈ പോസ്റ്റ് വായിച്ചപ്പൊള്‍ വല്ലാത്ത ഒരു കുറ്റബോധം.
ഒരുപാടൊരുപാട് ഓര്‍മ്മകള്‍....
ഓര്‍മ്മകളേ ഉണര്‍ത്തിയതിനു ഒരുപാട് നന്ദി ഹരീ...

ഈ നല്ല പോസ്റ്റിനു അന്‍പതാമത്തെ കമന്റ് ഇടാന്‍ പറ്റിയതില്‍ നല്ല സന്തോഷം.ഹോ.. ഹൊ..ഹൊ..

മെയ് 13. രണ്ടാമത് ഒരു മോളും കൂടെ അഛാന്നു വിളിക്കാന്‍ ഇന്നു ഭൂജാതയായി എന്നു അറിഞ്ഞു. അഭിനന്ദനങ്ങള്‍.

ഹരിയണ്ണന്‍@Hariyannan said...

കിലുക്ക്സ്..
ചേച്ചീടെ അന്പതാം കമന്റിനു നന്ദി!

പുതിയ മോളുടെ വരവിനെക്കുറിച്ച് ഇവിടെപ്പറഞ്ഞിട്ടുണ്ട് കേട്ടോ!

ഹരിത് said...

ഹരിയണ്ണാ, കുറച്ചു ദിവസങ്ങളായി അണ്ണന്‍റെ ബ്ലോഗും പ്രൊഫൈലും തുറക്കാന്‍ നോക്കി. നടന്നില്ല. ഇന്നാണു സാധിച്ചതു.

നല്ല കുറിപ്പു. സരളമായ ശൈലി. മനസ്സില്‍ തൊടുന്ന ആത്മാര്‍ത്ഥത. ഭാവുകങ്ങള്‍.

Anil cheleri kumaran said...

ഹരിയണ്ണാ..
വളരെ നന്ദി..
വഴിതെറ്റി വന്നതിനും,
നല്ല വാക്കെഴുതിയതിനും. ഗുരുദക്ഷിണ ഒരുപോലെ വന്നതു
അവിചാരിതമാണു. സോറി.
ഇനി അങ്ങനെ ഉണ്ടാവാതിരിക്കാനെന്താ
ചെയ്യുക?
ഉണ്ണിത്താന്‍ സാര്‍ കണ്ണു നനയിച്ചു..

ഹരിയണ്ണന്‍@Hariyannan said...

ഹരിത്..
ആ പ്രശ്നം പരിഹരിച്ചു.
വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി!!

കുമാരനും നന്ദി!!

Rajan Nair said...

Saarine anusmarikkunna ee katha athi manoharam.

Ormayil ennum niranju nilkkunna mulamoodu school um Unnithan Pilla Saarum....

Engineyo ariyathe innum Unnithan Saarine njangal kettirunnathu Unnithan Pilla saar ennanu.

Aa Valiya manassinte falangal anubhavichenkilum adhehathinte sikshanam lafichittillathil ennum vishamam undayirunnu. (Thudakkathil bhayam aayirunnu) Ormayil ennum oru karkkasakkaran aayi saar niranju nilkkum

Adhehathinte aadmavinte nithya santhikkayi prarthichu kondu....

Chakkiyudeyum maniyanteyum moonam mura Rajan

ഭൂമിപുത്രി said...

ഞാനിത് കാണാന്‍ വൈകിയല്ലൊ ഹരിയണ്ണാ.
ഉണ്ണിത്താന്‍ മാഷിനെപ്പോ‍ലെയുള്ള വലീയ മനുഷ്യറ്ക്ക് വംശനാശം വന്നുകാണില്ല,അല്ല്ലെ?
അങ്ങിനെ വിചാരിയ്ക്കാനാണെനിയ്ക്കിഷ്ട്ടം.

ഹരിയണ്ണന്‍@Hariyannan said...

രാജന്‍..

ഉണ്ണിത്താന്‍ സാറിനെ അറിയുന്ന ആളെന്നനിലക്ക് രാജന്റ്റെ കമന്റ് വേറിട്ടുനില്‍ക്കുന്നു.
ശരിക്കും ആ “ഉണ്ണിത്താന്‍ പിള്ള സാര്‍” എന്ന മിക്സ് വിളിപ്പേര് ഇപ്പോള്‍ ഓര്‍മ്മയിലെത്തുന്നു!!
:)

ഭൂമിപുത്രീ..
ലേറ്റാ വന്താലും ലേറ്റസ്റ്റാ വരണമെന്നാണല്ലോ രജനിയണ്ണന്‍ പറഞ്ഞിട്ടുള്ളത്..!! :)
കുഴപ്പമില്ല!!
തികച്ചും വംശനാശം വന്നിട്ടുള്ള ഒരു വിഭാഗത്തില്‍ പെടുത്താവുന്നവിധമായിട്ടില്ലെന്നു തോന്നുന്നു!!

പാമരന്‍ said...

ഹരിയണ്ണാ... കണ്ണും മനസ്സുമൊക്കെ നിറഞ്ഞു. എന്തായാലും നാട്ടിപ്പോകുമ്പം പഴയ ഗുരുക്കന്‍മാരെയൊക്കെ ഒന്നു പോയി കാണണം.. നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍.

വയനാടന്‍ said...

പോസ്റ്റ് ഗംഭീരം.
വായിച്ച് മനസ്സു നിറഞ്ഞു
തുടര്‍ന്ന് എഴുതുക.
അഭിനന്ദനങ്ങള്‍!

ഹരിയണ്ണന്‍@Hariyannan said...

പാമരന്‍,വയനാടന്‍...

രണ്ടാള്‍ക്കും നന്ദി!!

nilofer said...

ഹരിഅണ്ണാ‍.....
സുപര്‍

Gayu said...

Hareeee....
Hrudayathinte bhaashayil Unnithan saarinu vacha Gurdakshina valare hrudayaardramaayi......abhinandanangal...... Ezhuthi kazhinjappol hareede kannum manassum niranjozhukiya pole vayanakkarem aa nostalgia-yilekku koottikkondupoyathinu valare nadiyundu....ithupolulla adhyapakar ente jeevithathilum undallo...athukonduthanne aa kalaghattathilekku manassonnu poyappol............
Gambeeram haree...gambheeram....paranju prathiphalippikkan vakkukalillaatto....

Akash nair said...

ഹരിയണ്ണാ കലക്കി........
ശരിക്കും നന്നായിട്ടുണ്ട്...തുടരുക..നന്ദി...

Anil cheleri kumaran said...

എന്റെ ബ്ലോഗ്
ഒന്നു വായിച്ചു നോക്കാമോ?
www.dreamscheleri.blogspot.com

ഹരിയണ്ണന്‍@Hariyannan said...

നിലോഫര്‍...
നന്ദി!

ഗായത്രിയുടെ വായനക്കും അഭിനന്ദങ്ങള്‍ക്കും നന്ദി!
ഉണ്ണിത്താന്‍ സാര്‍ നാട്ടിന്‍പുറങ്ങളുടെ ‘ഗുരുപൂര്‍ണിമ’യാണ്!ഓരോഗ്രാമത്തിലും ഓരോ ഉണ്ണിത്താന്‍ സാറുണ്ടാകും!
അവര്‍ക്ക് ശിലാസ്മാരകങ്ങളില്ല;ശിലയാകാത്ത മനസ്സുകളിലാണ് അവര്‍ അനശ്വരരായി കുടികൊള്ളുന്നത്!

ആകാഷ്...നന്ദി!
കുമാരന്റെ ബ്ലോഗ് വായിച്ചു!നന്ദി!

സുല്‍ |Sul said...

haree ippozhanu vaayicchath. nannayirikkunnu.

-sul

ഹരിയണ്ണന്‍@Hariyannan said...

സുല്‍...
ഇപ്പോഴെങ്കിലും വായിച്ചതിനും ഇത്രയെങ്കിലും കുറിച്ചതിനും നന്ദി!
:)

Balu said...

ഇന്നു എന്റെ ബ്ലോഗിലും എത്തി ഹരിയണ്ണന്. നന്ദി.
പുതിയ പോസ്റ്റ്കള് വായിക്കാന് കാത്തിരിക്കാം.

ഹരിയണ്ണന്‍@Hariyannan said...

“ഞാന്‍”
:) നന്ദി!

കൂട്ടുകാരേ..മറ്റൊരു ഗുരുവിനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും കുറിച്ചുള്ള ഒരു ഓര്‍മ്മക്കുറിപ്പ് പുതുതായി പോസ്റ്റ് ചെയ്തിട്ടുണ്ട്...
വായിക്കുമല്ലോ!
“വറ്റിന്റെ വില!!”

S.Harilal said...
This comment has been removed by the author.
S.Harilal said...

ഈ ഹൃദ്യമനോഹര ഗദ്യം പദ്യരൂപത്തിലാക്കി പ്രസിദ്ധീകരിക്കുമോ?

Anonymous said...

വളരെ ഇഷ്ടപ്പെട്ടു..ശരിക്കും..കണ്ണ് നിറഞ്ഞു..പല ഓര്‍മ്മകളിലൂടെയും..ഈ കഥ എന്നെ കൊണ്ട് പോയി..ആശംസകള്‍..

ഹരിയണ്ണന്‍@Hariyannan said...

ഹരിലാല്‍,ബിജിലീ

നന്ദി,വീണ്ടും വരിക!