Friday, June 20, 2008

വറ്റിന്റെ വില!!


(ചിത്രം ഈ ബ്ലോഗിനു സ്വന്തം;വര: ശ്രീ.സന്ദീപ്,ഒരു സുഹൃത്ത്.
കഥാപാത്രങ്ങള്‍ വ്യാജമല്ല; ചില പേരുകള്‍ മാത്രം !)

സ്കൂള്‍ അസംബ്ലി കഴിഞ്ഞ് ക്ലാസിലെത്തിയാല്‍ തൊട്ടടുത്തുള്ള പബ്ലിക് മാര്‍ക്കറ്റിനോട് ഞങ്ങള്‍ ബഹളം വച്ച് മത്സരിക്കും.ശ്രദ്ധിച്ചാല്‍ ഒരു കടലിന്റെ ഇരമ്പല്‍!ചെവിയോര്‍ത്താല്‍ ചില ശബ്ദങ്ങളെ വേറിട്ടുകേള്‍ക്കാം!

സ്കൂളിന്റെ പുതിയ മൂന്നുനിലക്കെട്ടിടത്തിന്റെ നടുഭാഗത്ത് ആപ്പീസും അതിന്റെ വലത്തേമൂലയില്‍ മൂത്രപ്പുരയുടെ രൂക്ഷഗന്ധം വലിച്ചുകേറ്റിക്കൊണ്ട്, ഞങ്ങള്‍ പത്തന്‍പത് പിള്ളാര്‍ തലകുത്തിമറിയുന്ന X-B യും!
മിക്കവാറും ആദ്യ ഒരു മണിക്കൂര്‍ ഉത്സവമായിരിക്കും.കാരണം..ഇംഗ്ലീഷ് സാര്‍ വരാറില്ലെന്നതുതന്നെ!ക്ലാസിലെന്നല്ല,പുള്ളി സ്കൂളിലേ വരില്ല;സ്കൂളില്‍ വന്നാലും ഏറിയാല്‍ സ്റ്റാഫ് റൂം വരെ!
പിള്ളാര്‍ക്കും അതില്‍ സന്തോഷമേയുള്ളൂ..

അന്ന്..പതിവില്ലാതെ ആപ്പീസിനടുത്തുള്ള ക്ലാസ് മുറികളില്‍ നിന്ന് ആരവം നിലക്കുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു.ഡെസ്കിന്റെയും ബഞ്ചിന്റെയും മുകളില്‍ നിന്നൊക്കെ ചാടിമറിഞ്ഞ് ഓരോരുത്തരും അവനവന്റെ ഇരിപ്പിടങ്ങളിലേക്ക് നിശബ്ദം പാഞ്ഞു.നെഞ്ചിടിയുടെ വേഗം കൂടി....നമ്പ്യാര്‍ സാര്‍ വരുന്നുണ്ട്!

ആറടിപ്പൊക്കത്തില്‍ കൊന്നത്തെങ്ങുപോലെ ഉയര്‍ന്ന്, തലയും മുതുകും ചോദ്യചിഹ്നത്തിന്റെ തലപ്പുപോലെ വളച്ച്, കയ്യില്‍ ചെമന്ന ചൂരല്‍ വടിയുമായി സാര്‍ ക്ലാസിലേക്ക് വരുന്നു.സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ദത സൃഷ്ടിക്കുന്നതിന് അദൃശ്യമായ എന്തുനിര്‍ദ്ദേശമാണ് ഞങ്ങള്‍ പരസ്പരം കൈമാറിയിരുന്നതെന്നറിയില്ല!

ഞങ്ങളുടെ ഹൃദയമിടിപ്പിനോളം വേഗം സാറിന്റെ നടത്തത്തിനില്ല!വാതില്‍ക്കലെത്തി ആടിയുലയുന്ന മരം പോലെ സാറൊന്ന് നില്‍ക്കും.പിന്നെ,തലേനാളിലെ മദ്യത്തിന്റെ മണം ക്ലാസ്‌മുറിയിലെ നിശ്വാസങ്ങളിലേക്ക് പകര്‍ന്ന് അകത്തേക്ക്!പഠിപ്പിക്കേണ്ടത് ഇംഗ്ലീഷ് ആണെന്നും പഠിപ്പിക്കുന്നത് പത്താം ക്ലാസുകാരെയാണെന്നും അറിയാമെന്നതിനുപരി സിലബസിനെക്കുറിച്ചോ തന്റെ മുന്നിലിരിക്കുന്ന ഭാവി‘ഷെല്ലി’കളെക്കുറിച്ചോ അദ്ദേഹത്തിന് വേവലാതികളില്ലായിരുന്നു!

അറ്റന്റന്‍സ് എന്ന ചടങ്ങിനുശേഷം ക്രമപ്പട്ടികയില്‍ സാര്‍ ഒന്നും എഴുതിച്ചേര്‍ക്കുക പതിവില്ല!അതുകൊണ്ട് ഒരു പൊതുചോദ്യവും തുടര്‍ന്നുള്ള തല്ലുകളുമായി ഒരുമണിക്കൂര്‍ അവസാനിപ്പിക്കേണ്ടതുണ്ട്!

“ഷേക്സ്പിയറിന്റെ നാടകങ്ങളേതൊക്കെയെന്നു പറയ്...!!”ഉയരം ദൌര്‍ബല്യമായതുകൊണ്ട് മുന്‍ബഞ്ചിലിരിക്കേണ്ടിവന്ന ബിനുവിനോടായിരുന്നു ചോദ്യം!ഷേക്സ്പിയര്‍ക്ക് ഇഷ്ടം‌പോലെ നാടകമെഴുതാന്‍ സമയം കിട്ടിയിരുന്നതുകാരണം എല്ലാര്‍ക്കും ഒന്നോരണ്ടോ വീതം പറയാനുംവേണ്ടി ഉണ്ടായിരുന്നു!

സിജുവിന്റെ ഊഴമെത്തി;തടിച്ചുവരണ്ട ചുണ്ടുകളില്‍ ചെറിയവിറയല്‍ പടരുന്നതും മുഷിഞ്ഞ മെറൂണ്‍ നിക്കര്‍ മുറിയുന്നതിനുകീഴെ ശുഷ്കിച്ചകാല്‍മുട്ടുകള്‍ കൂട്ടിമുട്ടുന്നതും എനിക്കുകാണാം.ക്ഷീണിച്ചുകുഴിഞ്ഞകണ്ണുകള്‍ ഒട്ടും കരുണപ്രതീക്ഷിക്കാതെ നമ്പ്യാര്‍ സാറിന്റെ മുഖത്തേക്കുറക്കാന്‍ പാടുപെടുന്നു.അവന്‍ എഴുന്നേറ്റു...

“നീ പറയടാ...ഷേക്സ്പിയറിന്റെ നാടകങ്ങളേതെക്കെ?!”

ആസ് യു ലൈക് ഇറ്റ്,ദ കോമഡി ഓഫ് ഇറേഴ്സ്,മെഷര്‍ ഫോര്‍ മെഷര്‍,സിംബലൈന്‍..തുടങ്ങി ഓള്‍ ഈസ് വെല്‍ ദാറ്റ് എന്‍ഡ്സ് വെല്‍(പ്രതീകാത്മകമായിട്ട്!) വരെ ഞങ്ങള്‍ കേട്ടതും കേള്‍ക്കാത്തതുമായ പേരുകള്‍ നിരത്തിയിട്ടും പരാജിതന്റെ മുഖഭാവം വിടാതെ അവന്‍ അങ്ങനെ നിന്നു!!

ഒരു ഒഥലോ പറഞ്ഞ എനിക്കും, ഒന്നും രണ്ടും പേരുകള്‍ ഓര്‍ത്തെടുത്തുപറഞ്ഞ മറ്റുപലര്‍ക്കും, ഒന്നും പറയാതെ വിറച്ചുകൊണ്ട് എഴുന്നേല്‍ക്കുകയും ഇരിക്കുകയും മാത്രം ചെയ്ത ശ്രീജിത്തിനെപ്പോലുള്ള മിടുക്കന്മാര്‍ക്കും മുന്നില്‍ അവന്‍ പ്രതിഭയോടേ അങ്ങനെ നിന്നു..!

“കഴിഞ്ഞോ?!” ഇനിയുമെന്തൊക്കെയോ ബാക്കിയുണ്ടെന്ന് ഞങ്ങള്‍ക്കപ്പോഴും തോന്നിയിരുന്നില്ല!

സിജുവിന്റെ ഓര്‍മ്മകളുടെ സ്റ്റേജില്‍ ഷേക്സ്പിയര്‍ നാടകങ്ങളോരോന്നായി പിന്നെയും അരങ്ങേറി!
ആ വലിയ ലിസ്റ്റിന്റെ ഏതോവക്കില്‍തട്ടി അവന്റെ വാക്കുകള്‍ വിറയാര്‍ന്ന് മുറിയുമ്പോഴേക്കും സാറിന്റെ കൈകള്‍ അവന്റെ മെലിഞ്ഞ കൈകളെ വിഴുങ്ങിയിരുന്നു!

പിന്നെ ക്ലാസ്‌മുറിയുടെ ചെറിയ ആകാശത്തില്‍ സാറിന്റെ ചൂരല്‍ നിരവധിവട്ടം ഉയര്‍ന്നുതാണു!സിജുവിന്റെ കറുത്തുചുളിഞ്ഞകാല്‍‌വണ്ണകള്‍ ചോരയിറ്റിക്കുന്നതുകണ്ടിട്ടും ഇരുട്ടുകയറിയ മനസ്സുമായി സാര്‍ എന്തൊക്കെയോ ആക്രോശിച്ചു!ഒടുവില്‍ ആന പാപ്പാനെ എറിയുന്നലാഘവത്തോടെ അവനെ ബഞ്ചിലേക്ക് വലിച്ചെറിഞ്ഞിട്ട് അദ്ദേഹം പറഞ്ഞു:“നിങ്ങളാരും ഇത് പറഞ്ഞില്ലെങ്കില്‍ എനിക്ക് മനസ്സിലാവും!പക്ഷേ,ഇവനുഞാനിതെല്ലാം വീട്ടില്‍ വച്ച് പഠിപ്പിച്ചുകൊടുത്തതാണ്!എന്നിട്ടും ഓര്‍ത്തുപറയാന്‍ പറ്റിയില്ലെങ്കില്‍ തല്ലിക്കൊല്ലും!!”

എന്തോ വലിയ നന്മചെയ്ത സംതൃപ്തിയോടെ നമ്പ്യാര്‍ സാര്‍ കളമൊഴിഞ്ഞയുടെനേ, ഡെസ്കിലേക്ക് കമിഴ്ന്നുവീണുകരയാന്‍ തുടങ്ങിയ സിജുവിനടുത്തേക്ക് എല്ലാവരും ഓടിയെത്തി!അകൃത്രിമമായ ആശ്വാസവാക്കുകള്‍ക്ക് പഞ്ഞം നേരിടുന്ന മുഖങ്ങളോടെ അവന്റെ തോളില്‍തട്ടി!

“സിജൂ..!!”മുറിവേറ്റ മനസ്സോടെ അവന്‍ നിവര്‍ന്നു!

“ഹും...വീട്ടില്‍ വച്ച് പഠിപ്പിച്ചെന്ന്!അപ്പനായതുകൊണ്ട് അങ്ങനെ ചെയ്യണംന്നറിയാം;ചെയ്തിട്ടില്ല!ഇന്നുവരെ ഞാന്‍ ഉണ്ടോ പഠിച്ചോന്നയാളന്വേഷിച്ചിട്ടില്ല!പറഞ്ഞതുകേട്ടില്ലേ..പഠിപ്പിച്ചുപോലും!”

“പോട്ടെടാ..അച്ഛനല്ലേ!!”

വിഷാദമുദ്രിതങ്ങളായ ഇടവേളകളിലൊന്നില്‍ അവന്‍ എന്നോടുപറഞ്ഞു:“അച്ഛന്‍ ശമ്പളം മേടിക്കുന്ന ദിവസം വൈകിട്ട് പുള്ളി ബാറില് കേറുമ്പോ ഞാന്‍ വെളീല് നില്‍ക്കും.വീട്ടിലോട്ട് നടക്കുമ്പോ പുള്ളി അറിയാതെ ഞാന്‍ പിന്നിലൂടെ നടക്കും.ഇടക്കിടക്ക് പോക്കറ്റീന്നും കയ്യീന്നുമൊക്കെ കൊഴിഞ്ഞുവീഴുന്ന നോട്ടുകള് പെറുക്കും!അതു മാറ്റിവച്ചിട്ടുവേണം വീട്ടിലെ കാര്യങ്ങള് നോക്കാന്‍!”

അദ്ധ്യാപകനെന്ന നിലയിലും അപ്പനെന്ന നിലയിലും നിരുത്തരവാദിയായ നമ്പ്യാര്‍സാറിന്റെ വീട്ടില്‍ സിജുവിനോടൊപ്പം ഞങ്ങള്‍ മൂന്നാളുകള്‍ എന്നും ഉച്ചക്കുപോകും.അവന്റെ വീട്ടിലെ തണുത്തതറയില്‍ നിരന്നിരുന്ന് ഞങ്ങള്‍ സ്വന്തം വീടുകളില്‍ നിന്നും കൊണ്ടുവന്ന പൊതിച്ചോറുകള്‍ അഴിക്കും.അവന്റെ അമ്മ ഞങ്ങള്‍ കഴിക്കുന്നതും നോക്കിവാതില്‍ക്കല്‍ നില്‍ക്കും!എല്ലാവരും കറികള്‍ പരസ്പരം പങ്കുവക്കും!ഒടുവില്‍ സ്നേഹവും ചോറുമുണ്ട് നിറയുമ്പോള്‍ അമ്മ വന്ന് പൊതികളെല്ലാം എടുത്തുമാറ്റി തറ വൃത്തിയാക്കും!

ആരും ഉണ്ടുകഴിഞ്ഞ് എച്ചില്‍ പെറുക്കരുതെന്ന് അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്!എനിക്കാണെങ്കില്‍ അവന്റെ അമ്മയെക്കൊണ്ട് എന്റെ എച്ചില്‍ വാരിക്കാന്‍ എന്തോ ഒരു വിഷമവും.ഒരു ദിവസം അടുക്കളയിലേക്ക് അമ്മ പോയനേരത്ത്, ഓര്‍ക്കാതെ പുറത്തുവീണ് ചാണകപ്പൊടിപറ്റിയവറ്റുകള്‍ വാരി ഞാന്‍ ഇലയിലെ ബാക്കിച്ചോറിലേക്കിട്ടതുകണ്ട് “അയ്യോ മോനേ...അതുവാരല്ലേ”എന്നുപറഞ്ഞ് അമ്മ ഓടിവന്ന് അതെടുത്തുകൊണ്ടുപോയി!

അന്ന് സ്കൂളിലേക്ക് മടങ്ങുമ്പോള്‍ ഞാന്‍ അതേക്കുറിച്ചോര്‍ത്ത് വിഷമിക്കുന്നതുകണ്ടിട്ടാവണം,അവന്‍ പറഞ്ഞു:“ടാ..അമ്മ എന്തിനാണങ്ങനെ ചെയ്യണതെന്നറിയോ?”

“ഇല്ല!എന്താ?!”

“നിങ്ങളുബാക്കിവച്ചിട്ടുപോകണ ചോറാ എന്റെ അമ്മ എന്നും കഴിക്കണത്..!അതുകൊണ്ടാ...!!”അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു!

ഞാന്‍ പാഴാക്കിയ ഓരോ വറ്റിന്റേയും വില ആ കണ്ണീരില്‍ എഴുതിവച്ചിട്ടുണ്ടായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞനിമിഷം!!

ഞങ്ങള്‍ പിന്നെയും കുറേക്കാലം ആ പതിവുകള്‍ തുടര്‍ന്നുവെങ്കിലും എപ്പോഴോ അതുനില്‍ക്കുകയും ചെയ്തു!

കാലം ദാരിദ്ര്യത്തിന്റെ അരണ്ടവെളിച്ചം വിതറിനിന്ന ഏതോ ഒരു സന്ധ്യ കൂരിരുട്ടിലേക്ക് കൂപ്പുകുത്തിയനേരത്ത്, കുടിച്ചുലക്കുകെട്ട് വീട്ടിലേക്കുള്ള ഇടവഴിയിലൂടെ വരികയായിരുന്ന നമ്പ്യാര്‍ സാര്‍ വരിക്കപ്ലാവിന്റെ ചോട്ടില്‍ കാലിടറിവീണു!സംഭവത്തിന്റെ സാധാരണത്തം കൊണ്ട് ആരും ചെന്നുവിളിച്ചില്ല!പിറ്റേന്ന് തണുത്തുറഞ്ഞ ശരീരം ആശുപത്രിയിലേക്കെടുക്കുമ്പോള്‍ ആ ഗുരുപാദങ്ങളില്‍ നിന്ന് കുറേ മാംസം ഉറുമ്പുകള്‍ ഭക്ഷിച്ചിരുന്നുവത്രേ!!

Thursday, May 1, 2008

എന്റെ ഗുരുദക്ഷിണ!!“ ‘മ്മ’ എന്നെഴുതണതെങ്ങനാടാ?” അംഗന്‍‌വാടിയിലെ അഭ്യാസം കഴിഞ്ഞ് വീട്ടിലെത്തിയപാടെ അമ്മേടെ ചോദ്യം!

അന്നങ്ങോട്ട് ആ വാക്ക് പഠിച്ചതേ ഉള്ളൂ.അതുകൊണ്ട് എനിക്കതിനെക്കുറിച്ച് ഉറപ്പുള്ള ഉത്തരമുണ്ടായിരുന്നു“അതേ..'അ'യിട്ട് 'മ'യിട്ട് 'മ'യിടണം!”

"എഴുതിക്കാണിക്ക്..”

“ദേ നോക്കിക്കോ..അ..മ..മ...”അമ്മ ചിരിച്ചു!

“വേറൊന്തോ അറിയാം?”

“ങാ...ആനേന്നെഴുതാന്‍ പടിച്ചു!”

“നോക്കട്ടേ..എഴുത്”

“ അ..ാ..ന” അമ്മേടെ രണ്ട് വിരലുകള്‍ അന്ന് സ്നേഹാത്തോടെ എന്റെ നാലുവര്‍ഷം മൂപ്പെത്തിയ ചെവീടെ അളവെടുത്തു.ഒരു പൊന്നീച്ച എവിടുന്നോവന്ന് ചെവീടെ മേലെയിരുന്നിട്ട് പോവുമ്പോലെ കണ്ണിനുതോന്നി!

അമ്മയുടെ ഈ ചെവിക്കുപിടിത്തം എനിക്കുമാത്രമേ പുതുമയാവൂ.അതിനും പത്തുവര്‍ഷം മുന്‍പ് തന്നെ തൊട്ടടുത്ത സര്‍ക്കാര്‍ എല്‍.പി.സ്കൂളിലെ പിള്ളാരുടെ ചെവിയില്‍ ലീലടീച്ചര്‍ ഈ അഭ്യാസം തുടങ്ങിയിരുന്നു.കുറേപ്പേര്‍ നന്നായിക്കാണും.കുറേപ്പേര്‍ വേദനിച്ച് പ്രാകി വീട്ടില്‍പ്പോയി “ഇനി എനിക്ക് കണക്ക് പഠിക്കണ്ടായേ”ന്ന് അപ്പനമ്മമാരോട് പരാതിപറഞ്ഞുകാണും!

അങ്ങനെ പരാതിപറയാന്‍ മുട്ടിയിട്ടും പറ്റാതെ,പറഞ്ഞാല്‍ ഇനിയും കിട്ടുമെന്നുറപ്പുള്ള രണ്ടുപിഞ്ചുഹൃദയങ്ങള്‍ നാല്,രണ്ട് ക്ലാസുകളില്‍ നിന്ന് എന്നും വൈകിട്ട് എന്റെ വീട്ടില്‍തന്നെ വന്നുകയറി ഉരുകിജീവിക്കുന്നുണ്ടായിരുന്നു!

വീട്ടില്‍ വന്ന് ചേച്ചിമാര്‍ രണ്ടാളും സ്കൂള്‍ വിശേഷങ്ങള്‍ പറയുമ്പോ ഞാന്‍ “യ്യോ..എനിച്ചും സൂളീവരണം”എന്ന് കരഞ്ഞുപറയും. “അയ്യോ..അതിനൊക്കെ നാലഞ്ചുവയസാവണം കുട്ടാ”എന്ന് പറഞ്ഞ് അവര്‍ വല്യപുള്ളികളാവും.

“ചേച്ചീ..ഈ ‘ഹോ ഹോ ഹോ’ എന്നുപറഞ്ഞാ ഇം‌ഗ്ലീഷിലെ നാലുമണിയായെന്നാണോ?”കൂട്ടത്തില്‍ വെറും രണ്ടാം ക്ലാസുകാരിയായ രണ്ടാം നമ്പരിന്റെ ജിജ്ഞാസ അണപൊട്ടി.

“അതെന്താടീ അങ്ങനെചോദിച്ചത്?”സര്‍വജ്ഞപീഠത്തിലോട്ട് ലാസ്റ്റ് എക്സാമെഴുതീട്ട് റിസള്‍ട്ട് കാത്തിരുന്ന മൂത്തവള്‍ക്ക് ആ ചോദ്യത്തിന്റെ ഉള്ളിലിരുപ്പ് പിടികിട്ടിയില്ല!

“അല്ല,ഇന്ന് നാലുമണിക്ക് ഉണ്ണിത്താന്‍ സാറ് നിങ്ങളെ മരത്തിന്റെ താഴെയിരുത്തി ‘ഹോ ഹോ ഹോ’എന്നുറക്കെപ്പറയിപ്പിക്കണതുകേട്ടല്ലൊ?! അപ്പോ ഞങ്ങടെ സാറുപറഞ്ഞു..നാലുമണിയായെന്നുപറയുവാണെന്ന്!”

ഉണ്ണിത്താന്‍ സാറ് അവിടുത്തെ ‘വ്യത്യസ്തനാമൊരു’ സാറായിരുന്നു.വാകമരത്തിന്റെ മൂട്ടിലിരുത്തി ക്ലാസെടുക്കും,സ്കൂളിലെ കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.ഐ.ജി.വരെയുള്ള ചുമതലകള്‍ നോക്കും,അസംബ്ലിക്കിടയില്‍ താമസിച്ചുവരുന്നവന്റെ ആസനത്തില്‍ ചൂരക്കഷായം വക്കും...അങ്ങനെ ഒട്ടേറെ ചുമതലകള്‍ക്കിടയില്‍ ലതും സംഭവിച്ചു... “ഹോ..ഹോ...ഹോ..”

ഉണ്ണിത്താന്‍ സാറിനോട് പിള്ളാര്‍ക്ക് വേറെയും ചില വ്യക്തിവൈരാഗ്യങ്ങളുണ്ട്!

വിശന്നിരിക്കുന്നവന്റെ മുന്നില്‍ ഉച്ചക്കഞ്ഞി(അതിങ്ങനെ അമേരിക്കന്‍ സാമ്രാജ്യത്വശക്തികളുടെ ഇടപെടല്‍ മൂലം മഞ്ഞപ്പൊടിയായോ,സര്‍ക്കാരിന്റെ വരുമാനത്തിനനുസരിച്ച് ഗോതമ്പുപുഴുക്കായോ വിശേഷാവസരങ്ങളില്‍ കഞ്ഞിയും കൂട്ടുകറിയുമായോ കാലികമായ മാറ്റങ്ങള്‍ക്ക് വിധേയമാകാറുണ്ട്;എങ്കിലും പൊതുവേ ഉച്ചക്കഞ്ഞി!) വിളമ്പിവച്ചിട്ട് “ആരും കഴിക്കരുത്”എന്ന് ചൂരലുകാട്ടി ആജ്ഞാപിക്കും.സ്കൂള്‍ വരാന്തയിലങ്ങോളമിങ്ങോളം കരിഞ്ഞവയറുകള്‍ വിതുമ്പും!ഇടക്ക് ഏവനെങ്കിലുമൊരുത്തന്‍ ചുമ്മാ ഒരാശ്വാസത്തിന് ഒരുമണിചോറ് സ്വന്തം പാത്രത്തീന്ന് അടിച്ചുമാറ്റി(നോക്കണേ ഗതികേട്) സാററിയാതെ വായിലോട്ടെറിയും.ഇതുകണ്ട് ഏതെങ്കിലുമൊരു കരിങ്കാലി വിശപ്പുമൂത്ത് അസൂയമൂത്ത് വിളിച്ചുപറയും.. “സാറേ..ലോ ലവന്‍ തിന്നണ്!”

പിന്നെ അവന് സാറിന്റെ വക ഫ്രീ ഉപദേശം കിട്ടും!

എല്ലാപാത്രങ്ങളിലും കഞ്ഞിവീണ് കിലുക്കങ്ങള്‍ നിന്നെന്ന് ഉറപ്പുവരുത്തിയിട്ട് വരാന്തയുടെ ഒരറ്റത്തുചെന്ന് ഉണ്ണിത്താന്‍ സാര്‍ നിവര്‍ന്നുനില്‍ക്കും.ഉടഞ്ഞുലഞ്ഞ വെള്ളയുടുപ്പിന്റെ കൈകള്‍ രണ്ടും മുട്ടിനുമേലേക്ക് ചുരുട്ടിവച്ചിട്ടുണ്ടാവും.ചുരുട്ടുന്നതിനിടക്ക് അറിയാതെ കൂടെചുരുണ്ടുകയറിയതുപോലെ ഒരു മുഷിഞ്ഞ തൂവാ‍ല ഞാന്നുകിടക്കും.ചിലപ്പോള്‍ ഈ തൂവാലയുടെ ലൊക്കേഷന്‍ കഴുത്തിനുപിന്നിലെ അതിസ്വേദമേഖലയിലേക്ക് മാറി കോളര്‍വിരുദ്ധപ്രക്ഷോഭം നടത്തി കറുത്തുകിടക്കുകയായിരിക്കും. ബാര്‍ബര്‍മാരോടെന്തോ ദേഷ്യമുള്ളതുപോലെ ആഴ്ചയിലൊരിക്കല്‍ വടിക്കുന്നതാടിയിലെ കുറ്റിരോമങ്ങള്‍!കണ്ടാല്‍ പെന്‍ഷനായിക്കഴിഞ്ഞ് ജോലിക്കുകയറിയതാണോ എന്ന് സംശയം തോന്നാം!മറ്റേ അറ്റത്ത് കഞ്ഞിപ്പാത്രത്തിന്റെ അകത്ത് മനസ്സെറിഞ്ഞ് ആക്രാന്തം മൂത്തുനിക്കുന്നവന്‍ അപ്പോ സാറിന്റെ തോളില്‍ക്കൂടി ഒളിഞ്ഞുനോക്കുന്ന ചൂരലിലേക്ക് നിരാശയോടെ നോക്കും!സാറാ ഡയലോഗിപ്പോ പറയും...എല്ലാ കണ്ണുകളും വയറുകളും ഉദ്വേഗപൂര്‍വം സാറിനെനോക്കും.സാറേ...പറയ് സാറേന്ന് ഓരോ പിഞ്ചുമനസ്സും കേഴും!മിഥുനത്തിലെ ജഗതിയണ്ണന്‍ ഗതിമുട്ടി മന്ത്രവാദീടെ കയ്യീന്ന് തേങ്ങാ പിടിച്ചുവാങ്ങി ഉടച്ചപോലൊരു ലാ ലത് ഫീലുചെയ്യും!

“എല്ലാര്‍ക്കും കിട്ടിയാ....?!”ഉറക്കെ സാറിന്റെ ഡയലോഗ്.

“കിട്ടീ....!!!” വിശപ്പിന്റെ കോറസ്!!

“എന്നാലിനി കഴിച്ചോളിന്‍..”പിന്നെ ആ കഞ്ഞിതീരാന്‍ ഈ വിളമ്പിയ സമയമ്പോലും വേണ്ട.

അപ്പോ പറഞ്ഞുവന്നത് നാലുമണിക്ക് എന്റെ രണ്ടാമത്തെ ചേച്ചി, മൂത്തചേച്ചീടെ ക്ലാസീന്ന് ഓസിനുപഠിച്ച ഇം‌ഗ്ലീഷ്!

‘ഹോ..ഹോ..ഹോ..”

“അതെന്തിനാടീ നാലുമണിയാവുമ്പോ നിങ്ങളെല്ലാം ഹോ..ഹോ..ഹോ..ന്നു കൂവുന്നത്?”വഴിയേ പോയ അമ്മക്കും അത് മനസ്സിലായില്ല!
നാലാം ക്ലാസുകാരി ഇല്ലാത്ത കോളര്‍ വലിച്ചിട്ട് ഗമയില്‍ പറഞ്ഞു; “അയ്യോ..അത് ഞങ്ങളെല്ലാംകൂടി ‘ഫോ..ര്‍...ഓ..ക്ലോക്ക്!!” എന്നുപറഞ്ഞതായിരിക്കും ഇവള്‍ ഹോ ഹോ ഹോന്നുകേട്ടത്!”

“ഓഹോ”അമ്മ പോയി!

കാലം എന്നെപ്പിടിച്ച് ഉണ്ണിത്താന്‍ സാറിന്റേയും ഭാര്യ ജാനമ്മടീച്ചറിന്റേയും സ്വയം‌പ്രഭടീച്ചറിന്റേയും സരസമ്മടീച്ചറിന്റേയും പ്രസന്ന ടീച്ചറിന്റേയും നെള്‍സന്‍ സാറിന്റേയും ഭാസിസാറിന്റേയും വര്‍മ്മസാറിന്റേയും സുകുമാരപിള്ളസാറിന്റേയും എന്റെ അമ്മടീച്ചറിന്റേയും ക്ലാസുകളില്‍ മാറ്റിമാറ്റി ഇരുത്തി പീഢിപ്പിച്ചു!

എങ്കിലും ഉണ്ണിത്താന്‍ സാര്‍ നേരത്തേപറഞ്ഞപോലെ ‘വ്യത്യസ്തനാമൊരു’സാറായി തുടര്‍ന്നു.

ഞാന്‍ മൂന്നാം ക്ലാസുവരെ എത്തുമ്പോഴേക്ക് ഇപ്പോ പ്ലസ് ടൂക്കാരനും പണ്ട് പത്താം ക്ലാസുകാരനും കോളേജുജീവിതം സ്വപ്നം കാണുമ്പോലെ ഞങ്ങള്‍ ഹൈസ്കൂള്‍ ജീവിതം സ്വപ്നം കണ്ടുതുടങ്ങിയിരുന്നു.അതാവുമ്പോ ഒന്നര കിലോമീറ്റര്‍ അപ്പുറത്തുള്ള ഹൈസ്കൂള്‍ വരെ വലിയ റോഡുവഴിനടക്കാം.മൂന്നുവര്‍ഷമായി സ്ഥിരം നടന്നുനടന്ന് ഇപ്പോഴത്തെവഴിയരുകിലെ കൈതമുള്ളുകള്‍ക്കും മാവുകള്‍ക്ക് ചോട്ടിലെ വീട്ടുകാര്‍ക്കും(അല്ല,അവര്‍ക്കാണല്ലോ കല്ലേറുകൊണ്ട് കിടക്കപ്പൊറുതിയില്ലാത്തത്!) നായ്,പൂച്ച തുടങ്ങി പക്ഷിമൃഗാദികള്‍ക്കും മഷിത്തണ്ട്, വട്ടത്താമര,സ്ലേറ്റുത്താമര തുടങ്ങി സസ്യജാലങ്ങള്‍ക്കും വരെ ഞങ്ങളെക്കണ്ട് ബോറഡിച്ചുതുടങ്ങിയിരുന്നു.ഒരുകൊല്ലം കഴിഞ്ഞാല്‍ എറിയാന്‍ പുതിയ പട്ടികള്‍,പുത്തന്‍ മാവുകള്‍(കലിപ്പള്ളികളേ ഷെമി...ഞാനും ഒരു മാവേലെറിഞ്ഞുപോയി!)...പേരുകൊത്താന്‍ പുതിയ കൈതമുള്ളുകള്‍...

സ്വപ്നങ്ങളങ്ങനെ പൂവും കായുമിട്ടുനില്‍ക്കുമ്പോഴാണാ ഹൃദയഭേദകമായ കാര്യം നടപ്പിലാവുന്നത്!

സാക്ഷാല്‍ ശ്രീമാന്‍ ഉണ്ണിത്താന്‍ സാര്‍ പുതിയൊരാശയവുമായി പടക്കിറങ്ങി വിജയിച്ചുവന്നിരിക്കുന്നു!! സ്ഥലത്തെ പ്രധാന ജന്മികളേയും,അമ്പലക്കമ്മറ്റികളില്‍ മാത്രം വികസനം നടത്തിയിരുന്ന കോണ്‍ഗ്രസുകാരെയും എവിടെ കയറ്റിറക്കുണ്ടോ അവിടെ ഞങ്ങളുമുണ്ടെന്നുപറഞ്ഞിരുന്ന സഖാക്കളേയും, ഒരുകയ്യിലെ വിരലുകള്‍ കൊണ്ട് എണ്ണാവുന്നത്രേം ബി.ജെ.പി.ക്കാരെയും സംഘടിപ്പിച്ച്... എമ്മെല്ലേ,എമ്പീ എന്നുവേണ്ട അങ്ങേയറ്റം എയീഓയെവരെ സ്വാധീനിച്ച്...അതേ സ്കൂളിലെ ഉച്ചക്കഞ്ഞികുടിച്ചുവളര്‍ന്ന് വിദേശത്തുപോയി ബിരിയാണികഴിക്കാന്‍ പ്രാപ്തിയായവരെയൊക്കെ പിരിച്ച്... സാര്‍ വിജയിച്ചുവന്നിരിക്കുന്നു! ഒറ്റവരിഷെഡുള്ള സ്കൂളിന് മൂന്ന് ക്ലാസുകളും കൂടി കൂട്ടിനല്‍കി യു.പി.എസ് (ഐ.പി.എസ്.,ഐ.എ.എസ്. എന്നൊക്കെപ്പറയുമ്പോലെ!)പദവി നല്‍കി സര്‍ക്കാര്‍ അനുഗ്രഹിച്ചിരിക്കുന്നു.സാറിന് നാട്ടുകാരുടെ വക അഭിനന്ദനങ്ങള്‍!!

പണ്ട്..1962-ല്‍ ആലിന്തറ സ്കൂളിന് ഒരു ദുരന്തം സംഭവിച്ചിരുന്നു.അപ്രതീക്ഷിതമായി വീശിയടിച്ച ഒരു കൊടുങ്കാറ്റില്‍ തെക്കുവടക്കായി നീണ്ടുകിടന്ന സ്കൂള്‍ കെട്ടിടം പിഞ്ചുകുഞ്ഞുങ്ങളുടെ മുകളിലേക്ക് തകര്‍ന്നുവീണു.രണ്ടു കുട്ടികള്‍ മരിക്കുകയും ഒട്ടേറെ കുഞ്ഞുങ്ങള്‍ക്ക് സാരമോ നിസാരമോ ആയ പരിക്കുപറ്റുകയും ചെയ്തു.അന്ന് ഉണ്ണിത്താന്‍ സാറെന്ന ഉത്തമപൌരന്റെ സേവനം അവിടെ ലഭിച്ചുതുടങ്ങിയിരുന്നില്ല.എല്ലാ കാറ്റുകളും കെട്ടടങ്ങിയിട്ടും ഗ്രാമത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന് ദുരിതബാധിതമായ സ്കൂള്‍ മന്ദിരം മണ്‍കട്ടകളായി നിരന്നുകിടന്നു.അപ്പോള്‍ സ്ഥലത്തെ പ്രധാനപ്രമാണികളിലൊരാള്‍, സ്കൂളിന്റെ തൊട്ടടുത്ത തറവാടായ ‘മുളമൂട്ടില്‍’ വീടിന്റെ കാരണവര്‍ അദ്ദേഹത്തിന്റെ സന്മനസ്സ് തുറന്നുവച്ചു.പുതിയകെട്ടിടം വരും വരെ ആ തറവാടിന്റെ വരാന്തയിലായിരുന്നു ‘സര്‍ക്കാര്‍ സ്കൂളിന്റെ’ പ്രവര്‍ത്തനം! പുതിയ കെട്ടിടം വന്നപ്പോള്‍ ‘മുളമൂട്ടില്‍ സ്കൂള്‍’എന്ന അലിഖിതനാമം നല്‍കി ജനം ആ തറവാടിനെ സ്മരിച്ചു!!

ടി തറവാട്ടിലെ സുന്ദരിയും സുശീലയും സര്‍വോപരി അദ്ധ്യാപികയുമായ ജാനമ്മയെക്കെട്ടി സകുടുംബം സ്കൂള്‍ ഏറ്റെടുത്തയാളാണ് ഇപ്പോ അപ്ഗ്രേഡേഷനുവേണ്ടി ചോരനീരാക്കുന്നത്!സാറിന് വീടും സ്കൂളും പാലിലെ വെള്ളം പോലെയോ ബ്ലോഗിനു ബ്ലോഗര്‍ പോലെയോ അഭേദ്യപൂരകങ്ങളായിക്കഴിഞ്ഞിരുന്നു!!

സ്കൂള്‍ മുറ്റത്തെ വാകമരം ഒരുവട്ടംകൂടി പൂകൊഴിച്ച് ഉണങ്ങി.
അതിന്റെ തൊട്ടടുത്തുണ്ടായിരുന്ന കശുവണ്ടിത്തോപ്പും അതുകടന്നാലെത്തുന്ന രണ്ടുപാടങ്ങളും സ്കൂളിനുവേണ്ടി വാങ്ങി.വയല്‍ നികത്തി കളിസ്ഥലമാക്കി(നികത്താം...സ്കൂളിനുവേണ്ടിയൊക്കെയാവുമ്പോ ആരും ക്ഷമിക്കും!).
വാകയുടെ അരികത്തുനിന്ന കുറച്ചുമരങ്ങള്‍ മുറിച്ച് വെടിപ്പാക്കി അവിടെ പുതിയ കെട്ടിടം വന്നു.
ഞങ്ങള്‍ക്ക് അതൊരു ഇരുട്ടടിയായിരുന്നു.പലരും സ്കൂളിന്റെയും അദ്ധ്യാപകരുടേയും കുറ്റങ്ങള്‍ പെരുപ്പിച്ച് പറഞ്ഞ് മാതാപിതാക്കളെ വശീകരിച്ച് സ്കൂള്‍ മാറാനുള്ള ശ്രമം തുടങ്ങി.എനിക്കാണെങ്കില്‍ അതിനൊരു സ്കോപ്പുമില്ല!!

പുതിയകെട്ടിടത്തോടെ മൂന്നുക്ലാസുകളും ഉല്‍ഘാടനം ചെയ്യാന്‍ രാഷ്ട്രീയക്കാരനെത്തുമ്പോഴേക്ക് അരാഷ്ട്രീയവാദിയായ ഉണ്ണിത്താന്‍ സാര്‍ സ്ഥാനക്കയറ്റത്തോടെ വേറൊരു സ്കൂളിലേക്ക് മാറ്റപ്പെട്ടിരുന്നു.സാറതില്‍ വിഷമിച്ചിരുന്നോ എന്ന് ചോദിച്ചറിയേണ്ടകാര്യമില്ലല്ലോ!

അങ്ങനെ സ്കൂള്‍ വലുതായിക്കൊണ്ടിരിക്കുന്തോറും ഞാന്‍ ഉടനേ വേറൊരു സ്കൂളെന്ന മോഹം വച്ചുകെട്ടി.പിന്നെ ആ‍കെയുണ്ടായിരുന്ന ഒരു സമാധാനം കൂട്ടത്തിലുണ്ടായിരുന്ന എല്ലാവന്റേം അപ്പന്മാര്‍ ശുദ്ധപിന്തിരിപ്പന്മാരും മക്കള്‍ ഉയര്‍ന്നതരത്തില്‍ പോകണമെന്ന് ചിന്തിക്കാത്തവരും ആയിരുന്നു എന്നതാണ്!അതുകൊണ്ട് ഒട്ടുമിക്കതിനേം അഞ്ചാംതരത്തില്‍ മിസ് ആയില്ല!

സ്കൂള്‍ സര്‍ക്കാര്‍ കണക്കില്‍ തന്റേതല്ലെങ്കിലും അതിനെ അവികസിതമായി കൈവിട്ടുകളയാന്‍ സാര്‍ ഒരുക്കമല്ലായിരുന്നു.കാരണം,സാറിന് പുരോഗമനാശയത്തില്‍ ആരാണ്ട് കൈവിഷം കൊടുത്തിരുന്നു.

സ്വന്തം വയലിന്റെ വരമ്പ് അകത്തേക്കിറക്കി സ്കൂളിനുമുന്നിലൂടെ റോഡുവരാനുള്ള നീക്കത്തിന് ആക്കം കൂട്ടിക്കൊണ്ട് സാര്‍ പദ്ധതികള്‍ തുടര്‍ന്നു!ഒടുവില്‍ റോഡുമായി.

സാറിന്റെ സേവനങ്ങള്‍ കാണാനും ഇതെല്ലാം വെളിച്ചത്തുകൊണ്ടുവന്ന് വേണ്ടും വിധം ആദരിപ്പിക്കാനും അന്ന് ഏഷ്യാനെറ്റും കൈരളിയുമൊന്നുമില്ലായിരുന്നു എന്ന് സ്മരിച്ചുകൊള്ളട്ടെ!എങ്കിലും ചുരുങ്ങിയത് ഒരദ്ധ്യാപക അവാര്‍ഡെങ്കിലും പുള്ളിയെ മിസ് ചെയ്തു!!

വാകമരത്തിനുകീഴെ പുതിയ ഷെഡുകള്‍ വരികയും പുതിയകെട്ടിടങ്ങള്‍ കൊടുങ്കാറ്റൊന്നുമില്ലാതെ പഴയതിനേക്കാള്‍ മുന്നേ പൊളിയുകയും ചെയ്തു.പഴയക്ലാസ് മുറികള്‍ കുളമാകുകയും പൊട്ടിയ ആസ്‌ബസ്റ്റോസ് കഷണങ്ങള്‍ക്കിടയിലൂടെ പെയ്തമഴയില്‍ ആ കുളങ്ങള്‍ നിറഞ്ഞ് കൊതുകുകള്‍ മുട്ടയിട്ട് അര്‍മാദിക്കുകയും ചെയ്യുമ്പോള്‍ പുതിയൊരു സേവനത്തിന് മുന്‍‌കൈയെടുക്കാനാകാത്തവിധം ഉണ്ണിത്താന്‍ സാറെന്ന വന്മരം ഇലകൊഴിച്ച് ഉണങ്ങാന്‍ തുടങ്ങിയിരുന്നു.

“അടിച്ചവഴിയേ പോയില്ലെങ്കില്‍ പോണവഴിയേ അടിക്കുക” എന്ന പോളിസിയില്‍ വീട്ടുകാര്‍ പഠിപ്പിച്ച് ഒരു വഴിയാക്കിക്കഴിഞ്ഞിരുന്ന ഞാന്‍, ജീവിതത്തിന്റെ നിര്‍ത്താതെയുള്ള ഓട്ടത്തിനിടക്കെപ്പോഴോ അമ്മയെക്കാണാന്‍ വീട്ടില്‍ തിരികെച്ചെന്ന ഒരു ദിവസം...അമ്മ പറഞ്ഞാണറിഞ്ഞത്...സാറിന് സുഖമില്ലാ!

അദ്ദേഹത്തിന്റെ കര്‍മ്മസാക്ഷാത്കാരമായ ചെമ്മണ്‍‌പാതയിലൂടെ ചെമ്പരത്തിപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന ആ വീട്ടിലേക്ക് ഞാന്‍ ചെന്നു. കണ്ണുകളില്‍ വിരിയാന്‍ വിഷമിക്കുന്ന ചിരിയുമായി ജാനമ്മടീച്ചര്‍ എന്നെ സ്വീകരിച്ചു. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ ഗുരുകുലത്തിലേക്ക് ഞാന്‍ തലകുമ്പിട്ട് കയറിച്ചെന്നു...

അകത്തെമുറിയില്‍ ആയുര്‍വേദതൈലങ്ങളുടെ അസഹ്യഗന്ധങ്ങളില്‍ മയങ്ങി ആ വന്‍‌വൃക്ഷം തളര്‍ന്നുപോയിരിക്കുന്നു. കര്‍മ്മനൈരന്തര്യത്തിന്റെ തിരുശേഷിപ്പുകളായി ഒരു ഹൃദയവും കുറേ അവയവങ്ങളും തടിക്കട്ടിലില്‍ നിരന്നുകിടപ്പുണ്ട്...

“ദാണ്ടേ..ഹരി..!” ടീച്ചര്‍ പതിയെ വിളിച്ചു. ആ പഴയകട്ടിക്കണ്ണടയൊന്നനക്കി അദ്ദേഹം എന്നെ നോക്കി. സ്നേഹപൂര്‍ണ്ണമായ ചില അനക്കങ്ങള്‍ ഞാന്‍ കണ്ടു. എന്റെ കണ്ണുകള്‍ അപ്പോഴേക്കും നിറയാന്‍ തുടങ്ങിയിരുന്നു..(ഇപ്പോള്‍ ഇതെഴുതുമ്പോഴും..!)

നട്ടെല്ലിലൂടെ കാര്‍ന്നുകയറിപ്പോകുന്ന കര്‍ക്കിടകക്കാലുകള്‍ തെളിഞ്ഞ നിഴല്‍ചിത്രങ്ങളുടെ ഒരുകെട്ട് ടീച്ചര്‍ എടുത്തുകൊണ്ടുവന്നു.അതില്‍ എനിക്കൊന്നും കാണാനില്ലെങ്കിലും വെറുതേ മറിച്ചുനോക്കി.

സേവനം കൊണ്ട് ആതുരമായ ഹൃദയത്തിന്റെ വിങ്ങലുകള്‍ക്ക് മതിലിനപ്പുറത്തുനിന്നും വരുന്ന സ്കൂള്‍ ബഹളങ്ങള്‍ മാത്രമായിരിക്കുന്നൂ ആശ്വാസം!

അധികം നില്‍ക്കാതെ,ആ പാദങ്ങളെസ്പര്‍ശിച്ച് ഞാന്‍ പടിയിറങ്ങി.കാലമേറെച്ചെല്ലും മുന്‍പേ “ഹോ..ഹോ..ഹോ..”വിളികളില്ലാതെ അദ്ദേഹവും!

ഇപ്പോള്‍ ഓര്‍മ്മകളുടെ നീണ്ട വരാന്തയുടെ അങ്ങേയറ്റത്ത് അഴുക്കുപുരണ്ട ഷര്‍ട്ടുമിട്ട് അദ്ദേഹം നിവര്‍ന്നുനില്‍ക്കുന്നു.സ്നേഹം ആവോളം വിളമ്പിയ ആ ശബ്ദം ചെറിയമുഴക്കമായി എനിക്കിപ്പോഴും കേള്‍ക്കാം...

“എല്ലാവര്‍ക്കും കിട്ടിയാ..?!!”

“കിട്ടി സാര്‍!പക്ഷേ ഞങ്ങള്‍ ഒന്നും തിരിച്ചുതന്നില്ലല്ലോ?!”


ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണോ
ഗുരുര്‍ ദേവോ മഹേശ്വരാ
ഗുരുര്‍ സാക്ഷാത് പരബ്രഹ്മാ
തസ്മൈ ശ്രീ ഗുരവേ നമ:


********************************************************************************
സുഹൃത്തുക്കളേ...
ഈ സ്മരണ “ഇന്ദുലേഖ”യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അവിടെയും വായിക്കാം.
ഇന്ദുലേഖക്കും വായനക്കാര്‍ക്കും നന്ദി!!
സസ്നേഹം
ഹരിയണ്ണന്‍