

(ചിത്രം ഈ ബ്ലോഗിനു സ്വന്തം;വര: ശ്രീ.സന്ദീപ്,ഒരു സുഹൃത്ത്.
കഥാപാത്രങ്ങള്‍ വ്യാജമല്ല; ചില പേരുകള്‍ മാത്രം !)
സ്കൂള്‍ അസംബ്ലി കഴിഞ്ഞ് ക്ലാസിലെത്തിയാല്‍ തൊട്ടടുത്തുള്ള പബ്ലിക് മാര്‍ക്കറ്റിനോട് ഞങ്ങള്‍ ബഹളം വച്ച് മത്സരിക്കും.ശ്രദ്ധിച്ചാല്‍ ഒരു കടലിന്റെ ഇരമ്പല്‍!ചെവിയോര്‍ത്താല്‍ ചില ശബ്ദങ്ങളെ വേറിട്ടുകേള്‍ക്കാം!
സ്കൂളിന്റെ പുതിയ മൂന്നുനിലക്കെട്ടിടത്തിന്റെ നടുഭാഗത്ത് ആപ്പീസും അതിന്റെ വലത്തേമൂലയില്‍ മൂത്രപ്പുരയുടെ രൂക്ഷഗന്ധം വലിച്ചുകേറ്റിക്കൊണ്ട്, ഞങ്ങള്‍ പത്തന്‍പത് പിള്ളാര് തലകുത്തിമറിയുന്ന X-B യും!
മിക്കവാറും ആദ്യ ഒരു മണിക്കൂര്‍ ഉത്സവമായിരിക്കും.കാരണം..ഇംഗ്ലീഷ് സാര്‍ വരാറില്ലെന്നതുതന്നെ!ക്ലാസിലെന്നല്ല,പുള്ളി സ്കൂളിലേ വരില്ല;സ്കൂളില്‍ വന്നാലും ഏറിയാല്‍ സ്റ്റാഫ് റൂം വരെ!
പിള്ളാര്‍ക്കും അതില്‍ സന്തോഷമേയുള്ളൂ..
അന്ന്..പതിവില്ലാതെ ആപ്പീസിനടുത്തുള്ള ക്ലാസ് മുറികളില്‍ നിന്ന് ആരവം നിലക്കുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു.ഡെസ്കിന്റെയും ബഞ്ചിന്റെയും മുകളില്‍ നിന്നൊക്കെ ചാടിമറിഞ്ഞ് ഓരോരുത്തരും അവനവന്റെ ഇരിപ്പിടങ്ങളിലേക്ക് നിശബ്ദം പാഞ്ഞു.നെഞ്ചിടിയുടെ വേഗം കൂടി....നമ്പ്യാര്‍ സാര്‍ വരുന്നുണ്ട്!
ആറടിപ്പൊക്കത്തില് കൊന്നത്തെങ്ങുപോലെ ഉയര്‍ന്ന്, തലയും മുതുകും ചോദ്യചിഹ്നത്തിന്റെ തലപ്പുപോലെ വളച്ച്, കയ്യില്‍ ചെമന്ന ചൂരല്‍ വടിയുമായി സാര്‍ ക്ലാസിലേക്ക് വരുന്നു.സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ദത സൃഷ്ടിക്കുന്നതിന് അദൃശ്യമായ എന്തുനിര്‍ദ്ദേശമാണ് ഞങ്ങള്‍ പരസ്പരം കൈമാറിയിരുന്നതെന്നറിയില്ല!
ഞങ്ങളുടെ ഹൃദയമിടിപ്പിനോളം വേഗം സാറിന്റെ നടത്തത്തിനില്ല!വാതില്ക്കലെത്തി ആടിയുലയുന്ന മരം പോലെ സാറൊന്ന് നില്ക്കും.പിന്നെ,തലേനാളിലെ മദ്യത്തിന്റെ മണം ക്ലാസ്മുറിയിലെ നിശ്വാസങ്ങളിലേക്ക് പകര്‍ന്ന് അകത്തേക്ക്!പഠിപ്പിക്കേണ്ടത് ഇംഗ്ലീഷ് ആണെന്നും പഠിപ്പിക്കുന്നത് പത്താം ക്ലാസുകാരെയാണെന്നും അറിയാമെന്നതിനുപരി സിലബസിനെക്കുറിച്ചോ തന്റെ മുന്നിലിരിക്കുന്ന ഭാവി‘ഷെല്ലി’കളെക്കുറിച്ചോ അദ്ദേഹത്തിന് വേവലാതികളില്ലായിരുന്നു!
അറ്റന്റന്‍സ് എന്ന ചടങ്ങിനുശേഷം ക്രമപ്പട്ടികയില്‍ സാര്‍ ഒന്നും എഴുതിച്ചേര്‍ക്കുക പതിവില്ല!അതുകൊണ്ട് ഒരു പൊതുചോദ്യവും തുടര്‍ന്നുള്ള തല്ലുകളുമായി ഒരുമണിക്കൂര്‍ അവസാനിപ്പിക്കേണ്ടതുണ്ട്!
“ഷേക്സ്പിയറിന്റെ നാടകങ്ങളേതൊക്കെയെന്നു പറയ്...!!”ഉയരം ദൌര്‍ബല്യമായതുകൊണ്ട് മുന്‍ബഞ്ചിലിരിക്കേണ്ടിവന്ന ബിനുവിനോടായിരുന്നു ചോദ്യം!ഷേക്സ്പിയര്‍ക്ക് ഇഷ്ടംപോലെ നാടകമെഴുതാന്‍ സമയം കിട്ടിയിരുന്നതുകാരണം എല്ലാര്ക്കും ഒന്നോരണ്ടോ വീതം പറയാനുംവേണ്ടി ഉണ്ടായിരുന്നു!
സിജുവിന്റെ ഊഴമെത്തി;തടിച്ചുവരണ്ട ചുണ്ടുകളില്‍ ചെറിയവിറയല്‍ പടരുന്നതും മുഷിഞ്ഞ മെറൂണ്‍ നിക്കര്‍ മുറിയുന്നതിനുകീഴെ ശുഷ്കിച്ചകാല്‍മുട്ടുകള്‍ കൂട്ടിമുട്ടുന്നതും എനിക്കുകാണാം.ക്ഷീണിച്ചുകുഴിഞ്ഞകണ്ണുകള്‍ ഒട്ടും കരുണപ്രതീക്ഷിക്കാതെ നമ്പ്യാര്‍ സാറിന്റെ മുഖത്തേക്കുറക്കാന്‍ പാടുപെടുന്നു.അവന് എഴുന്നേറ്റു...
“നീ പറയടാ...ഷേക്സ്പിയറിന്റെ നാടകങ്ങളേതെക്കെ?!”
ആസ് യു ലൈക് ഇറ്റ്,ദ കോമഡി ഓഫ് ഇറേഴ്സ്,മെഷര്‍ ഫോര്‍ മെഷര്‍,സിംബലൈന്‍..തുടങ്ങി ഓള് ഈസ് വെല്‍ ദാറ്റ് എന്‍ഡ്സ് വെല്‍(പ്രതീകാത്മകമായിട്ട്!) വരെ ഞങ്ങള്‍ കേട്ടതും കേള്‍ക്കാത്തതുമായ പേരുകള്‍ നിരത്തിയിട്ടും പരാജിതന്റെ മുഖഭാവം വിടാതെ അവന് അങ്ങനെ നിന്നു!!
ഒരു ഒഥലോ പറഞ്ഞ എനിക്കും, ഒന്നും രണ്ടും പേരുകള്‍ ഓര്‍ത്തെടുത്തുപറഞ്ഞ മറ്റുപലര്‍ക്കും, ഒന്നും പറയാതെ വിറച്ചുകൊണ്ട് എഴുന്നേല്ക്കുകയും ഇരിക്കുകയും മാത്രം ചെയ്ത ശ്രീജിത്തിനെപ്പോലുള്ള മിടുക്കന്മാര്ക്കും മുന്നില്‍ അവന് പ്രതിഭയോടേ അങ്ങനെ നിന്നു..!
“കഴിഞ്ഞോ?!” ഇനിയുമെന്തൊക്കെയോ ബാക്കിയുണ്ടെന്ന് ഞങ്ങള്‍ക്കപ്പോഴും തോന്നിയിരുന്നില്ല!
സിജുവിന്റെ ഓര്‍മ്മകളുടെ സ്റ്റേജില്‍ ഷേക്സ്പിയര് നാടകങ്ങളോരോന്നായി പിന്നെയും അരങ്ങേറി!
ആ വലിയ ലിസ്റ്റിന്റെ ഏതോവക്കില്‍തട്ടി അവന്റെ വാക്കുകള്‍ വിറയാര്‍ന്ന് മുറിയുമ്പോഴേക്കും സാറിന്റെ കൈകള്‍ അവന്റെ മെലിഞ്ഞ കൈകളെ വിഴുങ്ങിയിരുന്നു!
പിന്നെ ക്ലാസ്മുറിയുടെ ചെറിയ ആകാശത്തില്‍ സാറിന്റെ ചൂരല്‍ നിരവധിവട്ടം ഉയര്‍ന്നുതാണു!സിജുവിന്റെ കറുത്തുചുളിഞ്ഞകാല്‍വണ്ണകള്‍ ചോരയിറ്റിക്കുന്നതുകണ്ടിട്ടും ഇരുട്ടുകയറിയ മനസ്സുമായി സാര്‍ എന്തൊക്കെയോ ആക്രോശിച്ചു!ഒടുവില്‍ ആന പാപ്പാനെ എറിയുന്നലാഘവത്തോടെ അവനെ ബഞ്ചിലേക്ക് വലിച്ചെറിഞ്ഞിട്ട് അദ്ദേഹം പറഞ്ഞു:“നിങ്ങളാരും ഇത് പറഞ്ഞില്ലെങ്കില്‍ എനിക്ക് മനസ്സിലാവും!പക്ഷേ,ഇവനുഞാനിതെല്ലാം വീട്ടില്‍ വച്ച് പഠിപ്പിച്ചുകൊടുത്തതാണ്!എന്നിട്ടും ഓര്‍ത്തുപറയാന്‍ പറ്റിയില്ലെങ്കില്‍ തല്ലിക്കൊല്ലും!!”
എന്തോ വലിയ നന്മചെയ്ത സംതൃപ്തിയോടെ നമ്പ്യാര്‍ സാര്‍ കളമൊഴിഞ്ഞയുടെനേ, ഡെസ്കിലേക്ക് കമിഴ്ന്നുവീണുകരയാന്‍ തുടങ്ങിയ സിജുവിനടുത്തേക്ക് എല്ലാവരും ഓടിയെത്തി!അകൃത്രിമമായ ആശ്വാസവാക്കുകള്‍ക്ക് പഞ്ഞം നേരിടുന്ന മുഖങ്ങളോടെ അവന്റെ തോളില്‍തട്ടി!
“സിജൂ..!!”മുറിവേറ്റ മനസ്സോടെ അവന് നിവര്‍ന്നു!
“ഹും...വീട്ടില്‍ വച്ച് പഠിപ്പിച്ചെന്ന്!അപ്പനായതുകൊണ്ട് അങ്ങനെ ചെയ്യണംന്നറിയാം;ചെയ്തിട്ടില്ല!ഇന്നുവരെ ഞാന്‍ ഉണ്ടോ പഠിച്ചോന്നയാളന്വേഷിച്ചിട്ടില്ല!പറഞ്ഞതുകേട്ടില്ലേ..പഠിപ്പിച്ചുപോലും!”
“പോട്ടെടാ..അച്ഛനല്ലേ!!”
വിഷാദമുദ്രിതങ്ങളായ ഇടവേളകളിലൊന്നില്‍ അവന് എന്നോടുപറഞ്ഞു:“അച്ഛന് ശമ്പളം മേടിക്കുന്ന ദിവസം വൈകിട്ട് പുള്ളി ബാറില്‍ കേറുമ്പോ ഞാന്‍ വെളീല് നില്ക്കും.വീട്ടിലോട്ട് നടക്കുമ്പോ പുള്ളി അറിയാതെ ഞാന്‍ പിന്നിലൂടെ നടക്കും.ഇടക്കിടക്ക് പോക്കറ്റീന്നും കയ്യീന്നുമൊക്കെ കൊഴിഞ്ഞുവീഴുന്ന നോട്ടുകള്‍ പെറുക്കും!അതു മാറ്റിവച്ചിട്ടുവേണം വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍!”
അദ്ധ്യാപകനെന്ന നിലയിലും അപ്പനെന്ന നിലയിലും നിരുത്തരവാദിയായ നമ്പ്യാര്‍സാറിന്റെ വീട്ടില്‍ സിജുവിനോടൊപ്പം ഞങ്ങള്‍ മൂന്നാളുകള്‍ എന്നും ഉച്ചക്കുപോകും.അവന്റെ വീട്ടിലെ തണുത്തതറയില്‍ നിരന്നിരുന്ന് ഞങ്ങള്‍ സ്വന്തം വീടുകളില്‍ നിന്നും കൊണ്ടുവന്ന പൊതിച്ചോറുകള്‍ അഴിക്കും.അവന്റെ അമ്മ ഞങ്ങള്‍ കഴിക്കുന്നതും നോക്കിവാതില്‍ക്കല്‍ നില്ക്കും!എല്ലാവരും കറികള്‍ പരസ്പരം പങ്കുവക്കും!ഒടുവില്‍ സ്നേഹവും ചോറുമുണ്ട് നിറയുമ്പോള്‍ അമ്മ വന്ന് പൊതികളെല്ലാം എടുത്തുമാറ്റി തറ വൃത്തിയാക്കും!
ആരും ഉണ്ടുകഴിഞ്ഞ് എച്ചില് പെറുക്കരുതെന്ന് അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്!എനിക്കാണെങ്കില്‍ അവന്റെ അമ്മയെക്കൊണ്ട് എന്റെ എച്ചില് വാരിക്കാന്‍ എന്തോ ഒരു വിഷമവും.ഒരു ദിവസം അടുക്കളയിലേക്ക് അമ്മ പോയനേരത്ത്, ഓര്‍ക്കാതെ പുറത്തുവീണ് ചാണകപ്പൊടിപറ്റിയവറ്റുകള്‍ വാരി ഞാന്‍ ഇലയിലെ ബാക്കിച്ചോറിലേക്കിട്ടതുകണ്ട് “അയ്യോ മോനേ...അതുവാരല്ലേ”എന്നുപറഞ്ഞ് അമ്മ ഓടിവന്ന് അതെടുത്തുകൊണ്ടുപോയി!
അന്ന് സ്കൂളിലേക്ക് മടങ്ങുമ്പോള്‍ ഞാന്‍ അതേക്കുറിച്ചോര്‍ത്ത് വിഷമിക്കുന്നതുകണ്ടിട്ടാവണം,അവന് പറഞ്ഞു:“ടാ..അമ്മ എന്തിനാണങ്ങനെ ചെയ്യണതെന്നറിയോ?”
“ഇല്ല!എന്താ?!”
“നിങ്ങളുബാക്കിവച്ചിട്ടുപോകണ ചോറാ എന്റെ അമ്മ എന്നും കഴിക്കണത്..!അതുകൊണ്ടാ...!!”അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു!
ഞാന്‍ പാഴാക്കിയ ഓരോ വറ്റിന്റേയും വില ആ കണ്ണീരില്‍ എഴുതിവച്ചിട്ടുണ്ടായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞനിമിഷം!!
ഞങ്ങള്‍ പിന്നെയും കുറേക്കാലം ആ പതിവുകള്‍ തുടര്‍ന്നുവെങ്കിലും എപ്പോഴോ അതുനില്‍ക്കുകയും ചെയ്തു!
കാലം ദാരിദ്ര്യത്തിന്റെ അരണ്ടവെളിച്ചം വിതറിനിന്ന ഏതോ ഒരു സന്ധ്യ കൂരിരുട്ടിലേക്ക് കൂപ്പുകുത്തിയനേരത്ത്, കുടിച്ചുലക്കുകെട്ട് വീട്ടിലേക്കുള്ള ഇടവഴിയിലൂടെ വരികയായിരുന്ന നമ്പ്യാര്‍ സാര്‍ വരിക്കപ്ലാവിന്റെ ചോട്ടില് കാലിടറിവീണു!സംഭവത്തിന്റെ സാധാരണത്തം കൊണ്ട് ആരും ചെന്നുവിളിച്ചില്ല!പിറ്റേന്ന് തണുത്തുറഞ്ഞ ശരീരം ആശുപത്രിയിലേക്കെടുക്കുമ്പോള്‍ ആ ഗുരുപാദങ്ങളില്‍ നിന്ന് കുറേ മാംസം ഉറുമ്പുകള്‍ ഭക്ഷിച്ചിരുന്നുവത്രേ!!