Friday, June 20, 2008

വറ്റിന്റെ വില!!














(ചിത്രം ഈ ബ്ലോഗിനു സ്വന്തം;വര: ശ്രീ.സന്ദീപ്,ഒരു സുഹൃത്ത്.
കഥാപാത്രങ്ങള്‍ വ്യാജമല്ല; ചില പേരുകള്‍ മാത്രം !)

സ്കൂള്‍ അസംബ്ലി കഴിഞ്ഞ് ക്ലാസിലെത്തിയാല്‍ തൊട്ടടുത്തുള്ള പബ്ലിക് മാര്‍ക്കറ്റിനോട് ഞങ്ങള്‍ ബഹളം വച്ച് മത്സരിക്കും.ശ്രദ്ധിച്ചാല്‍ ഒരു കടലിന്റെ ഇരമ്പല്‍!ചെവിയോര്‍ത്താല്‍ ചില ശബ്ദങ്ങളെ വേറിട്ടുകേള്‍ക്കാം!

സ്കൂളിന്റെ പുതിയ മൂന്നുനിലക്കെട്ടിടത്തിന്റെ നടുഭാഗത്ത് ആപ്പീസും അതിന്റെ വലത്തേമൂലയില്‍ മൂത്രപ്പുരയുടെ രൂക്ഷഗന്ധം വലിച്ചുകേറ്റിക്കൊണ്ട്, ഞങ്ങള്‍ പത്തന്‍പത് പിള്ളാര്‍ തലകുത്തിമറിയുന്ന X-B യും!
മിക്കവാറും ആദ്യ ഒരു മണിക്കൂര്‍ ഉത്സവമായിരിക്കും.കാരണം..ഇംഗ്ലീഷ് സാര്‍ വരാറില്ലെന്നതുതന്നെ!ക്ലാസിലെന്നല്ല,പുള്ളി സ്കൂളിലേ വരില്ല;സ്കൂളില്‍ വന്നാലും ഏറിയാല്‍ സ്റ്റാഫ് റൂം വരെ!
പിള്ളാര്‍ക്കും അതില്‍ സന്തോഷമേയുള്ളൂ..

അന്ന്..പതിവില്ലാതെ ആപ്പീസിനടുത്തുള്ള ക്ലാസ് മുറികളില്‍ നിന്ന് ആരവം നിലക്കുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു.ഡെസ്കിന്റെയും ബഞ്ചിന്റെയും മുകളില്‍ നിന്നൊക്കെ ചാടിമറിഞ്ഞ് ഓരോരുത്തരും അവനവന്റെ ഇരിപ്പിടങ്ങളിലേക്ക് നിശബ്ദം പാഞ്ഞു.നെഞ്ചിടിയുടെ വേഗം കൂടി....നമ്പ്യാര്‍ സാര്‍ വരുന്നുണ്ട്!

ആറടിപ്പൊക്കത്തില്‍ കൊന്നത്തെങ്ങുപോലെ ഉയര്‍ന്ന്, തലയും മുതുകും ചോദ്യചിഹ്നത്തിന്റെ തലപ്പുപോലെ വളച്ച്, കയ്യില്‍ ചെമന്ന ചൂരല്‍ വടിയുമായി സാര്‍ ക്ലാസിലേക്ക് വരുന്നു.സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ദത സൃഷ്ടിക്കുന്നതിന് അദൃശ്യമായ എന്തുനിര്‍ദ്ദേശമാണ് ഞങ്ങള്‍ പരസ്പരം കൈമാറിയിരുന്നതെന്നറിയില്ല!

ഞങ്ങളുടെ ഹൃദയമിടിപ്പിനോളം വേഗം സാറിന്റെ നടത്തത്തിനില്ല!വാതില്‍ക്കലെത്തി ആടിയുലയുന്ന മരം പോലെ സാറൊന്ന് നില്‍ക്കും.പിന്നെ,തലേനാളിലെ മദ്യത്തിന്റെ മണം ക്ലാസ്‌മുറിയിലെ നിശ്വാസങ്ങളിലേക്ക് പകര്‍ന്ന് അകത്തേക്ക്!പഠിപ്പിക്കേണ്ടത് ഇംഗ്ലീഷ് ആണെന്നും പഠിപ്പിക്കുന്നത് പത്താം ക്ലാസുകാരെയാണെന്നും അറിയാമെന്നതിനുപരി സിലബസിനെക്കുറിച്ചോ തന്റെ മുന്നിലിരിക്കുന്ന ഭാവി‘ഷെല്ലി’കളെക്കുറിച്ചോ അദ്ദേഹത്തിന് വേവലാതികളില്ലായിരുന്നു!

അറ്റന്റന്‍സ് എന്ന ചടങ്ങിനുശേഷം ക്രമപ്പട്ടികയില്‍ സാര്‍ ഒന്നും എഴുതിച്ചേര്‍ക്കുക പതിവില്ല!അതുകൊണ്ട് ഒരു പൊതുചോദ്യവും തുടര്‍ന്നുള്ള തല്ലുകളുമായി ഒരുമണിക്കൂര്‍ അവസാനിപ്പിക്കേണ്ടതുണ്ട്!

“ഷേക്സ്പിയറിന്റെ നാടകങ്ങളേതൊക്കെയെന്നു പറയ്...!!”ഉയരം ദൌര്‍ബല്യമായതുകൊണ്ട് മുന്‍ബഞ്ചിലിരിക്കേണ്ടിവന്ന ബിനുവിനോടായിരുന്നു ചോദ്യം!ഷേക്സ്പിയര്‍ക്ക് ഇഷ്ടം‌പോലെ നാടകമെഴുതാന്‍ സമയം കിട്ടിയിരുന്നതുകാരണം എല്ലാര്‍ക്കും ഒന്നോരണ്ടോ വീതം പറയാനുംവേണ്ടി ഉണ്ടായിരുന്നു!

സിജുവിന്റെ ഊഴമെത്തി;തടിച്ചുവരണ്ട ചുണ്ടുകളില്‍ ചെറിയവിറയല്‍ പടരുന്നതും മുഷിഞ്ഞ മെറൂണ്‍ നിക്കര്‍ മുറിയുന്നതിനുകീഴെ ശുഷ്കിച്ചകാല്‍മുട്ടുകള്‍ കൂട്ടിമുട്ടുന്നതും എനിക്കുകാണാം.ക്ഷീണിച്ചുകുഴിഞ്ഞകണ്ണുകള്‍ ഒട്ടും കരുണപ്രതീക്ഷിക്കാതെ നമ്പ്യാര്‍ സാറിന്റെ മുഖത്തേക്കുറക്കാന്‍ പാടുപെടുന്നു.അവന്‍ എഴുന്നേറ്റു...

“നീ പറയടാ...ഷേക്സ്പിയറിന്റെ നാടകങ്ങളേതെക്കെ?!”

ആസ് യു ലൈക് ഇറ്റ്,ദ കോമഡി ഓഫ് ഇറേഴ്സ്,മെഷര്‍ ഫോര്‍ മെഷര്‍,സിംബലൈന്‍..തുടങ്ങി ഓള്‍ ഈസ് വെല്‍ ദാറ്റ് എന്‍ഡ്സ് വെല്‍(പ്രതീകാത്മകമായിട്ട്!) വരെ ഞങ്ങള്‍ കേട്ടതും കേള്‍ക്കാത്തതുമായ പേരുകള്‍ നിരത്തിയിട്ടും പരാജിതന്റെ മുഖഭാവം വിടാതെ അവന്‍ അങ്ങനെ നിന്നു!!

ഒരു ഒഥലോ പറഞ്ഞ എനിക്കും, ഒന്നും രണ്ടും പേരുകള്‍ ഓര്‍ത്തെടുത്തുപറഞ്ഞ മറ്റുപലര്‍ക്കും, ഒന്നും പറയാതെ വിറച്ചുകൊണ്ട് എഴുന്നേല്‍ക്കുകയും ഇരിക്കുകയും മാത്രം ചെയ്ത ശ്രീജിത്തിനെപ്പോലുള്ള മിടുക്കന്മാര്‍ക്കും മുന്നില്‍ അവന്‍ പ്രതിഭയോടേ അങ്ങനെ നിന്നു..!

“കഴിഞ്ഞോ?!” ഇനിയുമെന്തൊക്കെയോ ബാക്കിയുണ്ടെന്ന് ഞങ്ങള്‍ക്കപ്പോഴും തോന്നിയിരുന്നില്ല!

സിജുവിന്റെ ഓര്‍മ്മകളുടെ സ്റ്റേജില്‍ ഷേക്സ്പിയര്‍ നാടകങ്ങളോരോന്നായി പിന്നെയും അരങ്ങേറി!
ആ വലിയ ലിസ്റ്റിന്റെ ഏതോവക്കില്‍തട്ടി അവന്റെ വാക്കുകള്‍ വിറയാര്‍ന്ന് മുറിയുമ്പോഴേക്കും സാറിന്റെ കൈകള്‍ അവന്റെ മെലിഞ്ഞ കൈകളെ വിഴുങ്ങിയിരുന്നു!

പിന്നെ ക്ലാസ്‌മുറിയുടെ ചെറിയ ആകാശത്തില്‍ സാറിന്റെ ചൂരല്‍ നിരവധിവട്ടം ഉയര്‍ന്നുതാണു!സിജുവിന്റെ കറുത്തുചുളിഞ്ഞകാല്‍‌വണ്ണകള്‍ ചോരയിറ്റിക്കുന്നതുകണ്ടിട്ടും ഇരുട്ടുകയറിയ മനസ്സുമായി സാര്‍ എന്തൊക്കെയോ ആക്രോശിച്ചു!ഒടുവില്‍ ആന പാപ്പാനെ എറിയുന്നലാഘവത്തോടെ അവനെ ബഞ്ചിലേക്ക് വലിച്ചെറിഞ്ഞിട്ട് അദ്ദേഹം പറഞ്ഞു:“നിങ്ങളാരും ഇത് പറഞ്ഞില്ലെങ്കില്‍ എനിക്ക് മനസ്സിലാവും!പക്ഷേ,ഇവനുഞാനിതെല്ലാം വീട്ടില്‍ വച്ച് പഠിപ്പിച്ചുകൊടുത്തതാണ്!എന്നിട്ടും ഓര്‍ത്തുപറയാന്‍ പറ്റിയില്ലെങ്കില്‍ തല്ലിക്കൊല്ലും!!”

എന്തോ വലിയ നന്മചെയ്ത സംതൃപ്തിയോടെ നമ്പ്യാര്‍ സാര്‍ കളമൊഴിഞ്ഞയുടെനേ, ഡെസ്കിലേക്ക് കമിഴ്ന്നുവീണുകരയാന്‍ തുടങ്ങിയ സിജുവിനടുത്തേക്ക് എല്ലാവരും ഓടിയെത്തി!അകൃത്രിമമായ ആശ്വാസവാക്കുകള്‍ക്ക് പഞ്ഞം നേരിടുന്ന മുഖങ്ങളോടെ അവന്റെ തോളില്‍തട്ടി!

“സിജൂ..!!”മുറിവേറ്റ മനസ്സോടെ അവന്‍ നിവര്‍ന്നു!

“ഹും...വീട്ടില്‍ വച്ച് പഠിപ്പിച്ചെന്ന്!അപ്പനായതുകൊണ്ട് അങ്ങനെ ചെയ്യണംന്നറിയാം;ചെയ്തിട്ടില്ല!ഇന്നുവരെ ഞാന്‍ ഉണ്ടോ പഠിച്ചോന്നയാളന്വേഷിച്ചിട്ടില്ല!പറഞ്ഞതുകേട്ടില്ലേ..പഠിപ്പിച്ചുപോലും!”

“പോട്ടെടാ..അച്ഛനല്ലേ!!”

വിഷാദമുദ്രിതങ്ങളായ ഇടവേളകളിലൊന്നില്‍ അവന്‍ എന്നോടുപറഞ്ഞു:“അച്ഛന്‍ ശമ്പളം മേടിക്കുന്ന ദിവസം വൈകിട്ട് പുള്ളി ബാറില് കേറുമ്പോ ഞാന്‍ വെളീല് നില്‍ക്കും.വീട്ടിലോട്ട് നടക്കുമ്പോ പുള്ളി അറിയാതെ ഞാന്‍ പിന്നിലൂടെ നടക്കും.ഇടക്കിടക്ക് പോക്കറ്റീന്നും കയ്യീന്നുമൊക്കെ കൊഴിഞ്ഞുവീഴുന്ന നോട്ടുകള് പെറുക്കും!അതു മാറ്റിവച്ചിട്ടുവേണം വീട്ടിലെ കാര്യങ്ങള് നോക്കാന്‍!”

അദ്ധ്യാപകനെന്ന നിലയിലും അപ്പനെന്ന നിലയിലും നിരുത്തരവാദിയായ നമ്പ്യാര്‍സാറിന്റെ വീട്ടില്‍ സിജുവിനോടൊപ്പം ഞങ്ങള്‍ മൂന്നാളുകള്‍ എന്നും ഉച്ചക്കുപോകും.അവന്റെ വീട്ടിലെ തണുത്തതറയില്‍ നിരന്നിരുന്ന് ഞങ്ങള്‍ സ്വന്തം വീടുകളില്‍ നിന്നും കൊണ്ടുവന്ന പൊതിച്ചോറുകള്‍ അഴിക്കും.അവന്റെ അമ്മ ഞങ്ങള്‍ കഴിക്കുന്നതും നോക്കിവാതില്‍ക്കല്‍ നില്‍ക്കും!എല്ലാവരും കറികള്‍ പരസ്പരം പങ്കുവക്കും!ഒടുവില്‍ സ്നേഹവും ചോറുമുണ്ട് നിറയുമ്പോള്‍ അമ്മ വന്ന് പൊതികളെല്ലാം എടുത്തുമാറ്റി തറ വൃത്തിയാക്കും!

ആരും ഉണ്ടുകഴിഞ്ഞ് എച്ചില്‍ പെറുക്കരുതെന്ന് അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്!എനിക്കാണെങ്കില്‍ അവന്റെ അമ്മയെക്കൊണ്ട് എന്റെ എച്ചില്‍ വാരിക്കാന്‍ എന്തോ ഒരു വിഷമവും.ഒരു ദിവസം അടുക്കളയിലേക്ക് അമ്മ പോയനേരത്ത്, ഓര്‍ക്കാതെ പുറത്തുവീണ് ചാണകപ്പൊടിപറ്റിയവറ്റുകള്‍ വാരി ഞാന്‍ ഇലയിലെ ബാക്കിച്ചോറിലേക്കിട്ടതുകണ്ട് “അയ്യോ മോനേ...അതുവാരല്ലേ”എന്നുപറഞ്ഞ് അമ്മ ഓടിവന്ന് അതെടുത്തുകൊണ്ടുപോയി!

അന്ന് സ്കൂളിലേക്ക് മടങ്ങുമ്പോള്‍ ഞാന്‍ അതേക്കുറിച്ചോര്‍ത്ത് വിഷമിക്കുന്നതുകണ്ടിട്ടാവണം,അവന്‍ പറഞ്ഞു:“ടാ..അമ്മ എന്തിനാണങ്ങനെ ചെയ്യണതെന്നറിയോ?”

“ഇല്ല!എന്താ?!”

“നിങ്ങളുബാക്കിവച്ചിട്ടുപോകണ ചോറാ എന്റെ അമ്മ എന്നും കഴിക്കണത്..!അതുകൊണ്ടാ...!!”അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു!

ഞാന്‍ പാഴാക്കിയ ഓരോ വറ്റിന്റേയും വില ആ കണ്ണീരില്‍ എഴുതിവച്ചിട്ടുണ്ടായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞനിമിഷം!!

ഞങ്ങള്‍ പിന്നെയും കുറേക്കാലം ആ പതിവുകള്‍ തുടര്‍ന്നുവെങ്കിലും എപ്പോഴോ അതുനില്‍ക്കുകയും ചെയ്തു!

കാലം ദാരിദ്ര്യത്തിന്റെ അരണ്ടവെളിച്ചം വിതറിനിന്ന ഏതോ ഒരു സന്ധ്യ കൂരിരുട്ടിലേക്ക് കൂപ്പുകുത്തിയനേരത്ത്, കുടിച്ചുലക്കുകെട്ട് വീട്ടിലേക്കുള്ള ഇടവഴിയിലൂടെ വരികയായിരുന്ന നമ്പ്യാര്‍ സാര്‍ വരിക്കപ്ലാവിന്റെ ചോട്ടില്‍ കാലിടറിവീണു!സംഭവത്തിന്റെ സാധാരണത്തം കൊണ്ട് ആരും ചെന്നുവിളിച്ചില്ല!പിറ്റേന്ന് തണുത്തുറഞ്ഞ ശരീരം ആശുപത്രിയിലേക്കെടുക്കുമ്പോള്‍ ആ ഗുരുപാദങ്ങളില്‍ നിന്ന് കുറേ മാംസം ഉറുമ്പുകള്‍ ഭക്ഷിച്ചിരുന്നുവത്രേ!!

95 comments:

ഹരിയണ്ണന്‍@Hariyannan said...

ഇത് മറ്റൊരു ഗുരുവിനെക്കുറിച്ചുള്ള ഓര്‍മ്മ!!

ഈ കഥാപാത്രങ്ങളെ നേരിട്ടറിയാവുന്ന സുഹൃത്തുക്കള്‍ ദയവായി അവരുടെ പേരുകള്‍ പരാമര്‍ശിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു!

വായിക്കുക...”വറ്റിന്റെ വില”

മിന്നാമിനുങ്ങുകള്‍ //സജി.!! said...

(((((((((((ഠോ))))))))))))
ആദ്യം തേങ്ങ പിന്നെ അത് നുള്ളിപ്പെറുക്കി തിന്നുകൊണ്ട് വായന തുടങ്ങാ‍ം എന്തെയ്..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആദ്യം തുടക്കം ഒരു തമാശമട്ടിലാണ് വായിച്ച് വന്നത് പക്ഷെ..

“നിങ്ങളുബാക്കിവച്ചിട്ടുപോകണ ചോറാ എന്റെ അമ്മ എന്നും കഴിക്കണത്..!അതുകൊണ്ടാ...!!”അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു!
ഇത് എന്റെ കണ്ണു നനയിച്ചൂ മാഷെ..

ഞാന്‍ പാഴാക്കിയ ഓരോ വറ്റിന്റേയും വില ആ കണ്ണീരില്‍ എഴുതിവച്ചിട്ടുണ്ടായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞനിമിഷം!!

മാഷെ എന്താ പറയേണ്ടത് എന്നറിയില്ല മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചൂ ഈ ഓര്‍മ്മക്കുറിപ്പ്..
ഗുരുവിന്റെ ആത്മാവിന് നിത്യശാന്തിനേരുന്നൂ.

ശ്രീ said...

ഹരിയണ്ണാ...

........................


ഒന്നും പറയാന്‍ തോന്നുന്നില്ല. മനസ്സില്‍ തട്ടി എന്നു മാത്രം പറയട്ടേ.

വേണു venu said...

ഹരീ,
നഷ്ടപ്പെടുത്തുന്ന ഓരോ വറ്റും മറ്റാരുടെയോ ഓരോ തുള്ളി കണ്ണുനീരാണെന്നറിയണമെന്ന് ഓര്‍ക്കുന്ന നിമിഷം.ഞാനെന്‍റെ ഒരു സുഹൃത്തിനെ ഇത്തരുണത്തില്‍ ഓര്‍ത്തു പോകുന്നു.
വല്ലപ്പോഴും ഒത്തു കൂടുന്ന മികച്ച ഹോട്ടലിലെ അത്താഴം. വാരി വിളിച്ചു് ഓര്‍ഡറു കൊടുത്തതിനാല്‍ മിച്ചം വന്ന ഭക്ഷണം.അപ്പോഴാണദ്ദേഹത്തിന്‍റെ ശബ്ദം. “വേണൂ....നമുക്കെങ്കിലും ഇതു വെയിസ്റ്റാക്കരുതു്. എന്‍റെ അമ്മയുടെ ശബ്ദം എന്‍റ് കാതുകളില്‍ മുഴങ്ങുന്നു. അമ്മ പറയുമായിരുന്നു. അന്നു് ...ആ കൊടും പട്ടീണി നാളുകളില്‍ ... അടുത്ത വീട്ടിലെ കൂട്ടുകാരിയുടെ ഭക്ഷണം കഴിഞ്ഞ കൈ കുടയുന്ന അന്നം പോലും അപ്രാപ്യമായിരുന്ന കാലം.” ഇല്ല. അന്നം നഷ്ടമാക്കരുതു്.
” ഇല്ല സാറെ ഒരിക്കലും ഇല്ല.” എന്‍റെ മറുപടി.
ഗുരു പാദാര്‍ക്കനുദിക്കും സമയം വരെ വിദ്യയാകുന്ന നളിനി വിലസ്സില്ല തെല്ലുമേ.
പക്ഷേ ഈ ഗുരുവിനെ പരാജയപ്പെടുത്തിയ എന്‍റെ കാലഘട്ടമേ നിന്നെ ഞാന്‍ പഴിക്കുന്നു.
Well written. congrats.:)

മാണിക്യം said...

ഈ കഥയുടെ
ആദ്യ വരി വായിച്ചപ്പൊള്‍
മനസ്സ് പറഞ്ഞു ഈ തമാശ?
“ഹരി എന്തിനുള്ള പുറപ്പാടാ” എന്നു

ഒരു താങ്ങാന്‍ വയ്യാത്ത വിങ്ങല്‍
മനസ്സില്‍ ബാക്കിയാക്കിയല്ലൊ ഹരീ
ഇത്തരം നീറുന്ന ഓര്‍മ്മകള്‍
ജീവിതത്തില്‍ പലപ്പൊഴും കണ്ടറിഞ്ഞു
പക്ഷേ വക്കുകളാക്കാന്‍ ത്രാണിയില്ല.
ഹരിലാലിന്റെ കവിതകള്‍ ശക്തമാണു
എന്നാല്‍ കഥകള്‍ അതിശക്തം
വായിച്ചു കഴിഞ്ഞ് എത്രയോ ദിവസം
ഈചിത്രം ഓര്‍മ്മയില്‍ തങ്ങും
മായില്ല ഒരിക്കലും ...

സ്വന്തകര്‍ത്തവ്യം ചെയ്യാന്‍ മറന്ന അച്ഛന്‍
അതിന്റെ കുറ്റബോധം ആണൊ
ആ അടിയിലൂടെ വ്യക്തമാക്കിയത്?
അതും മറ്റുള്ളവരുടെ മുന്നില്‍ വച്ചു..?

ഒത്തിരി ചോദ്യങ്ങള്‍ ഈശ്വരന്‍ ഉത്തരം തരേണ്ടവ ബാക്കി നില്‍ക്കെ.......
ഹരി ഓര്‍‌മകള്‍ പങ്ക് വച്ചതിന് ,
വറ്റിന്റെ വില ഓര്‍‌മിപ്പിച്ചതിന്,
നന്ദി! വളരെ ഹൃദയസ്പര്‍‌ശ്ശിയായി ....

കൈലാസി: മണി,വാതുക്കോടം said...

ഹരിയണ്ണാ,എന്താ പറയേണ്ടതെന്നറിയില്ല.
വളരേ ഹ്യദയസ്പര്‍ശിയായ കഥ.
മാണിക്യാമ്മ പറഞ്ഞതുപോലെ ‘വറ്റിന്റെ വില ഓര്‍‌മിപ്പിച്ചതിന്,
നന്ദി!’

കുറുമാന്‍ said...

ഇങ്ങനെ എത്ര ജന്മം (ഞാനടക്കം).

മാതാപിതാ ഗുരോ ദൈവം! ഇത്തരം ഗുരുക്കന്മാര്‍ ഒരു ശാപം തന്നെ.

Anonymous said...

കൂടെ കൂടെ ഓര്‍മ്മയില്‍ വേദനിപ്പിച്ച ആ സംഭവം ഇത്രയും സുന്തരമായി എഴുതിയ നിനക്കു ഒരായിരം നന്ദി.

ശ്രീജിത്

ബഹുവ്രീഹി said...

ഹരിയണ്ണാ,

നല്ല പോസ്റ്റ്. വിഷമിപ്പിച്ചു പക്ഷെ.

siva // ശിവ said...

മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു...ഈ ഓര്‍മ്മക്കുറിപ്പുകള്‍ വളരെ നന്നായി....

പാമരന്‍ said...

ഹര്യണ്ണാ.. വെള്ളിയാഴ്ച ആയോണ്ടാണോന്നറീല്ല, വെള്ളം അകത്ത്‌ള്ളോണ്ടാണോന്നറീല്ല.. ഞാന്‍ കരഞ്ഞു.. സത്യം..!

നന്ദു said...

ദാരിദ്ര്യത്തിന്റെ പഴയ കാലം. ഇപ്പൊഴത്തെ തലമുറയ്ക്ക് ഇതൊന്നും അറിയേണ്ടി വന്നിട്ടില്ലല്ലോ?. ഇപ്പോഴും ദാരിദ്ര്യം ഇല്ല എന്നല്ല. പക്ഷെ ഇത്രെം തീക്ഷ്ണമായ അനുഭവം ഉണ്ടാകാൻ വഴിയില്ല.

നല്ല കുറിപ്പുകൾ ഹരി. :)

അനില്‍ശ്രീ... said...

ഹരീ.. എന്താ എഴുതേണ്ടത് എന്ന് അറിയില്ല.. ഞാന്‍, ഞാന്‍ അല്ലാതായി പോയി.. ഇപ്പോഴും ഉച്ചക്ക് നഷ്ടപ്പെടുത്തുന്ന വറ്റുകള്‍.. അതിന്റെ വിലയെ വീണ്ടും ഓര്‍മപ്പെടുത്തിയല്ലോ .. നന്ദി..

ചന്ദ്രകാന്തം said...

ഉത്തരവാദിത്വബോധം കുഞ്ഞുങ്ങളില്‍ വളര്‍‌ത്തിയെടുക്കേണ്ട ഗുരുക്കന്മാര്‍...
അവര്‍ തന്നെ ഇങ്ങനെ....!!!
പാഴാക്കുന്ന വറ്റുകളില്‍ ഉറ്റുനോക്കുന്ന കണ്ണുകള്‍.. മനസ്സില്‍ നിന്നും മായുന്നില്ല ഹരിജീ.

മൂര്‍ത്തി said...

Touching...

കുഞ്ഞന്‍ said...

ഹരി മാഷെ..

ഹഹ.. സ്കൂള്‍ ജീവിതത്തിലെ ഒരേട് വളരെ രസകരമായി കണ്‍‌മുന്‍പില്‍ അവതരിപ്പിച്ചു..ആദ്യ ഭാഗത്ത് ക്വോട്ടാനാണെങ്കില്‍ എല്ലാം ക്വോട്ടണം..!

ആ പടവും അസ്സല്‍..അതില്‍ക്കൂടി നമ്പ്യാര്‍ സാറിനെ കാണാം.

വറ്റിന്റെ വില.. അത് അറിയുന്നവന്റെ കണ്ണു നിറയ്ക്കും. എന്റെ അമ്മയുടെ അനിയത്തി ഈ പറഞ്ഞ അമ്മയെപ്പോലെയാണ്. കൊച്ഛച്ചന് ജോലിയുണ്ടായിരുന്നില്ല കാരണം ഒരു വശം തളര്‍ന്ന് കിടപ്പായിരുന്നു. അച്ചിച്ഛനാണ് കുടുംബം നോക്കിയിരുന്നത്. ഞങ്ങള്‍ കുട്ടികള്‍ കഴിച്ച ബാക്കി ഭക്ഷണം അത് ഏതായാലും എന്റെ ചിറ്റ കഴിച്ചിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ എനിക്ക് വല്ലാത്ത അറപ്പ് തോന്നിയിരുന്നു. പക്ഷെ ഇത്തിരി മുതിര്‍ന്നപ്പോള്‍ കാരണം മനസ്സിലായി അച്ചിച്ഛനെക്കൊണ്ട് എല്ലാ വയറും നിറക്കാനുള്ള കഴിവുണ്ടായിരുന്നില്ല, അതൊട്ട് (പിന്നെ പുറത്തുനിന്നു വരുന്നവരെയും,കല്യാണം കഴിച്ചയച്ച മറ്റുമക്കളെ) അറിയിച്ചിരുന്നിലാതാനും.! വിശപ്പുകൊണ്ടും വറ്റിന്റെ വില അറിയുന്നതുകൊണ്ടും ആയിരുന്നു ചിറ്റ എച്ചിലുകള്‍ കഴിച്ചിരുന്നത്. ആ മുഖം ഈ കഥയില അമ്മയുടെ മുഖമായി എനിക്കു തോന്നി...സങ്കടം വരുന്നു.

നല്ലൊരു പോസ്റ്റ്..!

ശെഫി said...

മനസ്സിൽ തന്നെ കൊള്ളിക്കാനായിരിക്കുന്നു മാഷേ

ശ്രീലാല്‍ said...

ഹരിയണ്ണാ, മനസ്സില്‍ നില്‍ക്കും ഈ പോസ്റ്റ് എന്നും.

ചിതല്‍ said...

ഓര്‍ക്കാതെ പുറത്തുവീണ് ചാണകപ്പൊടിപറ്റിയവറ്റുകള്‍ വാരി ഞാന്‍ ഇലയിലെ ബാക്കിച്ചോറിലേക്കിട്ടതുകണ്ട് “അയ്യോ മോനേ...അതുവാരല്ലേ”എന്നുപറഞ്ഞ് അമ്മ ഓടിവന്ന് അതെടുത്തുകൊണ്ടുപോയി!
......

“നിങ്ങളുബാക്കിവച്ചിട്ടുപോകണ ചോറാ എന്റെ അമ്മ എന്നും കഴിക്കണത്..!അതുകൊണ്ടാ...!!”അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു!


വായിക്കേണ്ടിയിരുന്നില്ല.
ഹ്രദയത്തില്‍ തട്ടുന്നു...ഞാന്‍ ആ കാലത്ത് ഒക്കെ വലിച്ചെറിഞ്ഞ ഉച്ച ഭക്ഷണം എന്നെ തുറിച്ച് നോക്കുന്നു. വയ്യ..

അശോക് കർത്താ said...

ക്രൂരനും നിന്ദ്യനുമായ നമ്പ്യാര്‍ സാര്‍. നന്മയുടെ ഒരു തുള്ളി വെളിച്ചം പോലും ഇല്ലായിരുന്നോ ആ മനസില്‍? അതോ സിജുവിനോടുള്ള മമത കൊണ്ട്, അവന്റെ അമ്മയോടുള്ള കാരുണ്യവായ്പുകൊണ്ട് അത് കാണാതെ പോയതാണോ? പ്രകൃതി 100% വും നിന്ദ്യനായ ഒരാളെ സൃഷ്ടിക്കില്ലെന്നാണു തോന്നുന്നത്. ആവോ ആര്‍ക്കറിയാം!

Rare Rose said...

ഹരിയണ്ണാ..,കുട്ടികളുടെ മുന്നില്‍ അലസത കാട്ടിയും ഉത്തരവാദിത്തമില്ലാതെയും ഇങ്ങനെ സ്വയം ചെറുതാവുന്ന എത്രയോ ഗുരുക്കന്മാര്‍....
തമാശയാണെന്നു കരുതി വായിച്ചു പോകവെ മനസ്സിലെവിടെയൊ ഒരു നൊമ്പരമുണര്‍ത്തി വരികളിലൂടെ ആ അമ്മയെക്കണ്ടപ്പോള്‍....പാഴക്കികളയുന്ന ഓരോ വറ്റിന്റെയും വില ഇന്നു മനസ്സിലാകുന്നു..ആശംസകള്‍...:)

Unknown said...

No words ........

Really touching..

Keep posting......

Akash nair said...

സ്കൂള്‍ അസംബ്ലി കഴിഞ്ഞ് ക്ലാസിലെത്തിയാല്‍ തൊട്ടടുത്തുള്ള പബ്ലിക് മാര്‍ക്കറ്റിനോട് ഞങ്ങള്‍ ബഹളം വച്ച് മത്സരിക്കും.ശ്രദ്ധിച്ചാല്‍ ഒരു കടലിന്റെ ഇരമ്പല്‍!ചെവിയോര്‍ത്താല്‍ ചില ശബ്ദങ്ങളെ വേറിട്ടുകേള്‍ക്കാം!
ഈ ഓര്‍മ്മക്കുറിപ്പുകള്‍ നന്നായി....

തുടര്‍ന്നും എഴുതുക.....

സ്നേഹപൂര്‍വ്വം..
ആകാശ് തൈക്കാട്

കാവലാന്‍ said...

വേദന പകരുന്ന കുറിപ്പ്.

അടിച്ചു വളര്‍ത്തിയ കുഞ്ഞും അടച്ചു വേവിച്ച കറിയും ഗുണമേറമെന്നായിരുന്നു പഴഞ്ചൊല്ല്.

ചൊല്ലിനു വേണ്ടിയൊരു പഴഞ്ചൊല്ല് എന്നതിനെ തിരുത്തിവായിക്കാം.

കനല്‍ said...

തമാശയാണെന്ന് പിടിച്ചിരുത്തി വായിപ്പിക്കുന്ന എഴുത്ത്.
ഒടുവില്‍ കരയിപ്പിക്കുന്ന എഴുത്ത്.
അണ്ണാ ഞാനൊന്നും പറയുന്നില്ല.
ഞാനും കണ്ടിട്ടുണ്ട് പൊതിച്ചോറ് കഴിച്ചതിനു ശേഷം പുറത്ത് ചവറ്റുപെട്ടിയില്‍ നിക്ഷേപിക്കുമ്പോള്‍ അവിടെ ഉന്തും തള്ളും നടത്തുന്ന തെരുവു കുട്ടികളെ.
ഇഷ്ട പെട്ട കറി വിഭങ്ങള്‍ ഇല്ലെന്ന് രാവിലെ അറിയാവുന്നതുകൊണ്ട് അമ്മ കെട്ടി തരുന്ന പൊതിച്ചോറ് തിന്നാതെ തന്നെ അവര്‍ക്കു കൊടുത്തിട്ടുണ്ട്.അവിടെ അവരുടെ വിശപ്പടക്കാന്‍ കഴിഞ്ഞു എന്ന ആത്മസംത്യപ്തി തോന്നിയിരുന്നില്ല എനിക്ക്,ചോറ് പാഴാക്കിയില്ലല്ലോ എന്ന ചിന്തമാത്രമായിരുന്നു.

ഹരിയണ്ണന്‍@Hariyannan said...

എല്ലാവര്‍ക്കും നന്ദി!
സജി ഉടഞ്ഞതേങ്ങാക്കഷണങ്ങള്‍ ബാക്കിവെക്കാതെ പെറുക്കണേ...ഒരു വറ്റിനും ഒരു തേങ്ങാക്കഷണത്തിനും ഉള്ള വില അറിയാമല്ലോ?!
:)

ശ്രീ,വേണു ...നന്ദി!

മാണിക്യം..അപ്പറഞ്ഞതിലാണുസത്യം;കുറ്റബോധം കൊണ്ട് അടിച്ചുപോയതാവാം!:(

മണി.. നന്ദി!

കുറുമാന്‍..നന്ദി!ഗുരു എന്നനിലയിലും അച്ഛന്‍ എന്ന നിലയിലും മികച്ചുനിന്നേക്കാമായിരുന്ന ഒരാളെ പരാജിതനാക്കിയ സാധനം ചാരായമായിരുന്നു!!

ഹരിയണ്ണന്‍@Hariyannan said...

സുഹൃത്തുക്കളേ..

ഞാന്‍ ഈ കുറിപ്പില്‍ പറഞ്ഞിട്ടുള്ള(ഒന്നും പറയാതെ വിറച്ചുകൊണ്ട് എഴുന്നേല്‍ക്കുകയും ഇരിക്കുകയും മാത്രം ചെയ്ത ശ്രീജിത്തിനെപ്പോലുള്ള മിടുക്കന്മാര്‍ക്കും മുന്നില്‍ അവന്‍ പ്രതിഭയോടേ അങ്ങനെ നിന്നു..!)ആ ശ്രീജിത് തന്നെയാണ് “കൂടെ കൂടെ ഓര്‍മ്മയില്‍ വേദനിപ്പിച്ച ആ സംഭവം“ എന്നെഴുതിയ അനോണിമസ്!

ശ്രീജിത്..നന്ദി!

തണല്‍ said...

ഹരിയണ്ണാ..
വരണ്ട് പോയി..വല്ലാതെ!
(ആ സിജു എവിടെയിപ്പോള്‍...?)

ജിജ സുബ്രഹ്മണ്യൻ said...

മനസ്സില്‍ തട്ടി.വല്ലാത്തൊരു നൊമ്പരം ..മനസ്സു വിങ്ങുന്നു

ബിന്ദു കെ പി said...

പറയാന്‍ വാക്കുകളില്ല...ഹൃദയത്തില്‍ തട്ടിയ ഓര്‍മ്മക്കുറിപ്പ്...

OAB/ഒഎബി said...

ഇന്ന് കുട്ടികളോട് ഈ കഥ പറഞ്ഞാല്‍ ‘ഹെയ്...അങ്ങനെയൊന്നും ഉണ്ടാവില്ല‘ എന്നെ പറയൂ. ചെറുപ്പത്തില്‍ ഒരു വറ്റിന്റെ വില സ്വയം അറിഞ്ഞതിനാല്‍ കൂടുതലൊന്നും പറയാനില്ല.

Unknown said...

മനസിനെ ചിന്തിപ്പിക്കുന്ന കരയിപ്പിക്കുന്ന
രചന .ഹരിയണ്ണാ നമ്മളൊക്കെ എത്ര വലിയവരായാലും നമ്മളില്‍ അവശേഷിക്കുന്ന ഒരു
ജീവിതം തന്നെയാണ് എന്നും പോയകാലത്തെ ദുഖങ്ങളും ദുരിതങ്ങളും വേദനകളും ഓര്‍ത്തെടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്

ഹരിയണ്ണന്‍@Hariyannan said...

ബഹുവ്രീഹി,ശിവ,പാമരോ(വെള്ളീടെയാരിക്കും :) ആ ഇടര്‍ച്ച!),നന്ദൂ,അനില്‍ശ്രീ,ചന്ദ്രകാന്തം,മൂര്‍ത്തീ...

അഭിപ്രായങ്ങള്‍ക്ക് നന്ദി!

ഹരിയണ്ണന്‍@Hariyannan said...

കുഞ്ഞന്‍..വേദനിപ്പിക്കുന്ന ആ ജീവിതാനുഭവങ്ങളേയും പങ്കുവച്ചതിന് നന്ദി!

ശെഫി,ശ്രീലാല്‍ നന്ദി!

ചിതലരിക്കാത്ത എന്റെ ഓര്‍മ്മകളിലേക്ക് അരിച്ചിറങ്ങിവന്ന ‘ചിതലി’ന്റെ ആത്മാര്‍ത്ഥതക്കും നന്ദി!
:)

ഗീത said...

ഹരിയണ്ണാ, വല്ലാതെ വേദനിപ്പിച്ചു. ചിരിയില്‍ തുടങ്ങി കരച്ചിലിന്റെ വക്കില്‍ കൊണ്ടെത്തിക്കുന്ന ഈ എഴുത്ത് അപൂര്‍വ്വസുന്ദരം തന്നെ.

എനിക്കുമുണ്ട് ഏകദേശം ഇതുപോലൊരു അനുഭവം. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചില കുട്ടികള്‍ ഉച്ചഭക്ഷണം പകുതിമുക്കാലും കഴിക്കാതെ കളയുമായിരുന്നു. ഒരിക്കല്‍ അതുകണ്ട് ക്ലാസ്സിനു വെളിയില്‍ നിന്ന ഒരു കുട്ടി പറഞ്ഞു അതു കളയണ്ട എനിക്കു തന്നാല്‍ മതി എന്ന്‌. അന്നാണ് എല്ലാവരും ശ്രദ്ധിക്കുന്നത്, ആകുട്ടി ഉച്ചക്കുണ്ണാന്‍ വീട്ടില്‍ പോകാറില്ല എന്നും എന്നാല്‍ ക്ലാസ്സ് റൂമിനകത്തിരുന്നു ഉണ്ണാനും വരാറില്ലെന്നതും. അന്നു തന്നെ എല്ലാവരും ചേര്‍ന്നൊരു തീരുമാനമെടുത്തു. നാളെമുതല്‍ ഇത്തിരി ചോറ്‌ കൂടുതല്‍ കൊണ്ടു വരിക, അതില്‍ നിന്ന് ഒരു പിടിചോറു വീതം ആ കുട്ടിക്കു നല്‍കുക എന്ന്. പിറ്റേന്നു തൊട്ട് എല്ലാവരും ഇതു പ്രാവര്‍ത്തികമാക്കി. ഉച്ചക്ക് ആ കുട്ടി ഒരു വട്ടയില പറിച്ചു കൊണ്ടൂവരം. എല്ലാവരും കുറച്ചു ചോറ് അതില്‍ വയ്ക്കും. അവസാനം ഞങ്ങളോരോരുത്തരും കഴിക്കുന്നതിനേക്കാള്‍ ചോറ് ആ ഇലയില്‍ കാണും. ആകുട്ടി ചോറ് കഴിക്കുന്നതു കണ്ട് പലതവണ കരഞ്ഞുപോയിട്ടുണ്ട്, രാത്രിയില്‍ ഇങ്ങനെ അതിന് ആരു കൊടുക്കും എന്നോര്‍ത്ത്. ആ കുട്ടിയുടെ മുഖം ഇന്നും എന്റെ ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്‍പ്പുണ്ട്, ആദ്യമായി ആ ചോറു കളയണ്ട ഇങ്ങു തന്നാല്‍ മതി എന്നു പറഞ്ഞപ്പോള്‍ ഇട്ടിരുന്ന ആ പച്ച ഉടുപ്പുവരെ.

ദാരിദ്ര്യം ഒരു കൊടിയ ദു:ഖം തന്നെയാണ്. സിജു ഇന്നിപ്പോള്‍ നല്ല നിലയില്‍ ആയിക്കാണുമല്ലോ അല്ലേ ഹരിയണ്ണാ?

പൊറാടത്ത് said...

ഹരിയണ്ണന്‍.. ഈ അനുഭവം പങ്ക് വെച്ചതിന് നന്ദി.

ഗീതടീച്ചര്‍ ചോദിച്ചപോലെ, സിജു ഇന്നിപ്പോള്‍ നല്ല നിലയിലായിക്കാണും അല്ലേ..??

ചെറുപ്പത്തിലെ ഇത്തരം അനുഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, പിന്നീട് നല്ല നിലയിലെത്തിയ പലരേയും അറിയാം (മറിച്ചും ഉണ്ട് ട്ടോ)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വെല്ലാത്ത വേദന തരുന്ന അനുഭവം..
നല്ല അവതരണം...



എമ്പതുകളില്‍ ഷേക്സ്പീരിയന്‍ ക്യിതികള്‍ പത്താംതരത്തില്‍ പഠനവിഷയമായിരുന്നോ?..ഒരു സംശയം.

Sapna Anu B.George said...

നല്ല അവതരണം........വളരെ നന്നായിട്ടുണ്ട് ഹരി

മുസാഫിര്‍ said...

ജീവിതത്തില്‍ അപൂര്‍വ്വമായി കിട്ടുന്നതിനൊക്കെ മൂ‍ല്യം കൂടും . ചോറായാലും സ്നേഹമായാലും.നല്ലൊരു അനുഭവം വാക്കുകളുടെ ധാരാളിത്തമില്ലാതെ പറഞ്ഞിരിക്കുന്നു .

krish | കൃഷ് said...

പാഴായിപോവുന്ന വറ്റിന്റെ വില. ഹൃദയസ്പര്‍ശിയായ അനുഭവക്കുറിപ്പ്.

പ്രിയംവദ-priyamvada said...

:(

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഹരീ....അറിയാതെയാണേലും ആ അമ്മക്കു കുറച്ചു ദിവസം ആഹാരം കൊടുക്കാന്‍ കഴിഞ്ഞല്ലോ ആ കുഞ്ഞി കൈകള്‍ക്ക്.
എന്തെഴുതണം... ആകെ ഒരു സങ്കടം ആയി എന്നു പറഞ്ഞാല്‍ മതിയല്ലൊ..........

yousufpa said...

ഹരീ... ശ്രീ എഴുതിയതുപോലെ ഒന്നും പറയാന്‍ കഴിയുന്നില്ല.മനസ്സിനെ ശെരിക്കും നോവിച്ചു,വല്ലാതെ.

വെള്ളെഴുത്ത് said...

സ്കൂളുകള്‍-സര്‍ക്കാര്‍ സ്കൂളുകള്‍- ഇന്നും മാറിയിട്ടില്ലെന്നതാണ് വിവരണത്തെ കാലികമാക്കുന്ന വശം. അവനവനോടു തന്നെ ഉത്തരവാദിത്വമില്ലാത്തവരെക്കൊണ്ട് അവര്‍ ടീച്ചറായാലെന്ത്, ക്ലാര്‍ക്കായാലെന്ത്, സമൂഹത്തിനെന്താണ് ഒരു മേല്‍ഗതി?

[ nardnahc hsemus ] said...

ഹരിയണ്ണാ, ഇവിടെ ഇത് എഴുതിയത് നന്നായി. പലര്‍ക്കും അവര്‍ നടന്നുവന്ന വഴികളിലേയ്ക്ക് ഓര്‍മ്മകളിലൂടെയെങ്കിലും തിരിഞ്ഞുനടക്കാനുള്ള ഒരു പാലം പോലെ...

എന്റെ ലാസ്റ്റ് പോസ്റ്റില്‍ പറഞ്ഞിട്ടുള്ള ‘സമ്പൂര്‍ണ്ണ ക്രാന്തി വിദ്യാലയത്തില്‍’ ഒരു ശീലമുണ്ട്.. അവിടെ ആരും പാത്രത്തില്‍ എടുത്ത ഭക്ഷണം കഴിയ്ക്കാതെ എറിഞ്ഞുകളയരുത് എന്നൊരു അലിഖിത നിയമമുണ്ട്. ആവശ്യമുള്ളവ മാത്രം എടുക്കുക.. എടുത്തതത്രയും കഴിയ്ക്കാനാവില്ല എന്നു ബോധ്യപ്പെട്ടാല്‍, അത് അടുത്തിരിയ്ക്കുന്നവര്‍ക്ക് ഓഫര്‍ ചെയ്യുക.. എന്നിങനെ..

നമ്മള്‍ പലപ്പഴും ചിന്തിയ്ക്കാതെ ഭക്ഷണപാത്രങ്ങളില്‍ വലിച്ചെറിയുന്ന ഭക്ഷണം പലപ്പോഴും അതിന്റെ പത്തിലൊന്നു അശം പോലും കിട്ടിയാല്‍ നിറയുന്ന വരണ്ട ഒരുപാട് വയറുകള്‍ ഉള്ള നാടാണ് നമ്മുടേതെന്ന സത്യവും ബോധവും വിദ്യാര്‍ത്ഥികളിലേയ്ക്ക് പകര്‍ന്നു നല്‍കാന്‍ ഇങനെയുള്ള ചില ശീലങ്ങള്‍ ഒരു പരിധി വരെ സഹായിയ്ക്കും എന്ന ഒരു വിശ്വാസത്തോടെയാണവര്‍ അതു ചെയ്യുന്നത്...

പണ്ട്, ഒന്നരവര്‍ഷത്തിനുശേഷം ഈ വിദ്യാലയത്തിലെ ശീലങ്ങളുമായി നാട്ടില്‍ ചെന്ന ഞാന്‍ അടുത്ത ഒരു സുഹൃത്തിനോടൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിയ്ക്കേ ഭസുഹൃത്ത് ഭക്ഷണം വേസ്റ്റാക്കുന്നതുകണ്ട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ കുഴച്ച് മാറ്റിവച്ച ആ ഭക്ഷണം മുഴുവന്‍ എന്റെ പാത്രത്തിലേയ്ക്ക് അതേപടി പുച്ഛഭാവത്തോടെ കൊണ്ടുവന്ന് തട്ടിയത് കണ്ട് അടുത്തുള്ളവര്‍ അന്തം വിട്ടിരിയ്ക്കേ, വയറുനിറഞ്ഞിരുന്നിട്ടും അവനെ ബോധിപ്പിയ്ക്കാന്‍ ഞാനതു കഴിച്ചതും ഇതു വായിച്ചപ്പോള്‍ ഓര്‍ത്തുപോയി...

വിശപ്പുള്ളവന് ഭക്ഷണം എപ്പോഴും വളരെ പവിത്രമായ ഒന്നാണ്.. ശരിയ്ക്കും പറഞ്ഞാല്‍ ഭക്ഷണം ഒരവസ്ഥയിലും എച്ചില്‍ ആവുന്നില്ല, അങ്ങനെ വിളിയ്ക്കുന്നത് തീര്‍ത്തും അസംബന്ധമാണ്..

ഹിന്ദിയില്‍ ഒരു ചൊല്ലുണ്ട്..
ധാനേ ധാനേ മേം ലിഖാ ഹേ,
ഖാനേ വാലേ കാ നാം..

(ഓരോരോ ധാന്യമണിയിലും എഴുതി വച്ചിട്ടുണ്ടാകുമത്രെ അത് കഴിയ്ക്കേണ്ടവന്റെ പേര്..)

മൈസൂരുള്ള ഒരു എന്‍ ജി ഓ ഉണ്ട്.. കല്യാണസദ്യകളിലും പാര്‍ട്ടികളിലുമൊക്കെ അധികം വരുന്ന, കഴിച്ച ഭക്ഷണപാത്രങ്ങളില്‍ മിച്ചം വരുന്ന ഈറ്റബിള്‍സ് കളക്റ്റ് ചെയ്ത് ഗ്രാമങ്ങളിലും മറ്റും ആവശ്യക്കാരായ പാവപ്പെട്ട ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയാണിവരുടെ പ്രധാന ജോലി.

ഭക്ഷണം മാത്രമല്ല, അനാവശ്യമായി ചിലവാക്കുന്ന ഒരു തുള്ളി വെള്ളത്തിനുപോലും ഉണ്ടാകും ആവശ്യക്കാരനെ സംതൃപ്തനാക്കാന്‍ കഴിയാതെ പോയതിലുള്ള, അതിന്റെ കര്‍മ്മസായൂജ്യമടയാതെ പോയതിലുള്ള, അതിനു കാരണക്കാരായവരോടുള്ള തീരാത്ത അമര്‍ഷം.

പലരേയും നമുക്ക് ഈ കാര്യങ്ങള്‍ കണ്‍വിന്‍സ് ചെയ്യാന്‍ പറ്റിയില്ലെന്നുവരാം.. പക്ഷെ, നമ്മുടെ കുട്ടികള്‍, അവരങ്ങനെ ആവരുത്.. എന്റെ കുട്ടി അങ്ങനെ ആവില്ല. ഉറപ്പ്.

:)

പാര്‍ത്ഥന്‍ said...

ഹരിയണ്ണാ,
കരളില്‍ കൊള്ളുന്ന തരത്തിലുള്ള അവതരണം ഇഷ്ടമായി.
നാട്ടില്‍ പല വീടുകളിലും വെള്ളമടിച്ച്‌ വന്ന്‌ രാത്രിയ്ക്കുള്ള ഭക്ഷണപാത്രം തല്ലിപ്പൊട്ടിച്ച്‌ ഭാര്യയെയും കുട്ടികളെയും പട്ടിണിയ്കിടുന്ന കഥാപാത്രങ്ങളെ കണ്ടിട്ടുണ്ട്‌.
ഇത്‌ അതിനേക്കാള്‍ വേദനാജനകമാണ്‌.

ഹരിയണ്ണന്‍@Hariyannan said...

@ അകോസേട്ടന്‍(എ.കെ.)
നന്മ കാണാഞ്ഞിട്ടല്ല;പാലില്‍ നീലം വീണാല്‍ പിന്നെയത് പാലായിരുന്നു എന്ന് പറഞ്ഞറിയിക്കേണ്ടിവരും!
പലര്‍ക്കും പേടിയായിരുന്ന സാര്‍ എന്നോട് ഒരിക്കല്പോലും ദേഷ്യപ്പെട്ടിട്ടില്ല!
ഒരിക്കല്പോലും തല്ലിയിട്ടില്ല!!

റോസമ്മ,ജയലാല്‍(അഹല്യയിലെ പഴയ സുഹൃത്തെന്നുകരുതുന്നു;ശരിയല്ലേ?!),ആകാഷ്..
നന്ദി!

കാവലാനേ..അടിച്ചുതന്നെ കുട്ടികളെ വളര്‍ത്തണം.ഓരോ അടിയിലും നമ്മുടെ സ്നേഹപൂര്‍ണമായ തിരുത്തലുകള്‍ ഉണ്ടാവണം.തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേകമുണ്ടാക്കാന്‍ ആ അടികള്‍ക്ക് കഴിയും.
എനിക്ക് കിട്ടിയ അടികള്‍ എന്തിനൊക്കെയായിരുന്നെന്ന് എനിക്കോര്‍മ്മയുണ്ട്;അതിന് എന്റെ അച്ഛനോട് നന്ദിയും!

പിന്നെ അടിക്കാന്‍ വേണ്ടി അടിക്കുന്നത്;സ്വയം ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ മറക്കാന്‍/മാണിക്യം പറഞ്ഞപോലെ കുറ്റബോധം കൊണ്ട് അടിക്കുന്നത്...
അവിടെയാണ് അടിതെറ്റുന്നത്!
ക്രിയാത്മകമായ പ്രതികരണത്തിന് നന്ദി!

കനല്‍..
പണ്ട് “ഈ വെണ്ടക്കാത്തോരനാണെങ്കില്‍ എനിക്കിന്നു ചോറുവേണ്ട”എന്നുപറഞ്ഞിരുന്ന സ്കൂള്‍കുട്ടിയായ എന്നെ ഓര്‍ത്തു;“എടാ നീ ഇപ്പോഴല്ല,പിന്നെ ഒരുകാലത്ത് ഇത് മനസ്സിലാക്കും”എന്നുപറഞ്ഞ അമ്മയേയും ഓര്‍ത്തു!ഇപ്പോള്‍ മാത്രമല്ല;ജീവിതത്തില്‍ പലവട്ടം!!

ഹരിയണ്ണന്‍@Hariyannan said...

തണല്‍...
കാന്താരിക്കുട്ടി...
ബിന്ദു...
Oളിച്ചിരുന്ന് Aാസ്വദിക്കുന്ന Bലോഗര്‍... :)
നന്ദി!

കോതനല്ലൂരുകാരാ..അനൂപേ..
അവശേഷിപ്പുകളെ കണ്ടെത്തലാണല്ലോ ജീവിതം!
നന്ദി!

G.MANU said...

50 ente vaka.....

{{{{{{{{{{TThE}}}}}}}}}

hridaya sparsiyaya katha mashe.

congrats

അഗ്രജന്‍ said...

ഹരി ശരിക്കും ടച്ചിംഗ്!

ഹരിയണ്ണന്‍@Hariyannan said...

ഗീതേച്ചീ..

സമാനമായ ജീവിതാനുഭവം പങ്കുവച്ചത് ഉചിതമായി!

പൊറാടത്ത്..അനുഭവങ്ങളില്‍ നിന്ന് തിരിച്ചറികുണ്ടാവുക എന്നാണല്ലോ അല്ലേ?

ഗീതേച്ചിയും പൊറാടത്തും സംശയിച്ചപോലെ സിജുവിനും പിന്നീട് ഒരു നല്ല ജീവിതമുണ്ടായി എന്ന് ഞാനും കരുതുന്നു!

ഡിഗ്രിക്കുപഠിക്കുന്നകാലത്ത് കെ.എസ്.ആര്‍.ടി.സി ബസ് തടയാനായി എം.ജി.കോളേജിനുമുന്നിലെറോഡിനുനടുക്ക് നില്‍ക്കുന്ന സിജുവിനെ ഞാന്‍ കണ്ടിട്ടുണ്ട്!

ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗം എന്ന് അറിഞ്ഞു.കാരണം,എല്ലാം വിറ്റ് അവന്‍ ഞങ്ങളുടെ നാടുപേക്ഷിച്ച് വേറെ എങ്ങോട്ടോ പോയി;സാറിന്റെ മരണശേഷം!

വല്യമ്മായി said...

നല്ല എഴുത്ത്,സിജുവിനെ ആ അമ്മയെ എല്ലാം മുമ്പില്‍ കണ്ടു.

ഹരിയണ്ണന്‍@Hariyannan said...

വഴിപോക്കാ..
ഷേക്സ്പിയര്‍ കൃതി പഠിക്കാനുണ്ടാവണമെന്നില്ലായിരുന്നു,അദ്ദേഹത്തിന് ആ ചോദ്യം ചോദിക്കാന്‍!
“പഠിപ്പിക്കേണ്ടത് ഇംഗ്ലീഷ് ആണെന്നും പഠിപ്പിക്കുന്നത് പത്താം ക്ലാസുകാരെയാണെന്നും അറിയാമെന്നതിനുപരി സിലബസിനെക്കുറിച്ചോ തന്റെ മുന്നിലിരിക്കുന്ന ഭാവി‘ഷെല്ലി’കളെക്കുറിച്ചോ അദ്ദേഹത്തിന് വേവലാതികളില്ലായിരുന്നു!”എന്നുപറഞ്ഞത് അതുകൊണ്ടാണ്!സംശയം തീര്‍ന്നല്ലോ അല്ലേ?! :)

സപ്നാ,മുസാഫിര്‍,കൃഷ്,പ്രിയംവദ,കിലുക്ക്സ് ചേച്ചി,അത്കന്‍....
വായനക്ക് നന്ദി!

അരൂപിക്കുട്ടന്‍/aroopikkuttan said...

ഇതിനാണ് അനുഭവപാഠം എന്നുപറയണത്! അല്യോ?!

ജോസ്‌മോന്‍ വാഴയില്‍ said...

ഹോ...!!
കണ്ണു നിറയിച്ചു...!!

ആ അമ്മ... എന്റെ മനസില്‍ വല്ലാത്തൊരു കോറല്‍ ഉണ്ടാക്കി..!! മക്കള്‍ക്കും ഭര്‍ത്താവിനും ഉള്ളതു കൊണ്ട് വീതിച്ച് അവസാനം കഞ്ഞിവെള്ളവും പിന്നെ കുറെ വറ്റും കൊണ്ട് വിശപ്പടക്കുന്ന അമ്മ...!! ഞാനറിയുന്ന അമ്മ...!!!

ങ്ഹാ... പോട്ടെ...!!! ഇനി വയ്യാ... കരയാന്‍..!!


ഹരിയണ്ണാ... സലാം....!!! സമ്മതിച്ചു...!! കൂടുതല്‍ എന്തൊക്കെ പറഞ്ഞാലും ഒന്നുമാവില്ലാ... അത്രക്ക് ഗംഭീരം തന്നെ...!!

ഹരിയണ്ണന്‍@Hariyannan said...

വെള്ളെഴുത്ത്..
ഈ വഴി ആദ്യമാണല്ലോ? നന്ദി!
താങ്കള്‍ പറഞ്ഞത് ശരിവക്കുന്നു!

സുമേഷ്..
സമ്പൂര്‍ണ ക്രാന്തിവിദ്യാലയത്തിന്റെ കാര്യങ്ങളറിഞ്ഞത് സുമേഷിന്റെ പോസ്റ്റില്‍ നിന്നാണ്.
ഭക്ഷണകാര്യത്തിലെ സമാനമായ ശ്രദ്ധവിഷയമാകുന്ന ഒരു കഥ അച്ഛന്‍ പറഞ്ഞുതന്നത് ഓര്‍മ്മയില്‍ വന്നു.
സംഭവം തിരുവള്ളുവരുടെ കഥയാണെന്നാണ് മനസ്സില്‍..

അദ്ദേഹം ഊണുകഴിക്കാനിരിക്കുമ്പോള്‍ ഒരു കപ്പില്‍ വെള്ളവും ഒരു സൂചിയും കൊണ്ടുവക്കാന്‍ ഭാര്യയോട് പറയുമായിരുന്നു.എന്നാല്‍ മരണക്കിടക്കയില്‍ ആകുന്നതുവരേക്കും അദ്ദേഹം അത് ഉപയോഗിക്കുന്നത് അവര്‍ കണ്ടിരുന്നില്ല!അദ്ദേഹത്തിന്റെ മരണക്കിടക്കയില്‍ വച്ച് ‘എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ ചോദിക്കൂ’എന്ന് പറഞ്ഞപ്പോള്‍ അവര്‍ വിനീതമായി ചോദിച്ചു:“അങ്ങ് എന്തിനാണ് ഊണുകഴിക്കുമ്പോള്‍ വെള്ളവും സൂചിയും കൊണ്ടുവക്കാന്‍ പറഞ്ഞിരുന്നത്?ഇത്രയും കാലം അങ്ങ് അതുപയോഗിക്കുന്നത് കണ്ടിട്ടുമില്ല!”
അദ്ദേഹം പറഞ്ഞു:“അത് പുറത്ത് വീഴുന്ന വറ്റ് കുത്തിയെടുത്ത് കഴുകിക്കഴിക്കാനായിരുന്നു!ഇത്രയും കാലം അതിനൊരവസരമുണ്ടായില്ല!!”

എത്ര വിലപ്പെട്ട ചോദ്യോത്തരങ്ങള്‍!!

അപ്പു ആദ്യാക്ഷരി said...

ഹരിയണ്ണാ, വളരെ നൊമ്പരമുണര്‍ത്തുന്ന കുറിപ്പ്. മദ്യം എന്ന വിഷം എത്ര കുടുംബങ്ങളെയാണ് ഇത്തരം കഷ്ടപ്പാടുകളില്‍ കൊണ്ടെത്തിക്കുന്നത്!

സിജു ഇപ്പോള്‍ എവിടെ?

തോന്ന്യാസി said...

കണ്ണു നനയിക്കുന്ന ഓര്‍മ്മകളാണല്ലേ ഹരിയണ്ണാ,

ഇത് പ്രിന്റെടുത്ത് റൂമില്‍ കൊണ്ടുപോയാണ് വായിച്ചത്, അതു കാരണം കണ്ണു നിറഞ്ഞത് സഹപ്രവര്‍ത്തകര്‍ കാണ്ടില്ല, പക്ഷേ സഹമുറിയന്‍മാര്‍...........

nandakumar said...

അറിയാതെ കണ്ണു നിറഞ്ഞുപോയി. പഴയ ദാരിദ്ര നാളുകളിലേക്ക് തിരിഞ്ഞു നോക്കാനുമായി.

നന്ദി. ഹൃദയസ്പര്‍ശിയായി ഒരു ജീവിതാനുഭവം പങ്കുവച്ചതിന്.

തമനു said...

വായിക്കാന്‍ താമസിച്ചെങ്കിലും, വായിച്ചപ്പോള്‍ നൊന്തു.

ഹരിയണ്ണന്‍@Hariyannan said...

നന്ദി പാര്‍ത്ഥന്‍സ്..
മനൂ..നിനക്ക് 50നായിരം നന്ദി!
അഗ്രൂസ്..ടാങ്ക്സ്!
വല്യമ്മായി..നന്ദി!(ചേട്ടനുസുഖമല്ലെ?!)
അരൂപിക്കുട്ടന്‍,വാഴ ജോസ്..
നന്ദീസ്!!

Kichu $ Chinnu | കിച്ചു $ ചിന്നു said...

touching...

ഗൗരിനാഥന്‍ said...

വിശപ്പിന്റെ വില അറിയാത്ത ഇന്നത്തെ തലമുറയ്ക്ക് നല്ലൊരു ഗുണപാഠം ആണിത്...തന്റെ പഴയ ഓര്‍മ എന്നെ കരയിപ്പിച്ചല്ലോ... വളരെ നന്നായിട്ടുണ്ടെന്ന് പറയുന്നില്ല. ആ ഓര്‍മ കുറിപ്പില്‍ ആ അമ്മയുടെയും മകന്റെയും ആതാമാവുന്ടെന്നു പറയട്ടെ...

ഹരിയണ്ണന്‍@Hariyannan said...

അപ്പൂ..

ഡിഗ്രിക്കുപഠിക്കുന്നകാലത്ത് കെ.എസ്.ആര്‍.ടി.സി ബസ് തടയാനായി എം.ജി.കോളേജിനുമുന്നിലെറോഡിനുനടുക്ക് നില്‍ക്കുന്ന സിജുവിനെ ഞാന്‍ കണ്ടിട്ടുണ്ട്!

ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗം എന്ന് അറിഞ്ഞു.കാരണം,എല്ലാം വിറ്റ് അവന്‍ ഞങ്ങളുടെ നാടുപേക്ഷിച്ച് വേറെ എങ്ങോട്ടോ പോയി;സാറിന്റെ മരണശേഷം!


തോന്ന്യാസീ,നന്ദകുമാര്‍,തമനൂ..
:(

Mr. K# said...

:-(

ജന്മസുകൃതം said...

ഹരി...
ജൂണ്‍ 20നു ഭുജിച്ച അന്നത്തില്‍ നിന്ന്‌ ഒരു വറ്റ്‌
എന്റെ നെഞ്ചില്‍ കുടുങ്ങിയത്‌ ഇതുവരെ പോയിട്ടില്ല.
ബൈജു ചോദിച്ചപോലെ
ഞാനും ചോദിക്കുന്നു.
'എന്തിനാ എന്നെ ഇങ്ങനെ കരയിക്കുന്നത്‌?

Kaithamullu said...

ഹരീ.
എന്തേ ഇത്ര വൈകി വന്നേ എന്ന് ചോദിക്കരുത്,ട്ടാ!

വന്നു, വായിച്ചു. ഒന്നും മിണ്ടാതെ പോകാന്‍ കഴിയുന്നില്ലാ.........മിണ്ടാനും!

കാപ്പിലാന്‍ said...

ഹരി ,എനിക്കിതു വിശ്വസിക്കാന്‍ പറ്റണില്ല .ഇത് കഥയോ ജീവിതമോ ..എന്തായാലും എത്ര നന്നായി എഴുതിയിരിക്കുന്നു ..
ഓരോ ചോറിന്റെയും വില ..ഭയങ്കരം

ഹരിയണ്ണന്‍@Hariyannan said...

കിച്ചു-ചിന്നു...നന്ദി!
ഗൌരി..
കുതിരവട്ടന്‍...
നന്ദി!!

സുമേഷ് ഇടക്കുപറഞ്ഞ “ഓരോ ധാന്യങ്ങളിലും...”
ഇടക്കിടക്ക് മനസ്സിലേക്കുവരുന്നു!

അരുണ്‍ കരിമുട്ടം said...

ഹരിയണ്ണാ,
വെറുതെ വായിക്കാനണെങ്കില്‍ എളുപ്പം മറക്കാമായിരുന്നു.
പക്ഷേ ഇതിപ്പോള്‍,
ശരിക്കും നടന്നതാണന്നറിഞ്ഞപ്പോള്‍....

ഒരു വറ്റ് ചോറിന്‍റെ വില,
ഞാനും അറിഞ്ഞിട്ടുണ്ട്.ഒരിക്കല്‍...

അഹങ്കാരി... said...

ഹരിയണ്ണാ...

രണ്ടു പോസ്റ്റുകളും വായിച്ചു...

അറിയില്ല,എന്തു പറയണമെന്ന്...

അല്ലെങ്കില്‍ ഇവിടെ വാക്കുകളുടെ നൃത്തങ്ങ്ഗള്‍ക്കെന്തു വില....


ഈ പോസ്റ്റിനീ ഞാന്‍ അഭിനന്ദിക്കുന്നതിലും താങ്കളേ മഹത്തരമാക്കുന്നത്, ഈ പോസ്റ്റ് വായിച്ച് ഒരു മണിവറ്റ് ഞാന്‍ നഷ്ടപ്പെടുത്താതിരിക്കുമ്പോഴാണ്...

പോസ്റ്റുകള്‍ക്ക് അഭിനന്ദനകമന്റ്റുകള്‍ ഇടുന്നതോടേ നമ്മുടെ കര്‍ത്തവ്യം അവസാനിപ്പിക്കുമ്പോള്‍ ആ പോസ്റ്റിട്ടയാളുടെ ഉദ്ദേശശുദ്ധിയെ നാം തമസ്കരിക്കയാണ്...
അതിനാല്‍ ഞാന്‍ അഭിനന്ദനം വയ്ക്കുന്നില്ല...
മറിച്ച് നന്ദിയോതുന്നു...

ഇനിയും ഗൃഹാതുരത്വമുണര്‍ത്തുന്ന, നാം മറന്ന, അല്ലെങ്കില്‍ കാണാതെ പോയ നന്മകളേ തിരിച്ചറിയാന്‍ വഴീകാട്ടുന്ന പോസ്റ്റുകള്‍ ഇനിയുമുണ്ടാകട്ടെ..

Anonymous said...

Hari,

Good one, really touching. I know this sir very well. He was a genius. I still remember his explanation about quantum theory in a Physics class. With a simple example, he explained the theory and it was a fantastic experience in my student life.

His life is the ultimate example of the impact of alcohol in a genius life.

Where is Siju now? Hope he is doing well. Convey my regards

Ansar

Sherlock said...

:(

അരൂപിക്കുട്ടന്‍/aroopikkuttan said...

പോസ്റ്റ് നന്നായിട്ടുണ്ട്!

എന്റെ"സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!

ഹരിയണ്ണന്‍@Hariyannan said...

ലീല എം ചന്ദ്രന്‍..
വറ്റ് ശ്വാസനാളത്തില്‍ കുടുങ്ങീട്ട് വെള്ളം കുടിക്കാത്തോണ്ടല്ലേ കണ്ണൊക്കെ നിറഞ്ഞത്?!
:)
വായനക്കും കമന്റിനും നന്ദി!!

കൈതച്ചേട്ടാ..
ലേറ്റാ വന്താലും ലേറ്റസ്റ്റാതാന്‍ വരണമെന്നാണല്ലോ നുമ്മടെ രജനിയണ്ണന്‍ പറഞ്ഞിരിക്കുന്നത്...അതോണ്ട് ലേറ്റസ്റ്റായിറ്റുവന്നതിന് നന്ദി!

കാപ്പിലാന്‍..
അനുഭവങ്ങളിലെ അവിശ്വസനീയതയാണ് അതിനെ ഓര്‍മ്മകളില്‍ പിടിച്ചുനിര്‍ത്തുന്നത്!

ഇതുവായിച്ചാല്‍ നമ്മുടെ അടുത്തതലമുറക്ക് തീരെ വിശ്വാസം വന്നേക്കില്ലെന്നുതോന്നുന്നു!

ഭൂമിപുത്രി said...

ഇതൊരു വെറും കഥയായിരിയ്ക്കുണേയെന്ന് ആഗ്രഹിച്ചുകൊണ്ടാ‍ണ്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ വായനതുടറ്ന്നത്.ഇവരൊക്കെ യഥാറ്ത്ഥ കഥാപാത്രങ്ങളാണെന്ന് വിശ്വസിയ്ക്കാന്‍ മനസ്സിപ്പോഴും വിസ്സമ്മതിയ്ക്കുന്നുവല്ലോ..

ഈ രംഗങ്ങള്‍ ഒരു സിനിമയില്‍ക്കണ്ടാല്‍ അതിഭാവുകത്വം,മെലോഡ്രാമ എന്നൊക്കെപ്പറഞ്ഞ്
പുഛിയ്ക്കും നമ്മള്‍,അല്ലെ?

Anonymous said...

ഒന്നു രണ്ടു പ്രാവശ്യം മിണ്ടാതെ വന്നു വായിച്ചുപോയെങ്കിലും, ഒരല്പം താമസിച്ചാണെങ്കിലും , രണ്ടുവരി പറയാതിരിക്കുന്നതെങ്ങിനെ?

മദ്യങ്ങള്‍ തകര്‍ത്തെറിഞ്ഞ ഒരുപാട് കുടുംബങ്ങളുടെ കഥകളുടെ കൂടെ ഇതും ചേര്‍ക്കാം ! ജീനിയസ്സായ ഒരദ്ധ്യാപകന്‍ ഇങ്ങനെ മകനെ ക്ലാസില്‍ തല്ലിച്ചതക്കുന്നത് കുറ്റബോധം കൊണ്ടാവും, പക്ഷേ അത് ആ കുട്ടിയുടെ മനസില്‍ ഏല്‍പ്പിച്ച മുറിവ് എത്രമാത്രം വലുതാവും?! കൂട്ടുകാരുടെ മുന്‍പില്‍ വെച്ച് തല്ലിച്ചതച്ചപ്പോള്‍ അവന്റെ ആത്മാഭിമാനം എത്രമാത്രം വൃണപ്പെട്ടിട്ടുണ്ടാവും? അവന്റെ വ്യക്തിത്വമല്ലേ ചവിട്ടിയരച്ചത്? മദ്യപാന്മാരുടെ വീട്ടിലെ പട്ടിണി, അതിനെ അതിജീവിച്ച്, കുട്ടികളെ നല്ലനിലയിലാക്കാന്‍ അമ്മമര്‍ അനുഭവിക്കുന്ന ദുരിതം. മദ്യത്തിന്റെ മറയിലിരിക്കുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ലല്ലോ!

ആഢംബരത്തില്‍ കഴിയുന്ന യുവതലമുറയിലെ കുട്ടികള്‍ ഇതിനെ മെലോഡ്രാമയെന്ന് കളിയാക്കും. പക്ഷേ, ഇപ്പോഴും ചില കുടുംബങ്ങളിലെങ്കിലും ഇത് നടക്കുന്നുണ്ടാവുമെന്ന് തോന്നുന്നു. ഇത്തരം തല്ലിച്ചതക്കലുകളില്ലെങ്കിലും , ഈ പട്ടിണിയും ഓരോ വറ്റിന്റെ വിലയുമറിയുന്നവരുണ്ടാവും .

കഴിഞ്ഞ ഓര്‍മ്മക്കുറിപ്പിന്റെ നീളം കൂടിയെന്നുള്ള കമന്റിനെ മാനിച്ചുവെന്ന് തോന്നുന്നു. ഈ കുറിപ്പിന് ആറ്റിക്കുറിക്കിയതിന്റെ സ്വാദും ഗുണവും, കൂടെ അനുഭവത്തിന്റെ ചൂടും. ഹരിയുടെ ഭാഷയുടെ തീവ്രതയാണ് ഈ ഓര്‍മ്മയെ മറക്കാനാവാത്ത അനുഭവമായിട്ട് വായനക്കാരുടെ മനസിലേക്ക് കൊണ്ടൂവന്നത്. പോസ്റ്റിന്റെ എണ്ണത്തിലല്ലാ ഗുണത്തിലാണ് കാര്യമെന്ന് തെളിയുക്കുന്നതാണ് ഹരിയുടെ ഓരോ പോസ്റ്റും.

- ആശംസകളോടേ , സന്ധ്യ

ലേഖാവിജയ് said...

ഹരീ,
ഹൃദയസ്പര്‍ശിയായ എഴുത്ത്.ആശംസകള്‍!

ഹരിയണ്ണന്‍@Hariyannan said...

Kichu & Chinnu | കിച്ചു & ചിന്നു..
നന്ദി..

ഗൌരീ..യാത്രക്കിടയില്‍ ഇവിടെയും ഇറങ്ങിയതിനു നന്ദി!

Unknown said...

മാഷേ...
''ഗുരുര്‍ ബ്രഹ്മ ഗുരുര്‍ വിഷ്ണു
ഗുരുര്‍ ദേവോ മഹേശ്വര
ഗുരു സാക്ഷാത് പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമ:''

എന്നാണ് അമ്മ പാടി പഠിപ്പിച്ചത്, മനസ്സില്‍ പതിഞ്ഞതും....
ഗുരുത്വമില്ലാതെ വളര്‍ന്നിട്ടും നശിക്കാതെ പോയത് ആ നന്മ കൊണ്ട് മാത്രാണ് മാഷേ..
കണ്ണ് നിറഞ്ഞു.. നന്ദിയുണ്ട് മാഷേ.. വാക്കുകള്‍ക്ക് നാനാര്‍ത്ഥം ഉണ്ടെന്നു ഓര്‍മിപ്പിച്ചതിനു..
മുരളികൃഷ്ണ

Unknown said...

''അഭിമാനത്തിന് അന്നതിനെക്കാള്‍ വിലയുണ്ടായിരുന്നു'' എന്ന് എം ടി എഴുതിയത് ''അസുരവിത്തിലാണ്'' എന്ന് തോന്നുന്നു.. തിരുത്തി വായിച്ചേ മതിയാവു അല്ലെ ഹരിയേട്ടാ?

''അടുപ്പെരിയത്ത ദിനങ്ങളില്‍ വിശപ്പിനെ തന്നെ വാരി തിന്നുമ്പോഴും ചോദിച്ചിട്ടില്ല നിന്‍ പൊതിച്ചോറില്‍ നിനും ഒരു പിടി വറ്റ് പോലും'' എന്ന് പാടിയ കവിയും മുഖം തിരിക്കുന്നു..

ഹരിയണ്ണന്‍@Hariyannan said...

അരുണ്‍..
അഹങ്കാരി..
ഈ കഥ വായിച്ചുകഴിഞ്ഞ്,കമന്റിട്ടാലും ഇല്ലെങ്കിലും എന്തെങ്കിലുമൊരംശം മനസ്സില്‍ മിച്ചമാവുന്നുവെങ്കില്‍ ഞാന്‍ തൃപ്തനായി!

അന്‍സാര്‍..
(അന്‍സാര്‍ സ്കൂളില്‍ എന്നെക്കാള്‍ ഒരുവര്‍ഷം മുന്നേ പഠിച്ചിരുന്നയാളാണ്!)
സിജു...
ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗം എന്ന് അറിഞ്ഞു.കാരണം,എല്ലാം വിറ്റ് അവന്‍ നമ്മുടെ നാടുപേക്ഷിച്ച് വേറെ എങ്ങോട്ടോ പോയി;സാറിന്റെ മരണശേഷം!

ജിഹേഷ്..
വായനക്ക് നന്ദി!

അരൂപിക്കുട്ടാ...നടക്കട്ടെ!

Bindhu Unny said...

കണ്ണ് നിറഞ്ഞുപോയി, ഹരിയണ്ണാ.

Anil cheleri kumaran said...

കരയിപ്പിച്ചു ഹരിയണ്ണന്‍ വീണ്ടും..
ശരിക്കും നടന്നതാണോ ഇത്??

ഹരിയണ്ണന്‍@Hariyannan said...

ഭൂമിപുത്രീ...

അനുഭവങ്ങളില്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നവയൊക്കെ അല്പം മെലോഡ്രാമ തന്നെയാണെന്നുതോന്നുന്നു...
വായനക്കുനന്ദി!
:)

ഹരിയണ്ണന്‍@Hariyannan said...

സന്ധ്യാ..
രണ്ടുവരികള്‍ക്കും നന്ദി!
എഴുത്തിന്റെ കച്ചിത്തുരുമ്പ് ആത്മാര്‍ത്ഥമായ അഭിപ്രായങ്ങള്‍ തന്നെ!
ബഹുമുഖപ്രതിഭയായിരുന്ന,ജീനിയസ്സായ ഒരദ്ധ്യാപകന്‍ ...എല്ലാം തകര്‍ത്ത വില്ലന്‍ മദ്യം തന്നെ!

കഴിഞ്ഞ ഓര്‍മ്മക്കുറിപ്പിന്റെ നീളം കൂടിയെന്നുള്ള കമന്റിനെ മാനിച്ചതുതന്നെ!ചിലപ്പോള്‍ സംഗതികള്‍ ഇനിയും കൈവിട്ടുപോയേക്കാം.എങ്കിലും അത് ഗുണകരമാകയാല്‍‍ ഒരു പ്രത്യേക നന്ദി!

ലേഖാ വിജയ്....
ആത്മാര്‍ത്ഥമായ നന്ദി!

വെഞ്ഞാറന്‍ said...

ഹരിയണ്ണാ, ജ്ജ് അവതരിപ്പിച്ചപ്പോള്‍ യഥാര്‍ത്ഥസംഭവത്തിന്റെ ചൂര് കുറച്ചു അല്ലേ?

ചേച്ചിപ്പെണ്ണ്‍ said...

DAIVAME ..

ഹരിയണ്ണന്‍@Hariyannan said...

അല്പം,എന്നുവച്ചാല്‍ ഒരു രണ്ടുകൊല്ലം വൈകിപ്പോയി.ഈ ബ്ലോഗൊന്ന് പൊടിതട്ടിയെടുക്കാമെന്നു തോന്നിയത് ഇപ്പോഴാണ്.

മുരളിക, ബിന്ദു, കുമാരന്‍(നടന്നതു തന്നെ കുമാരാ ) വായനക്ക് നന്ദി.

വെഞ്ഞാറാ, നനക്കറിയാത്തതല്ലല്ലോ? :(

ചേച്ചിപ്പെണ്ണേ..

വീണ്ടും വരിക!

ജയരാജ്‌മുരുക്കുംപുഴ said...

manassil aazhathil sparshichu..........

Anonymous said...

നല്ല പോസ്റ്റ്‌...
മലയാളിത്തമുള്ള മനോഹരമായ പോസ്റ്റുകള്‍.
ഇനിയും ഇതു പോലുള്ള കഥകളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

sm sadique said...

ഒരു നിമിഷം, കണ്ണുകൾ സജലങ്ങളായി…. വറ്റിന്റെ വില തിരിച്ചറിഞ്ഞവർ എത്ര…?

ഇത്പോലെര് സർ എനിക്കും ഉണ്ടായിരുന്നു. പക്ഷെ, ആ സർ മദ്യമോ സിഗററ്റോ തൊടില്ലായിരിന്നു. തികച്ചും മാന്യൻ ബഹുമാന്യൻ. ഇൻഗ്ഗ്ലീഷ് അദ്ധ്യാപകൻ. പേടിയിൽ സ്കൂൾ മുഴുവൻ നിശബ്ദ്ധമാകുമായിരുന്നു. പ്രധാന അദ്ധ്യാപകൻ .ഊപ്പള അച്ചായൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജോർജ് സർ.

jiya | ജിയാസു. said...

മനസിൽ തട്ടുന്ന അനുഭവം..

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.....